Friday, 10 Jan 2025
AstroG.in

ദാമ്പത്യ ഭദ്രതയ്ക്ക് തിരുവാതിര ; വ്രതം ശനിയാഴ്ച തുടങ്ങണം

മംഗള ഗൗരി
ശിവാരാധനയിലെ പ്രധാന ആഘോഷങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും ശിവരാത്രിയും. കുടുംബ ഭദ്രതയ്ക്കും ദാമ്പത്യ വിജയത്തിനും ശ്രീപരമേശ്വരന്റെ തിരുനാളായ തിരുവാതിര ആചരണം അത്യുത്തമമാണ്. ദാമ്പത്യ ബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത അനുദിനം വർദ്ധിക്കുന്ന ഇക്കാലത്ത് തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തിരുവാതിര നാൾ വ്രതം നോൽക്കുന്നത് സന്തോഷകരമായ കുടുംബ ജീവിതത്തിന് സഹായിക്കുക തന്നെ ചെയ്യും. ശിവപാർവതി പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ഈ വ്രതാനുഷ്ഠാനം.

ധനുമാസത്തിലെ തിരുവാതിര മാത്രം അല്ല എല്ലാ മാസത്തിലെ തിരുവാതിരയും വിശേഷമാണ്. ശിവപാർവ്വതി ഭജനമാണ് തിരുവാതിര ആചരണത്തിൽ പ്രധാനം. ലോകനാഥനായ മഹാദേവനെയും ശ്രീപാർവ്വതിയേയും വ്രതത്തോടെ പ്രാർത്ഥിക്കുകയാണ് വേണ്ടത്. 2025 ജനുവരി 13-ാം തീയതിയാണ് ഈ വർഷം തിരുവാതിര ആചരണം. ഉറക്കമൊഴിയുന്നതും പാതിരപ്പൂ ചൂടുന്നതും തലേദിവസമാണ്. ഇതിന് ജനുവരി 11 ശനിയാഴ്ച മുതൽ വ്രതം പാലിക്കണം. ജനുവരി 11, 12, 13 തീയതികളിൽ മത്സ്യമാംസാഭക്ഷണം ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് വ്രതം പിടിക്കണം. വ്രതവേളയിൽ ദിവസവും ശിവപാർവ്വതിക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. യഥാശക്തി പഞ്ചാക്ഷരി മന്ത്രം ചൊല്ലുക എന്നിവയാണ് വ്രതനിഷ്ഠകൾ. ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരിമന്ത്രം ജപിക്കുന്നതും നല്ലതാണ്. ജനുവരി 12 -ാം തീയതി രാത്രിയിലാണ് തിരുവാതിര കളിക്കേണ്ടത്. ദേവിദേവന്മാരുടെ കീർത്തനങ്ങൾ പാടി തിരുവാതിര കളിക്കുന്നത് ശിവപാർവ്വതി പ്രീതിക്ക് നല്ലതാണ്.

തിരുവാതിര വ്രതം
ജലപാനം പോലും കഴിക്കാതെയുള്ള ചിട്ടകളാണ് തിരുവാതിര വ്രതത്തിന് ഏറ്റവും ഉത്തമം. തലേന്നും പിറ്റേന്നും ഒരിക്കലൂണ് ആകാം. രാവിലെയും വൈകിട്ടും പഴവർഗ്ഗമോ ലഘുഭക്ഷണമോ കഴിക്കാം. തിരുവാതിര ദിവസം ഉപവാസം സാധിക്കാത്തവർക്ക് ഇതുപോലെ ഒരിക്കലൂണായും ആചരിക്കാം. പഞ്ചക്ഷരമന്ത്രമാണ് തിരുവാതിരയുടെ ഏറ്റവും പ്രധാനമന്ത്രം. അഹോരാത്രം, എപ്പോഴും ഓം നമഃ ശിവായ ജപിച്ചു കൊണ്ടിരിക്കുക. 2024 ജനുവരി 12 ശനിയാഴ്ച ആരംഭിച്ചാൽ തിരുവാതിരയുടെ പിറ്റേന്ന് ജനുവരി 13 ന് വ്രതം പൂർത്തിയാക്കുന്നതുവരെ നിരന്തരം മന്ത്രജപം ചെയ്യണം. ശിവ സഹസ്രനാമം, ശിവപുരാണം ഹാലാസ്യമാഹാത്മ്യം പാരായണം ചെയ്യുന്നതും നല്ലതാണ്. മൂന്ന് ദിവസം വ്രതം പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.

പ്രധാന ദിനങ്ങൾ, ആർദ്രാദർശനം

2025 ജനുവരി 11 ശനി:
വൈകിട്ട് എട്ടങ്ങാടി നിവേദ്യം
2025 ജനുവരി 12 ഞായർ:
രാവിലെ 11:26 മണി മുതൽ തിരുവാതിര
നക്ഷത്രത്തിൽ വ്രതം, വൈകിട്ട് തിരുവാതിരക്കളി, പാതിരാപ്പൂചൂടൽ
2025 ജനുവരി 13 തിങ്കൾ:
അതിപുലർച്ചെ ആർദ്രാ ദർശനം; പൗർണമിയും തിരുവാതിര നക്ഷത്രവും കൂടിച്ചേരുന്ന സമയത്താണ് ആർദ്രാ ദർശനം വേണ്ടത്.

2025 ജനുവരി 11 ശനിയാഴ്ച രാവിലെ മുതൽ ഒരിക്കൽ ആരംഭിക്കാം. 12 ന് ഞായറാഴ്ച പുലർച്ചെ മുതൽ ശുദ്ധമായിരിക്കണം. അന്ന് രാവിലെ 11:26 മണി മുതൽ തിരുവാതിര ആരംഭിക്കും. 13 ന് തിങ്കളാഴ്ച രാവിലെ 10:39 മണി വരെ തിരുവാതിര നക്ഷത്രം ഉണ്ടെങ്കിലും സൂര്യൻ അസ്തമിക്കും വരെ കർശനമായും വ്രതം എടുക്കണം.

അവിവാഹിതർക്ക് ഉത്തമ ഭർത്താവിനെ ലഭിക്കാനും മംഗല്യവതികൾക്ക് കുടുംബത്തിന്റെ ഭദ്രതയ്ക്കും
തിരുവാതിരവ്രതം ഉത്തമമാണ്. ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രവും ഓം ഹ്രീം നമഃ ശിവായ എന്ന ശക്തിപഞ്ചാക്ഷരി മന്ത്രവും ഉമാ മഹേശ്വര സ്തോത്രവും ശിവാഷ്ടോത്തരവും കഴിയുന്നത്ര ജപിക്കുകയും വേണം. ശിവസഹസ്രനാമവും ശിവപുരാണവും ഹാലാസ്യ മാഹാത്മ്യവും യഥാശക്തി കീർത്തനങ്ങളും പാരായണം ചെയ്യുന്നതും നല്ലതാണ്. ശിവാഷ്ടോത്തരം കേട്ട് ജപിക്കാൻ:


Story Summary: Date, Significance and Rules for Thiruvathira Vritham

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!