Thursday, 9 May 2024
AstroG.in

61 നാൾ മാത്രം തുറക്കുന്ന ദ്രവ്യ പാറയിൽ ശിവരാത്രിക്ക് 24 മണിക്കൂർ ദർശനം

ജോക്സി ജോസഫ്
നെയ്യാർഡാമിൽ നിന്ന് 8 കിലോമീറ്റർ ദൂരെ വഴിച്ചാൽ അമ്പൂരിയിലുള്ള പ്രകൃതിദത്തമായ ഗുഹാക്ഷേത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേയുള്ള മഹാശക്തി സ്വരൂപമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം.

ഭൂമിയിലെ ഏറ്റവും പഴക്കമുള്ളത് പാറകളാണെന്നാണ് പറയുന്നത്. അത്തരം ശിലകളെ മഹാദേവനായി കരുതി പ്രാർത്ഥിച്ച് പ്രത്യക്ഷപ്പെടുത്തിയ മഹാസന്ന്യാസികളുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണിവിടം.

സമുദ്രനിരപ്പിൽ നിന്നും 170 അടി ഉയരെ മലമുകളിൽ മൂന്ന് ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നതാണ് പ്രകൃതിദത്തമായ ഈ ഗുഹാക്ഷേത്രം. ഗുഹയും കുളവും കാട്ടുമരങ്ങളും കാട്ടുപുല്ലുകളും നിറഞ്ഞ കാനനത്തിൽ ശിലയായി ജ്വലിക്കുന്ന ദക്ഷിണാമൂർത്തി ഭാവത്തിൽ തെക്കോട്ട് ദർശനമരുളുന്ന മഹാദേവൻ.
ഭഗവതിയും ഗണപതിയും നാഗരും ഉപപ്രതിഷ്ഠയായ പുണ്യപുരാതന ക്ഷേത്രം. ഈ പ്രതിഷ്ഠകളെല്ലാം മൂന്ന് വ്യത്യസ്ത ഗുഹകളിലായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
രാജകീയ കൽപടവുകളിൽ നിന്നാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്. മുകളിലെ പാറയിലേക്ക് കയറാനായി ഉണ്ടാക്കിയ നൂറിലധികം കൽപ്പടവുകൾ ഉണ്ടായിരുന്നിടത്ത് അവശേഷിക്കുന്നത് 72 എണ്ണമാണ്.

അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറെ പ്രത്യേകതയുള്ള കുന്നാണിത്. മുകളിലെ സമതല പ്രദേശത്ത് ഒരു ഭാഗത്ത് പാറകൾ എടുത്തു വച്ചതു പോലുളള ഗുഹ. അവിടെ എട്ട് പത്ത് പേർക്ക് വിശ്രമിക്കാം. തൊട്ടടുത്ത് മറ്റൊരു ഗുഹയുണ്ട്. ഈ ഗുഹയുടെ അറ്റം എവിടെ ചെന്ന് അവസാനിക്കുന്നു എന്ന് ആർക്കും അറിയില്ല. അത്യാവശ്യത്തിന് ശുദ്ധജലം ലഭിക്കുന്ന ഒരു ചെറുകുളവും ഇതിനകത്തുണ്ട്.

അഗസ്ത്യമുനി മുതൽ ബുദ്ധ സന്യാസികൾ വരെ ധ്യാനത്തിലിരുന്ന പാറയാണിത്. യാഗങ്ങൾ, യജ്ഞങ്ങൾ നടത്തിയ പാറയായതുകൊണ്ട് ഇവിടത്തെ ജലത്തിന് ദ്രവ്യാശം കൂടുതലാണത്രേ. എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട മാർത്താണ്ഡവർമ്മ മഹാരാജാവിനെ സുരക്ഷിതമായി ഒളിപ്പിക്കാൻ ആദിവാസികൾ തെരഞ്ഞെടുത്തത് ദ്രവ്യപാറയിലെ ഈ ഗുഹയായിരുന്നു. ഇതിനു വേണ്ടി തിടുക്കത്തിൽ പണിത പടവുകളാണ് ഇവിടെ കാണുന്ന കൽപ്പടവുകൾ.

വർഷത്തിൽ 61 ദിവസം മാത്രമെ ക്ഷേത്രത്തിൻ്റെ നട തുറക്കാറുള്ളൂ! ശിവരാത്രി ദിവസം മാത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം 24 മണിക്കുറും തുറന്നിരിക്കുന്നത്.

അന്നൂരിനെല്ല് കൊണ്ട് ഉണ്ടാക്കിയ പായസവും, വെറ്റിലയും അടയ്ക്കായും, നൂറും വച്ച് പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ലിവിടെ. അന്നൂരിനെല്ല് രാവിലെ കതിരിടും ഉച്ചയ്ക്ക് പാലു വരും വൈകിട്ട് മൂക്കൂം എന്ന് സങ്കല്പം. ശബരിമലയിലെ ഉൾക്കാടുകളിൽ നിന്നാണിത് ശേഖരിക്കുന്നത് എന്ന് പറയുന്നു.

ഓം നമഃ ശിവായ ഉരുവിട്ട് ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർക്ക് ധനാഗമനം, വിദ്യാ, ഉന്നതി വിനയം, ഈശ്വര ചൈതന്യവും എന്നിവ വന്നു ചേരുന്നു .

ഭസ്മാഭിഷേകം, എണ്ണ അഭിഷേകം, ധാര എന്നിവയാണ് വിശേഷാൽ വഴിപ്പാടുകൾ. വിദ്യാതടസ്സങ്ങൾ മാറുന്നതിന് മഹാദേവന് അഭിഷേകം ചെയ്ത പ്രസാദം ഉത്തമമാണ്.

ജോക്സി ജോസഫ്
+91 9495074921

Story Summary : Importance of Dravya Para Mahadev Cave Temple, Amboori near Neyyar Dam


error: Content is protected !!