അതിവേഗം സങ്കടമോചനം തരും ഈ തിങ്കളാഴ്ചത്തെ ആയില്യ പൂജ
ജ്യോതിഷരത്നം വേണു മഹാദേവ്
സർവദോഷപരിഹാരമാണ് എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന ആയില്യപൂജ.
അതുകൊണ്ട് തന്നെയാണ് ആയിരക്കണക്കിന് ഭക്തർ,
ഈ ദിവസം വഴിപാടുകളും പൂജകളും നടത്തി പ്രാർത്ഥിക്കാൻ നാഗ സന്നിധികളിൽ തടിച്ചു കൂടുന്നത്.
2024 ജൂലായ് 8 തിങ്കളാഴ്ചയാണ് മിഥുന മാസത്തിലെ ആയില്യം.
രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗശമനത്തിനും
മാനസിക പ്രയാസങ്ങൾ മാറുന്നതിനും വിദ്യാഭ്യാസ
സംബന്ധമായ തടസങ്ങൾ മാറുന്നതിനും മംഗല്യദോഷ
നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും
ഉദ്യോഗസംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനും ശത്രുദോഷ ശാന്തിക്കും മാസന്തോറും ആയില്യത്തിന് ക്ഷേത്രങ്ങളിൽ
ആയില്യപൂജ നടത്താവുന്നതാണ്. ജാതകത്തിലെ രാഹു ദോഷം മാറുന്നതിനും അത്യുത്തമമാണിത്.
സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും
നാഗാരാധന പോലെ ഫലപ്രദമായ ആരാധന വേറെയില്ല. കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് നടത്തുന്ന പൂജാദി കർമ്മങ്ങളാണ് ഏറ്റവും പ്രധാനമെങ്കിലും എല്ലാ മാസവും ഈ ദിവസം വഴിപാട് നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനമുണ്ടാകും.
നൂറുംപാലുമാണ് സർപ്പ ദേവതകൾക്കുള്ള പ്രധാന വഴിപാട്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ച് നൂറുംപാലും തർപ്പിക്കുന്നു. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള എല്ലായിടത്തും നൂറുംപാലും നേദിക്കാറുണ്ട്.
സർപ്പബലിയാണ് നാഗപ്രീതി നേടുന്നതിനുള്ള മറ്റൊരു
സുപ്രധാന മാർഗ്ഗം. ചെലവേറിയ ദോഷപരിഹാരകർമ്മം
ആയതിനാൽ അപൂർവ്വമായാണ് ഇത് നടത്തുക. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ല.
സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക,
അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്താറുണ്ട്.
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും തേനും സമർപ്പിക്കുന്നതും നാഗശാപമകറ്റും. കദളിപ്പഴം, ശർക്കര, വെള്ളച്ചോറ്, പാൽ പായസം, തെരളി, അപ്പം, അട എന്നിവയാണ് നാഗക്ഷേത്രങ്ങളിലെ മുഖ്യ നിവേദ്യങ്ങൾ.
തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ 108 തവണയും ഇനി പറയുന്ന 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതവും ജപിക്കണം. എല്ലാ സർപ്പദോഷവും
അകലും.
അഷ്ടനാഗ മന്ത്രം
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്
നവനാഗസ്തോത്രം
അനന്തം വാസുകിം ശേഷം പത്മനാഭശ്ച കംബളം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി നാഗശ്ച മഹാത്മനാം
സായംകാലേ പഠേന്നിത്യം പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി സർവ്വത്ര വിജയീ ഭവേൽ
നാഗരാജ അഷ്ടോത്തരം കേട്ട് ജപിക്കാൻ:
ജ്യോതിഷരത്നം വേണുമഹാദേവ്,
+91 8921709017
Story Summary: Significance of Midhuna Masa Aayilya Pooja