Thursday, 28 Nov 2024
AstroG.in

21 ദിവസം പിൻവിളക്ക് തെളിച്ചാൽ ദാമ്പത്യ സൗഖ്യം, ഐശ്വര്യം, പ്രണയസാഫല്യം

ജ്യോതിഷരത്നം വേണു മഹാദേവ്

ജഗത് പിതാവായ ഭഗവാൻ ശ്രീ പരമേശ്വരനെ ജഗത് ജനനിയായ ശക്തിയോടൊപ്പം ആരാധിച്ചാൽ എല്ലാ ദു:ഖദുരിതങ്ങളിൽ നിന്നും മോചനം നേടാം. ലൗകിക കർമ്മങ്ങളിൽ വ്യാപരിച്ച് ജീവിക്കുന്നവർ
നമ: ശിവായ എന്ന പഞ്ചാക്ഷരി ജപിക്കുമ്പോൾ പോലും ശക്തി ബീജമായ ഹ്രീം ചേർത്ത് ജപിക്കണം എന്നാണ് ആചാര്യ കല്പന. ശിവനു പോലും കർമ്മം ചെയ്യാൻ ശക്തി വേണമെന്ന് ശങ്കരാചാര്യ സ്വാമികളെ പരമശിവൻ ബോദ്ധ്യപ്പെടുത്തിയതും ആ ബോദ്ധ്യത്തിൽ ആചാര്യർ സൗന്ദര്യലഹരി രചിച്ചതും ചരിത്രമാണ്. ഓം ഹ്രീം നമ: ശിവായ എന്നോ ശക്തി കവചമായ ഹ്രീം ഓം ഹ്രീം നമ: ശിവായ എന്നോ ജപിക്കുന്നതാണ് കൂടുതൽ ഉത്തമമത്രേ.

ശിവക്ഷേത്രങ്ങിൽ പിൻവിളക്ക് തെളിച്ച്, പ്രാർത്ഥിക്കണമെന്ന് പല ആചാര്യന്മാരും ദോഷ പരിഹാരമായി നിർദ്ദേശിക്കാറുണ്ട്. പിൻവിളക്ക് പാർവ്വതി ദേവിയായിട്ടാണ് സങ്കല്പിക്കുന്നത്. 21 ദിവസം തുടർച്ചയായി പിൻവിളക്ക് തെളിച്ചാൽ പ്രണയസാഫല്യം, ദാമ്പത്യ സൗഖ്യം, കുടുംബ ഐശ്വര്യം എന്നിവയാണ് ഫലം. പ്രണയിക്കുന്നവർക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കാൻ പിൻവിളക്ക് തെളിയിക്കുന്നത് നല്ലതാണ്. ദേവന്മാരുടെ ദേവനായ ശിവഭഗവാൻ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്. ശിവകുടുംബത്തെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല. ദേവതാ സങ്കല്പത്തിൽ ശ്രേഷ്ഠമായതാണ് ശിവകുടുംബം. ശിവനും ശക്തിക്കും ഒപ്പം ഗണപതി, സുബ്രഹ്മണ്യൻ എന്നിവരെയും ചേർക്കുന്നതാണ് മാതൃകാ കുടുംബ സങ്കല്പം. ഏതു ദുർഘടമായ ദശാസന്ധിയെയും മറികടക്കാൻ ശിവ കുടുംബത്തെ ആരാധിക്കണം. മന:ശുദ്ധിയോടെ, ഓം ഹ്രീം നമശിവായ എന്ന ശക്തി പഞ്ചാക്ഷരി ഉരുവിടുമ്പോൾ ശിവ പാർവ്വതി ചൈതന്യത്തിന്റെ ദിവ്യമായ ശക്തി അനുഭവിച്ച് അറിയാൻ കഴിയും.

ശിവക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ധാര. ശിവലിംഗത്തിന് മുകളിൽ തൂക്കിയ പ്രത്യേക പാത്രത്തിൽ സുഷിരമുണ്ടാക്കി മൂന്നു ദർഭകൂട്ടിയുണ്ടാക്കിയ ചരടിലൂടെ ശിവലിംഗത്തിലേക്ക് ധാര ഇറ്റിച്ച് വീഴ്ത്തുന്നു. ഭഗവാന് ധാര നടത്തുന്നതും മൃത്യുഞ്‌ജയഹോമം, അർച്ചന നടത്തുന്നതും ആരോഗ്യരക്ഷയ്ക്കും രോഗമുക്തിക്കും ഉത്തമമാണ്.

ശിവഭഗവാനെ സന്തോഷിപ്പിക്കാൻ ഏറ്റവും പ്രധാനം ധാര വഴിപാടാണ്.

ജലധാര, ക്ഷീരധാര, ഘൃതധാര, മധുധാര , ഇളനീർ ധാര, ഇവ ഓരോന്നും ജ്യോതിഷ വിധിപ്രകാരം ഓരോരോ ഗ്രഹപീഢകൾക്കുമുള്ള പരിഹാരമാണ്. ഒരോരുത്തർക്കും പിറന്നാളിന് ശിവ ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ധാര. ധാര കഴിക്കുന്നതിനൊപ്പം മൃത്യുഞ്ജയ ഹോമവും നടത്തുന്നത് നല്ലതാണ്.

ശിവഭഗവാന്റെ ശിരസിലേയ്ക്ക് ആണ് ഗംഗ ആദ്യം പതിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അതു കൊണ്ട് ധാരാ ജലം ഗംഗാതീർത്ഥമായി വിശ്വാസികൾ കണക്കാക്കുന്നു. അഗ്നി കൊണ്ട് ചൂടുപിടിച്ച ശിവഭഗവാന്റെ ശിരസ് തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ധാര നടക്കുന്ന സമയം മുഴുവൻ ശക്തി പഞ്ചാക്ഷരി ജപിച്ച് ഭഗവാന്റെ ദർശനം നടത്തിയാൽ ആയുരാരോഗ്യസൗഖ്യവും കുടുംബക്ഷേമവും സമ്പത്തും ഉണ്ടാകും. സകല ദുരിതങ്ങളിൽ നിന്നും മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്.
പാലഭിഷേകവും ഇളനീർ അഭിഷേകവും നടത്തി വെറും വയറ്റിൽ സേവിക്കുന്നത് ഉത്തമാണ്.

പല ഉദരരോഗങ്ങൾക്കും ഇതിലൂടെ ശാന്തി ലഭിക്കും. സന്താന സൗഭാഗ്യത്തിനാണ് ഇളനീർ അഭിഷേകം നടത്തുന്നത്. മനോസുഖത്തിന് നെയ്യഭിഷേകവും ഭസ്മാഭിഷേകവും ഉദരരോഗശമനത്തിനും ബുദ്ധിശക്തിക്കും പനിനീർ അഭിഷേകവും ശരീരസുഖത്തിനും പാപനാശത്തിനും എണ്ണ അഭിഷേകവും ഉത്തമാണ്. ശനിദശ, കണ്ടകശനി, ഏഴര ശനി, തുടങ്ങിയ ശനിദോഷ പരിഹാരത്തിന് ശനിയാഴ്ചകളിൽ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമാണ്. നീലശംഖു പുഷ്പാർച്ചന നടത്തുന്നത് നല്ലതാണ്. തിങ്കളാഴ്ച വ്രതം പ്രണയസാഫല്യം, ദാമ്പത്യഐക്യം, കുടുംബ ക്ഷേമം എന്നിവയ്ക്ക് നല്ലതാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!