Saturday, 15 Mar 2025
AstroG.in

ദാരിദ്ര്യ ദഹന ശിവസ്തോത്രം ശിവരാത്രിക്ക് ജപിച്ചാൽ മൂന്നിരട്ടി ഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ദാരിദ്ര്യ ദഹന ശിവസ്തോത്രം കൊണ്ട് ഭഗവാൻ ശിവനെ ആത്മാർഥമായി പ്രാർഥിക്കുന്നവർക്ക് യാതൊരു വിധ ദാരിദ്ര്യ ദുഖങ്ങളും ഉണ്ടാകുന്നതല്ല. ശിവരാത്രി ദിനത്തിൽ ജപിച്ചാൽ മൂന്നിരട്ടി ഫലം എന്നത് അനുഭവം.
വസിഷ്ഠ മുനി രചിച്ച ഈ സ്തോത്രം അതീവ പുണ്യ ദായകവും ഫലപ്രദവുമാണ്. ദാരിദ്ര്യം എന്നാൽ കേവലം ധന വൈഷമ്യം മാത്രമല്ല. ധനത്തിൽ സമ്പന്നനായവൻ മനോസുഖത്തിൽ ദരിദ്രനായിരിക്കാം. ആരോഗ്യപരമായി ദരിദ്രനായിരിക്കാം. പുത്ര പൗത്ര സൗഖ്യവും രോഗ നിവാരണവും സാമ്പത്തിക അഭിവൃദ്ധിയും ഈ സ്തോത്രം ജപിക്കുന്നവർക്ക് ലഭിക്കും എന്ന് ഫലശ്രുതിയിൽ വസിഷ്ഠ മഹർഷി തന്നെ വ്യക്തമാക്കുന്നു.ഭഗവാൻ ശിവന്റെ കാരുണ്യമുണ്ടെങ്കിൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും നിവൃത്തി ഉണ്ടാകും. ശിവരാത്രി ദിനം ശിവ ഭജനത്തിന് ഏറ്റവും യോജ്യമായ ദിവസമാകയാൽ അന്നേ ദിവസം ഈ സ്തോത്രം ജപിക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. ഇത് ജപിക്കുന്ന ഭക്തരെയെല്ലാം ശിവ ഭഗവാൻ നരക വാരിധിയിൽ നിന്നും കരകയറ്റും എന്ന് സ്തോത്രത്തിൽ തന്നെ പറയുന്നുണ്ട്. ജപിക്കാൻ കഴിയുന്നില്ലെങ്കിൽ ശ്രവിക്കുകയെങ്കിലും ചെയ്യണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദാരിദ്ര്യ ദുഃഖ ദഹന ശിവസ്തോത്രം കേൾക്കാം :

ശിവപൂജ ചെയ്യാത്തവർ
ദാരിദ്ര്യം അനുഭവിക്കും

സന്ധ്യാസമയത്ത് ശിവാർച്ചനയും ശിവപ്രണമനവും ശിവചരിത്രശ്രവണവും ചെയ്യാത്തവർ അനകജന്മം ദാരിദ്ര്യദു:ഖമനുഭവിക്കുമത്രെ. സ്കന്ദപുരാണത്തിലെ പ്രദോഷ സ്തുതിയിൽ സന്ധ്യസമയങ്ങളിലെ ശിവാരാധനയുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്.

യേ നാര്‍ച്ചയന്തി ഗിരിശം സമയേ പ്രദോഷേ
യേ നാര്‍ച്ചിതം ശിവമപി പ്രണമന്തി ചാന്യേ
ഏതത് കഥാം ശ്രുതിപുടൈര്‍ന്ന പിബന്തി മൂഢാ:
തേ ജന്മജന്മസു ഭവന്തി നരാ ദരിദ്രാ:

യേ വൈ പ്രദേഷ സമയേ പരമേശ്വരസ്യ
കുര്‍വന്ത്യനന്യമനസോംഘ്രിസരോജപൂജാം
നിത്യം പ്രവൃദ്ധധനധാന്യകളത്രപുത്ര
സൗഭാഗ്യസമ്പദധികാസ്ത ഇഹൈവ ലോകേ

സന്ധ്യസമയങ്ങളിൽ ശിവാരാധന ചെയ്യുന്നവർ ധനധാന്യാദികളെ പ്രാപിച്ചു സുഖിക്കുന്നു. സന്ധ്യാകാലത്തിൽ ശിവൻ മാത്രമാണ് പൂജ്യൻ. ശിവപൂജയാൽ സർവ്വദേവന്മാരും പ്രസാദിക്കുന്നു. (തസ്മിന്‍ മഹേശേ വിധിനേജ്യമാനേ
സര്‍വ്വേ പ്രസീദന്തി സുരാധിനാഥാ: ) പ്രദോഷ സ്‌തോത്രാഷ്ടകത്തിൽ പറയുന്നു.

ദാനാദിസൽക്കർമ്മങ്ങൾ ചെയ്യാതെ പ്രതിഗ്രഹങ്ങളാൽ മാത്രം ജന്മത്തെ നയിച്ചാൽ ദാരിദ്ര്യംം സുനിശ്ചിതമാണ്. സഹജീവി സ്‌നേഹമൊട്ടുമില്ലാതെ ഭോഗവാഞ്ചയിലും ഭൗതികസുഖാനുഭൂതിയിലും കഴുത്തറ്റം മുങ്ങി
കഴിയുന്നവർക്ക് ദാരിദ്ര്യദു:ഖവും ഋണഭാര ഭീകരതയുണ്ടാകുമെന്ന് പ്രദോഷ സ്തോത്രാഷ്ടകം പറയുന്നു.

ഇങ്ങനെ നിന്ദ്യജീവിതം നയിച്ച് ക്ലേശഭരിതമായി ജീവിച്ച ഭൂസുരകുമാരനെ ഉദ്ദേശിച്ചാണത്രേ മേൽപ്പറഞ്ഞ സ്‌തോത്രം നിർമ്മിച്ചതുതന്നെ. ദാരിദ്ര്യ നിവാരണത്തിന് ശിവനെ ഭജിക്കാനാണ് ഉപദേശം.
അതോ ദാരിദ്ര്യമാപന
പുത്രസ്‌തേ ദ്വിജഭാമിനി
തദ്ദോഷപരിഹാരാർത്ഥം
ശരണം യാതുശങ്കരം
എന്ന് ഉപസ്തുത ബ്രാഹ്മണകുമാരന്റെ പിതാവിനോട് പ്രദോഷ സ്‌തോത്രാഷ്ടകത്തിൽ പറയുന്നുണ്ട്. ഞായറും തിങ്കളും രാവിലെ ദേഹചിത്തശുദ്ധികളോടെ ശിവനെ തൊഴുക. ശിവപഞ്ചാക്ഷരിയും ശിവഭുജംഗപ്രയാത സ്‌തോത്രവും ജപിക്കുക. ഏകാദശരുദ്രന്മാരെ അനുസ്മരിച്ച് പ്രദക്ഷിണം ചെയ്യുക (പുറം നടവഴിയിൽ) ഫാലലോചൻ ഋണഭീതി ഭസ്മീകരിക്കും തുഷ്ടിയും പുഷ്ടിയും പ്രദാനം ചെയ്യും.

ഭൂതനാഥനും ഭൂജംഗഭൂഷണവും വ്യാഘ്രചർമ്മധരനും അഭേദ്യനും ബ്രഹ്മാദിവന്ദിതനും പാർവ്വതിവാമാംഗനും ഭവഹരനും ആയ ഹാലാസ്യേശൻ നമ്മെ രക്ഷിക്കട്ടെ :

ശിവ ധ്യാന ശ്ലോകം
ശാന്തം പദ്മാസനസ്ഥം
ശശിധര മകുടം
പഞ്ചവക്ത്രം ത്രിനേത്രം
ശൂലം വജ്രം ച ഘഡ്ഗം
പരശുമഭയദം
ദക്ഷഭാഗേ വഹന്തം
നാഗം പാശം ച ഖണ്ഡാം
പ്രളയഹുതവഹം
സാങ്കുശം വാമഭാഗേ
നാനാലങ്കാര ദീപ്തം
സ്ഫടികമണിനിഭം
പാർവ്വതീശം നമാമി

ശിവപഞ്ചാക്ഷര സ്തോത്രത്തിലെ ഈ ധ്യാനശ്ലോകം അതിവിശിഷ്ടമാണ്. ആർക്കും ചൊല്ലാം സന്ധ്യയ്ക്ക് ദേഹശുദ്ധിവരുത്തി ഭക്തിയോടെ ചൊല്ലുക. കഷ്ടതകൾ കുടോടെ അകലും.

ദാരിദ്ര്യദു:ഖ ദഹന ശിവസ്തോത്രം

വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖര ധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

ഗൗരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ, ദു:ഖഭവസാഗരതാരണായ
ജ്യോതിർമ്മയായ ഗുണനാമ സുകൃത്യകായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

ചർമ്മാംബരായ ശവഭസ്മവിലോപനായ
ഫലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ, ജടാധരായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ, ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ, തമോമയായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ, ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ
നാമപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായg
മാതംഗചർമ്മവസനായ മഹേശ്വരായ
ദാരിദ്ര്യ ദഹനനായ നമഃ ശിവായ

വസിഷ്‌ഠേ ന കൃതം സ്തോത്രം
സർവ്വരോഗനിവാരണം
സർവ്വസമ്പത്കരം ശീഘ്രം
പുത്ര പൗത്രാദിവർദ്ധനം

Story Summary Significance Of Shiva Worshipping on Shivaratri

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!