Sunday, 6 Oct 2024
AstroG.in

21 കറുക കൊണ്ട് ഗണപതിയെ പുജിച്ചാൽ ആഗ്രഹം സഫലമാകുന്നതിന്റെ രഹസ്യം

ഡോ. രാജേഷ്

സർവവിഘ്ന നിവാരകനായ ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പൂജാദ്രവ്യം കറുകയായി മാറിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഈ കഥയിലെ നായകൻ ഭഗവാൻ ഗണശൻതന്നെയാണ്. പ്രതിനായകനാകട്ടെ ദുഷ്ടനായ അനലാൻ എന്ന അസുരനും. ഒരിക്കൽ അനലാസുരന്‍ സ്വര്‍ഗ്ഗ ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഈ അസുരന്റെ നേത്രങ്ങളില്‍ നിന്നും പ്രവഹിച്ച അഗ്നിയിൽ എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാട് രൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ താപം ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ തപിച്ചു. ഇതില്‍ നിന്നും സംരക്ഷണം നല്‍കാൻ ചന്ദ്രന്‍ ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ താമര കൊടുത്തു. ശിവന്‍ ഉദരത്തിന് ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്‍കി. ദേവന്മാർ നിരവധി ദ്രവ്യങ്ങൾ
കൊണ്ട് അഭിഷേകം ചെയ്തു. എന്തെല്ലാം ചെയ്തിട്ടും ഒരു ഫലവും ഉണ്ടായില്ല.

അവസാനം പെരുവിരലിന്റെ മാത്രം വലിപ്പമുള്ള മഹാതപസ്വികളായ ബാലഖില്യന്മാർ എന്ന് അറിയപ്പെടുന്ന മുനിമാർ 21 കറുക നാമ്പുകൾ കൊണ്ട് ഗണേശന് അർച്ചന ചെയ്തു. അതിന്റെ ഫലമായി ഗണേശന്റെ താപം ശമിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു. സന്തുഷ്ടനായ ഗണപതി ആരാണോ തന്നെ കറുക കൊണ്ട് പൂജിക്കുന്നത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കപ്പെടും എന്ന് മുനിമാരെ അനുഗ്രഹിച്ചു. അന്നുമുതലാണ് ഗണപതിക്ക് കറുക ഏറ്റവും പ്രിയപ്പെട്ടതായത്. ഗണപതി പൂജയിൽ
21 എന്ന സംഖ്യയ്ക്ക് പ്രാധാന്യമുണ്ടായത്.

ദുർവാദളം എന്നാണ് സംസ്‌കൃതത്തിൽ കറുക അറിയപ്പെടുന്നത്. പൂവില്ലാത്ത കറുകയാണ് പുജയ്ക്കെടുക്കുന്നത്. കറുക ഒറ്റസംഖ്യയിൽ നുള്ളിയെടുക്കണം. അത് ഒറ്റക്കെട്ടാക്കി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കിയ ശേഷം ഗണപതിയെ പൂജിക്കണം. ഗണപതിയുടെ പാദത്തിൽ നിന്നും തുടങ്ങി കഴുത്തറ്റം വരെ കറുക കൊണ്ടു മൂടുന്നത് അതിവിശിഷ്ടമാണ്. കറുകയിലൂടെ ശിവ, ശക്തി, ഗണപതി പ്രീതി ലഭിക്കും. ഗണപതിഹോമത്തിനും ഗണേശന് ഹാരം, അർച്ചന എന്നിവയ്ക്കും കറുക വളരെയേറെ പ്രധാനമാണ്.

ഗണപതി ക്ഷേത്ര ദർശനം നടത്തുന്നവർ സമർപ്പിക്കേണ്ട പ്രധാന ദ്രവ്യങ്ങളിലൊന്ന് കറുകയാണ്. ഗണപതി ഹോമം, മൃത്യുഞ്ജയഹോമം മുതലായവയിൽ കറുക ഉപയോഗിക്കാറുണ്ട്. കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ ശമിക്കാൻ ക്ഷേത്രങ്ങളിൽ കറുകഹോമം നടത്താറുണ്ട്. രോഗശാന്തിയും ആരോഗ്യസിദ്ധിയുമാണ് കറുക പൂജ, ഹോമം മുതലായവയുടെ ഫലം. മുക്കുറ്റിയും ഗണപതിക്ക് പ്രിയപ്പെട്ടതാണ്. വശ്യതയാണ് മുക്കുറ്റി ഗണപതി ഭഗവാന് സമർപ്പിക്കുന്നതിന്റെ ഫലം.

ഡോ.രാജേഷ്, കഴക്കൂട്ടം91 9895502025

error: Content is protected !!