Friday, 22 Nov 2024
AstroG.in

21 ദിവസം പിന്‍വിളക്ക് നെയ്യ് കൊണ്ട് തെളിച്ചാല്‍ ദാമ്പത്യ സൗഖ്യം, കുടുംബത്തില്‍ ഐശ്വര്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശിവക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിന്‍വിളക്ക്. പിന്‍വിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യം ഉണ്ട്. ഇത് ശ്രീപാര്‍വ്വതീ ദേവിക്കുവേണ്ടി എന്നാണ് സങ്കല്പം.

ശിവക്ഷേത്രദര്‍ശനത്തിന്റെ പൂര്‍ണ്ണഫലം ലഭിക്കണമെങ്കില്‍ പാര്‍വ്വതീദേവിക്ക് പിന്‍വിളക്ക് വഴിപാട് കൂടി നടത്തണം. ശിവ ഭഗവാനൊപ്പം പാർവ്വതിദേവിക്ക് പ്രത്യേകം പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിൽ പിൻവിളക്ക് അല്ലെങ്കിൽ പുറകുവിളക്കിൽ ദേവിയെ സങ്കല്പിച്ച് പൂജിക്കുന്നു. ഈ വിളക്കിന് പിന്നിലായി 8, അല്ലെങ്കിൽ 16 കണ്ണാടികൾ പുഷ്പാകൃതി വരത്തക്ക വിധത്തിൽ ചേർത്ത ഒരു കണ്ണാടി സ്ഥാപിക്കും. പിൻവിളക്ക് തെളിയുമ്പോൾ കണ്ണാടിയിൽ എണ്ണിയാലൊടുങ്ങാത്ത ദീപങ്ങൾ പ്രതിഫലിക്കുന്നു. ഈ കണ്ണാടിയിൽ തെളിയുന്ന അസംഖ്യം ദീപങ്ങൾ പോലെ നമ്മുടെ പ്രാർത്ഥനകൾക്കും അനന്തമായ ഫലം ലഭിക്കും എന്ന് വിശ്വസിക്കുന്നു. ദാമ്പത്യ ഐക്യം, മംഗല്യ സിദ്ധി, വിവാഹ ജീവിതത്തിലെ താളപ്പിഴകളിൽ നിന്നുള്ള മോചനം എന്നിവയാണ് പിൻ വിളക്ക് വഴിപാട് നടത്തിയാലുള്ള ഗുണങ്ങൾ. ശിവന്റെയും പാർവതി ദേവിയുടെയും കൃപാകടാക്ഷം ഈ വഴിപാടിലൂടെ ഒന്നിച്ചു ലഭിക്കും. ശാരീരികമായ ബുദ്ധിമുട്ടുകൾ, മാനസിക സമ്മർദ്ദങ്ങൾ, ശത്രു ദോഷങ്ങൾ എന്നിവ പരിഹരിക്കുന്നതിനും പിൻവിളക്ക് വഴിപാട് വളരെ ശ്രേഷ്ഠമാണ്. ഇരുപത്തിയൊന്ന് ദിവസം തുടര്‍ച്ചയായി പിന്‍വിളക്ക് നെയ്യ് കൊണ്ട് തെളിച്ചാല്‍ ദാമ്പത്യ സൗഖ്യം, കുടുംബത്തില്‍ ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.

സര്‍വ്വഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നാഥനായ മഹാദേവന്റെയും അനുഗ്രഹമുണ്ടെങ്കിൽ തീരാത്ത ദുരിതങ്ങളും ദു:ഖങ്ങളും വരെ മാറിക്കിട്ടും എന്നു വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി, ആദിത്യന്‍, രാഹു, പക്ഷബലമില്ലാത്ത ചന്ദ്രന്‍ എന്നീ ഗ്രഹദോഷങ്ങളുടെ ദശാപഹാരകാലങ്ങളില്‍ പതിവായി മഹാദേവനെ ഭജിക്കുകയാണെങ്കില്‍ എത്രയും വലിയ ദോഷവും അകന്നു പോകും.

പിൻവിളക്ക് വഴിപാട് നടത്തുന്നതിനൊപ്പം ആ ദിവസം കഴിയുന്നത്ര പഞ്ചാക്ഷര മന്ത്രം ജപിക്കുന്നതും ധാര നടത്തുന്നതും അതിവേഗം ആഗ്രഹസാഫല്യം നൽകും . നമഃ ശിവായ എന്നതാണ് പഞ്ചാക്ഷര മന്ത്രം. ഓം എന്നു കൂടി ചേര്‍ത്ത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം മന്ത്രം ജപിക്കുന്നത് എത്ര കടുത്ത ദോഷവുമകറ്റി കാര്യസിദ്ധിയേകും. ഗൃഹത്തിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലക, കരിമ്പടം, പായ എന്നിവയിൽ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം.

ശിവന് ഏറ്റവും പ്രിയങ്കരമായ ധാര ഭക്തർക്ക് ഇഷ്ട കാര്യസിദ്ധി നൽകുന്ന വഴിപാടാണ്. ശിവന് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ വഴിപാടാണിത്. ധാരക്കിടാരം എന്ന പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രങ്ങള്‍ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ സമ്പ്രദായം. ഇങ്ങനെ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലം കണക്കാക്കുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും. പിൻവിളക്ക് തെളിക്കുന്നതിന് ഒപ്പം ധാര കൂടി നടത്തിയാൽ വേഗം പ്രാർത്ഥനകൾ സഫലമാകും. സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Pinvilakku , Deepam in the backside of
Shiva Lingam Is considered very auspicious. This Vilakku represents Goddess Parvati Devi. Liting Pinvilakku using
gee for 21 days will bring prosperity in home

error: Content is protected !!