Friday, 10 Jan 2025
AstroG.in

അമാവാസിയിൽ ഭദ്രകാളിയെ ഭജിച്ചുതുടങ്ങൂ അതിവേഗം കാര്യസിദ്ധി നേടാം

മംഗള ഗൗരി

ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ഒരു ദിവസമാണ് മാസം തോറുമുള്ള കറുത്തവാവ് അഥവാ അമാവാസി.
2024 ഡിസംബർ 30 തിങ്കളാഴ്ച ധനുമാസത്തിലെ അമാവാസിയാണ്. ഈ ദിവസം വ്രതം നോറ്റ് ഭദ്രകാളി ക്ഷേത്ര ദർശനം, വഴിപാട് എന്നിവ നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം കാര്യസിദ്ധി ലഭിക്കും. അത്ഭുതശക്തിയുള്ള കാളീ മന്ത്രങ്ങൾ, ഭദ്രകാളി അഷ്ടോത്തരം എന്നിവ ജപിച്ചു തുടങ്ങാനും ഈ ദിവസം ഉത്തമമാണ്. അമാവാസിക്ക് പുറമെ ചൊവ്വ, വെള്ളി ദിവസം, ഭരണി നക്ഷത്രം എന്നിവയും കാളീപ്രീതി നേടാൻ നല്ലതാണ്. ധനുമാസത്തിലെ അമാവാസി വരുന്ന മൂലം നക്ഷത്ര ദിവസമായ ഡിസംബർ 30 നാണ് ഇത്തവണ കേരളത്തിലും തമിഴ് നാട്ടിലും മറ്റും ഹനുമദ് ജയന്തി ആഘോഷം. അതിനാൽ ഈ അമാവാസി ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്നതിനും ഉത്തമമാണ്.

പിതൃപ്രീതിക്കും ഗുണകരമായ വ്രതമാണ് അമാവാസി അഥവാ കറുത്തവാവ് വ്രതം. എല്ലാ മാസവും അമാവാസി വ്രതമെടുക്കാം. പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, പ്രാര്‍ത്ഥന എന്നിവ നടത്തുകയും വേണം. തീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും വിശേഷം. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. ബലിതര്‍പ്പണത്തിനും ഏറെ വിശേഷം. ദുർമരണം നേരിട്ടവരുടെ മോക്ഷത്തിന് ഈ വ്രതധാരണം ഏറെ വിശേഷമാണ്. 18 അമാവാസിയിൽ വ്രതം നോറ്റാൽ പൂര്‍വ്വിക തലമുറ മുഴുവനും ദുരിതമോചിതരാകും എന്നാണ് വിശ്വാസം. അതിലൂടെ മുൻജന്മപാപങ്ങളകറ്റി നമുക്ക് സന്തോഷവും സമാധാനവും അഭീഷ്ട സിദ്ധിയും നേടാൻ സാധിക്കും.

അമാവാസി ദിവസം ജപിച്ചു തുടങ്ങിയാൽ അതിവേഗം ഫലം ലഭിക്കുന്ന ഉഗ്രശക്തിയുള്ള മഹാകാളി മന്ത്രം പരിചയപ്പെടുത്താം. ഈ മന്ത്രം അമാവാസി തുടങ്ങി എല്ലാ ദിവസവും രാവിലെയും വൈകിട്ടും 48 തവണ വീതം ജപിക്കണം. ജപം തുടങ്ങുമ്പോഴും ജപാന്ത്യത്തിലും മഹാകാളി ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ചൊല്ലണം. ഇത് മുടങ്ങാതെ 28 ദിവസം ചെയ്യണം. അശുദ്ധി ഉണ്ടായാൽ അത് മാറിക്കഴിഞ്ഞ് 28 ദിവസം പൂർത്തിയാക്കിയാൽ മതി. ഇതിന് യാതൊരു വ്രതവും വേണ്ട. മത്സ്യമാംസാദി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ബ്രഹ്മചര്യവും വേണ്ട. എന്നാൽ മന്ത്രോപദേശം നിർബന്ധമാണ്. വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. വെളുത്ത വസ്ത്രമാണ് ജപസമയത്ത് ധരിക്കേണ്ടത്. പൂജാമുറിയിൽ ദിക്ക് പ്രധാനമല്ല. ശവത്തിന്റെ മുകളിൽ ഇരിക്കുന്ന കാളിയെ പൂജിക്കുന്നവർക്ക് സകല ഐശ്വര്യവും സിദ്ധിക്കും. സുമുഖീ കാളീ ധ്യാനം, സുമുഖീ കാളീ മന്ത്രം എന്നും ഇത് അറിയപ്പെടുന്നു.

മഹാകാളി ധ്യാനം
ധ്യായേദ് കാളീം മഹാകായാം
ത്രിനേത്രാം ബഹുരൂപിണീം നരമുണ്ഡം തഥാ
ഖഡ്ഗം കമലം ച വരം തഥാ ചതുർഭുജാം
ചലജ്ജിഹ്വാം പൂർണ്ണചന്ദ്രനിഭാനനാം
നീലോല്പലദളശ്യാമാം ശത്രുസംഘവിദാരിണീം
നിർഭയാം രക്തവദനാം ദ്രംഷ്ട്രാളീഘോര രൂപിണീം
സാട്ടഹാസനിരസ്താരീം സർവ്വദാം ചദിഗംബരീം
ശവാസനസ്ഥിതാം ദേവീം മുണ്ഡമാലാവിഭൂഷിതാം
ഘോര രൂപാം ഭീഷണാസ്യാം മഹാകാളീം സദാസ്മരേദ്

(അസുരശിരസ്‌ കോർത്ത് മാലയണിഞ്ഞ് ശവത്തിന്റെ മുകളിൽ ഇരിക്കുന്ന ഭയാനക ചിത്രമാണ് മഹാകാളിയുടേത്. മുകളിൽ പറഞ്ഞിരിക്കുന്ന ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ജപിച്ച് മന‌സിൽ ദേവിഭാവം ഉറപ്പിക്കണം. അതിന് ശേഷം മഹാകാളിമന്ത്രം ജപിക്കാം)

മഹാകാളിമന്ത്രം
ഓം ഉച്ഛിഷ്ട ചണ്ഡാലിനീ
സുമുഖീ ദേവീ മഹാകാളീ
കാലഭൈരവപ്രിയംകരീം
മഹാകാളീ പിശാചിനി
വേദാന്തർഗതേ നിത്യേ
സർവ്വപാപശമനം ദേഹി
ദദാപയ ഹ്രീം ക്രീം നമ: സ്വാഹാ

ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷതങ്ങളിൽ ജനിച്ചവർ, കുടുംബദേവതയായി ഭദ്രകാളി ദേവിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശിയിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ഒൻപതിൽ ചൊവ്വ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികം രാശിയിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവരെ ഭഗവതി അതിവേഗം അനുഗ്രഹിക്കും. ഭദ്രകാളിപ്പത്ത് എന്ന വിശിഷ്ടമായ ഭദ്രകാളി സ്തുതി ഇവർ നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ അവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കും. തുടർച്ചയായി അഞ്ച് തവണ ഓതുന്നത് അല്ലെങ്കിൽ ശ്രവിക്കുന്നത് പെട്ടെന്ന് ഫലസിദ്ധിയേകും എന്നും പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കൂ:

Story Summary : Amavasya Vritham and Benefits of Powerful Bhadrakali Mantra Japam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!