Saturday, 23 Nov 2024
AstroG.in

21 ദിവസം കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ ദുരിതമകന്ന് അഭീഷ്ട സിദ്ധി

കൂവളത്തില കൊണ്ട് 21 ദിവസം തുടർച്ചയായി ശിവഭഗവാന് അർച്ചന നടത്തിയാൽ രോഗ ദുരിതങ്ങൾ അകന്ന് മന:സമാധാനം ലഭിക്കും. ആഗ്രഹ സാഫല്യത്തിനും ഈ വഴിപാട് നല്ലതാണ്. മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, പാൽ, ഇളനീർ അഭിഷേകം തുടങ്ങിയവ മഹാദേവന് നടത്തുന്നത് എല്ലാത്തരത്തിലുള്ള ഭീതികളും അകറ്റുന്നതിനും അഭീഷ്ട സിദ്ധിക്കും ഉത്തമമാണ്. ദാമ്പത്യദുരിതം, വിവാഹതടസം എന്നിവ പരിഹരിക്കാൻ ഉമാമഹേശ്വര പൂജയും തിങ്കളാഴ്ച വ്രത്രവും പിൻവിളക്കും ഫലപ്രദമാണ്.

ജീവിതദുഃഖങ്ങൾ ഹരിക്കുന്ന ദേവനാണ് മഹാദേവൻ. ശിവപൂജ ചെയ്താൽ പരിഹരിക്കാത്ത ദോഷങ്ങളില്ല എന്നാണ് വിശ്വാസം. രോഗദുരിതങ്ങളും ആയുർ ദോഷങ്ങളും വേട്ടയാടുമ്പോൾ അതിൽ നിന്നും മുക്തി നേടാൻ ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് ശിവാരാധന. പക്ഷേ ശിവപൂജ ചെയ്യുമ്പോൾ ഭക്തിയും ശ്രദ്ധയും ഒരുപോലെയുണ്ടെങ്കിലേ പ്രാർത്ഥനകൾ വേഗം ഫലിക്കൂ. ജാതകദോഷങ്ങൾ, ദശാസന്ധി ദുരിതങ്ങൾ, ബാധകൾ എന്നിവ പരിഹരിക്കാനും ശിവപ്രീതിയാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. പഞ്ചാക്ഷരി, മൃത്യുഞ്ജയ മന്ത്രം തുടങ്ങിയവ പതിവായി നിഷ്ഠയോടെ ജപിച്ച്, യഥാശക്തി ജല ധാര മുതലായ വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ ശിവപ്രീതി നേടാം. ശിവക്ഷേത്ര ദർശനത്തിന് മൂന്ന് പ്രദക്ഷിണമാണ് വേണ്ടത്. കുളിച്ച് ശുദ്ധമായി ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലുള്ള ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകരെ ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി അകത്ത് കടക്കണം. ആദ്യം തൊഴേണ്ടത് മഹാദേവന് മുന്നിലെ നന്തികേശനെയാണ്. തുടർന്ന് ശ്രീകോവിലിന്റെ ഇടത് ഭാഗത്ത് നിന്ന് ഭഗവാനെ കൈകൂപ്പി വണങ്ങണം. വീണ്ടും നന്തിയെ തൊഴുത ശേഷം ശ്രീകോവിലിന് പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി താഴികക്കുടം നോക്കി തൊഴണം. എന്നിട്ട് നന്തിയുടെ പിന്നിലൂടെ ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി തൊഴുത ശേഷം ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുതിട്ട് വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിച്ചാൽ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തിയെ നാല് പ്രാവശ്യവും, ശിവഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം. ഒരു കാരണവശാലും ഓവ് മുറിച്ച് കടക്കരുത്. ഭഗവാന്റെ പിന്നിൽ പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം. അതുകൊണ്ടാണ് ദേവിയെ സങ്കൽപ്പിച്ച് പിൻവിളക്ക് കൊളുത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ പിൻവിളക്ക് കൂടി നടത്തണം. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്.

നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ. ശിവന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും. ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി എന്നാണ് വിശ്വാസം. ഒരു കൂവളത്തില സമർപ്പിച്ചാൽ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കുമെന്നാണ് പ്രമാണം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.

പഞ്ചാക്ഷരി മന്ത്രം
ഓം നമഃ ശിവായ

മൃത്യുഞ്ജയ മന്ത്രം
ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവ്വാരുക മിവ ബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാത്

ശിവപഞ്ചാക്ഷരസ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചർച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാർ‌ച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Significance and Benefits of Shiva Pooja

error: Content is protected !!