Tuesday, 1 Oct 2024
AstroG.in

6 ഷഷ്ഠിക്ക് തുല്യം സ്കന്ദഷഷ്ഠി; മകയിരം, ചിത്തിര നക്ഷത്രക്കാർ വ്രതം മുടക്കരുത്

സുബ്രഹ്മണ്യ പ്രീതി നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ് സ്കന്ദഷഷ്ഠി വ്രതം. ഇത്തവണ 2020 നവംബർ 20 വെള്ളിയാഴ്ചയാണ് ഇത്തവണ സ്കന്ദഷഷ്ഠി. ഈ വ്രതം എടുക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചമി (നവംബർ 19), ഷഷ്ഠി ദിവസങ്ങളിലെങ്കിലും വ്രതമെടുക്കണം.

കുടുംബസൗഖ്യത്തിനും സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ആചരിക്കുന്ന ഷ്ഷ്ഠിവ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് സ്കന്ദഷഷ്ഠിയാണ്. ദീര്‍ഘായുസ്സും സത്ഗുണങ്ങളും വിദ്യയുമുള്ള സന്താനങ്ങളുണ്ടാകാനും സന്താനങ്ങളുടെ സ്നേഹം ലഭിക്കാനും കുഞ്ഞുങ്ങളുടെ ശ്രേയസിനും അവരുടെ രോഗങ്ങള്‍ മാറാനും സ്കന്ദഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണ്. ഈ വ്രതാനുഷ്ഠാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ വരെ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നായി സ്കന്ദഷഷ്ഠി വ്രതത്തെ ആചാര്യന്മാർ
നിർവചിച്ചിട്ടുണ്ട്. ഇത് അനുഷ്ഠിക്കുന്നവർക്ക് ഭര്‍ത്തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. ഇഷ്ട ഭര്‍ത്തൃ യോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്. സ്കന്ദഷഷ്ഠി അനുഷ്ഠാനത്തില്‍ പ്രഥമ മുതൽ ആറു ദിവസം വ്രതമനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ശുക്ലപക്ഷ പ്രഥമ മുതൽ ഷഷ്ഠി വരെയുള്ള പ്രഭാതത്തിൽ വൃത്തിയോടെയും ശുദ്ധിയോടെയും ഭഗവദ് നാമങ്ങൾ ഉരുവിട്ട് ആഹാരരീതിയിൽ പൂർണ്ണ നിയന്ത്രണം വരുത്തി കഴിയണം. ഒരിക്കൽ വളരെ പ്രധാനമാണ്; അതായത് ഒരു നേരം മാത്രം അരി ആഹാരവും
മറ്റു സമയങ്ങളിൽ ലഘുഭക്ഷണവും.

സൂര്യോദയ ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. ഷഷ്ഠി ദിവസം വ്രതശുദ്ധിയോടെ സുബ്രഹ്മണ്യക്ഷേത്ര ദർശനവും വഴിപാടും നടത്തണം. ഉച്ചസമയത്തെ ഷഷ്ഠി പൂജ തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പടച്ചോറും ഉണ്ട് വ്രതം പൂർത്തിയാക്കണം. വൈകുന്നേരം സുബ്രഹ്മണ്യ ഭജനവും സ്തോത്രവും ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസിയിട്ട തീർത്ഥം സേവിച്ച് പാരണ വീട്ടണം.

ബ്രഹ്മാവിനെ നിന്ദിച്ചതിന്റെ പാപബോധം കാരണം സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ തിരിച്ചു കിട്ടുന്നതിനു വേണ്ടി അമ്മ ശ്രീപാര്‍വ്വതിദേവി 108 ഷഷ്ഠി വ്രതമെടുത്ത് ആഗ്രഹസാഫല്യം നേടിയതായും താരകാസുര നിഗ്രഹത്തിനുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ ഷഷ്ഠി വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിലുണ്ട്. പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഷഷ്ഠിവ്രതത്തിൽ തുലാമാസത്തിലെ കറുത്തവാവിന് ശേഷം വരുന്ന ഷഷ്ഠിക്കാണ് പ്രാധാന്യം. ആറു ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി എടുക്കുന്നത്. സർപ്പദോഷ നിവാരണത്തിനും സർവ്വദോഷ നിവൃത്തിക്കും ഷഷ്ഠിവ്രതം അനുഷ്ഠിക്കാറുണ്ട്. ചൊവ്വാദോഷമുള്ളവരും, മകയിരം, ചിത്തിര നാളുകാരും ഷഷ്ഠിവ്രതം പ്രത്യേകിച്ച് സ്കന്ദഷഷ്ഠി എടുക്കുന്നതും സുബ്രഹ്മണ്യഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്. ഒരു വർഷത്തെ ഷഷ്ഠി വ്രതാചരണം ആദ്യമായി തുടങ്ങേണ്ടതും സ്കന്ദഷഷ്ഠിയിലാണെന്ന് ആചാര്യമതം.

ഷഷ്ഠിവ്രതത്തെ ബന്ധപ്പെടുത്തി പുരാണത്തിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. ദേവാസുര യുദ്ധസമയത്ത് താരകാസുര നിഗ്രഹത്തിനായി സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ കൊണ്ടുവരാൻ
ദേവൻമാർ ഷഷ്ഠിവ്രതം എടുത്തതാണ് ഒരു കഥ.

ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠിനാള്‍ എന്നത് മറ്റൊരു ഐതിഹ്യം. സുബ്രഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ മറച്ചു കളഞ്ഞു. മകനെ കാണാതെ ആധി പൂണ്ട ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എല്ലാവര്‍ക്കും കാണാനായി. അവര്‍ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് ഭക്ഷണം കഴിച്ചു എന്ന് വിശ്വാസം. ഇതിന്റെ സ്മരണയായും ഷഷ്ഠിവ്രതത്തെ സങ്കല്പിപിക്കുന്നവരുണ്ട്.

എല്ലാവരേയും സുബ്രഹ്മണ്യ സ്വാമി
അനുഗ്രഹിക്കും – ഓം ശരവണ ഭവ:

വേണു മഹാദേവ്
+91 9847475559

error: Content is protected !!