കാര്യസിദ്ധിക്ക് ഹനുമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസം ഇതാ
പി.എം. ബിനുകുമാർ
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി
കേരളത്തിലും തമിഴ്നാട്ടിലും ചില ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ഡിസംബർ 30 തിങ്കളാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമാൻ ജയന്തി ചൈത്രമാസത്തിലെ പൂർണ്ണിമയായ ചിത്രാപൗർണ്ണിമയ്ക്കാണ് – ഈ ദിവസം ഇത്തവണ മീനമാസത്തിൽ വരും – 2025 ഏപ്രിൽ 12 ന്. എന്നാൽ കേരളത്തിൽ ചിലർ ഹനുമദ് ജയന്തിയായി ആചരിക്കുന്നത് ധനു മാസത്തിലെ മൂല നക്ഷത്രമാണ്.
ശ്രീരാമജയം എന്ന ഒരൊറ്റ സ്തുതി കൊണ്ടുതന്നെ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ അഭീഷ്ടസിദ്ധിക്ക്
ഭജിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് ഹനുമദ് ജയന്തി. നമ്മുടെ സങ്കടങ്ങൾ ശ്രീരാമദാസനായ ഹനുമാൻ സ്വാമിയോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി തീർച്ചയായും ഫലമുണ്ടാകും. ആഞ്ജനേയ ഭക്തരെല്ലാം ഭഗവാന്റെ ജയന്തി മഹോത്സവം വഴിപാടുകളും ഭജനകളുമായി കൊണ്ടാടാൻ ധനു മാസത്തിലെ മൂലം നക്ഷത്ര ദിവസം ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് ഒഴുകും. കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചല ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മയെ നിഗ്രഹിക്കുന്ന ഗദയാണ്. ചിരഞ്ജീവിയായ ഹനുമാനെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്.
കേരളത്തിൽ ആലത്തിയൂർ, കണ്ണൂർ മക്രേരി, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയ സന്നിധികളിലും ധനുവിലെ മൂലം നക്ഷത്ര ദിവസമായ 2024 ഡിസംബർ 30 ന് ജയന്തി ആഘോഷം നടക്കും. കേരളത്തിലെ ഏറ്റവും പ്രധാന ഹനുമദ് സന്നിധിയായ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാൻ സ്വാമിക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഇത് അറിയപ്പെടുന്നു.
കണ്ണൂരില്‍ നിന്നും 18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം അതിശക്തമാണ്.
തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവ ക്ഷേത്രം ആണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടുത്തെ ഹനുമാൻ. ധനുമാസത്തിലെ മൂലം നക്ഷത്രത്തിന് എല്ലാ വർഷവും ഇവിടെ ഹനുമദ് ജയന്തി അതിഗംഭീരമായി ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകൾ ഉണ്ട്. ഏഴാം ദിവസം കളഭാഭിഷേകം, ഘോഷയാത്ര, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളുണ്ട്.
തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പൊതു പുഷ്പാഭിഷേകമാണ് ജയന്തി ആഘോഷത്തിന്റെ പ്രത്യേകത. അന്ന് അഷ്ടാഭിഷേകം, ദ്രവ്യകലശം, വട നിവേദ്യം, വടമാല, അപ്പം, അവിൽ നിവേദ്യം, ഇടിച്ചു പിഴിഞ്ഞ പായസം, അരവണ, വിശേഷാൽ പാൽപായസം, പഞ്ചാമൃതം, അവിൽ പന്തിരുന്നാഴി നിവേദ്യം തുടങ്ങിയ വഴിപാടുകൾ ഉണ്ടാകും. നെൽപ്പറ, അവിൽ പറ, ഉഴുന്ന പറ എന്നിവ നടത്താൻ സൗകര്യം കാണും. ഡിസംബർ 30 ന് രാത്രി 7:30 നാണ് പൊതു പുഷ്പാഭിഷേകം.
ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ എറ്റവും വലിയ വിഗ്രഹമുള്ളത്. 18 ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണ് ഇവിടെയുള്ളത്. ഡിസംബർ 30 നാണ് ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ ആഞ്ജനേയ ജയന്തി ആഘോഷം. അന്ന് പുലർച്ചെ 5ന് ശ്രീരാമന് അഭിഷേകം നടക്കും
പി.എം. ബിനുകുമാർ,
+919447694053
Story Summary: 2024- 25 Hanuman Swami Jayanthi Festival in Kerala and Tamil Nadu
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved