ഭൂമിദോഷങ്ങൾ തീരും, നഷ്ടപ്പെട്ട വസ്തുകിട്ടും, പന്നിയൂരപ്പനോട് പ്രാർത്ഥിക്കൂ
മംഗള ഗൗരി
ഭൂസംബന്ധമായ ദോഷങ്ങൾ തീരാനും നഷ്ടപ്പെട്ടതും കേസിൽ കുരുങ്ങിപ്പോയ സ്ഥലം തിരിച്ചു കിട്ടാനും പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ മതി എന്ന് വിശ്വാസം. ഭൂമിക്രയവിക്രയത്തിനുള്ള തടസ്സങ്ങളെല്ലാം മാറ്റാൻ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയാൽ മതിയെന്നും അനുഭവസ്ഥർ പറയുന്നു.
ഇതിനായി ഭക്തർ പ്രശ്നമുള്ള ഭൂമിയിലെ മണ്ണ് ഇവിടെ
കൊണ്ട് വന്ന് പൂജിക്കുന്നു.
ഇവിടെ ഭൂദേവീസമേതനായി വരാഹമൂർത്തി വാഴുന്നു. ഒപ്പം, ഗണപതിയും കുണ്ടിൽ വരാഹവമൂർത്തിയും ലക്ഷമീ നാരായണനും ഒരേ കോവിലിലുണ്ട്. പുറത്ത് പ്രത്യേകം കോവിലുകളിൽ, സുബ്രഹ്മണ്യൻ, ശിവൻ, ദുർഗ, ശാസ്താവ് എന്നിവരും ചാക്യാർ ചിത്രം വച്ച് പൂജിച്ച് ചൈതന്യം ആർജ്ജിച്ച ചിത്രത്തിൽ വരാഹവും തൂണിൽ ബന്ധിച്ച യക്ഷിയമ്മയുടെയും ചിത്രഗുപ്തന്റെയും സാന്നിദ്ധ്യവും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. പഴയ കൂത്തമ്പലത്തിന്റെ അവശിഷ്ടവും കാണാം.
കോഴിക്കോട് സമൂതിരി രാജായുടെ ഈ ക്ഷേത്രം ഭൂദോഷങ്ങൾ തീർക്കുന്ന പൂജകൾക്കാണ് പ്രസിദ്ധം.
4000 വർഷം മുൻപ് പരശുരാമൻ പ്രതിഷ്ഠിച്ചതായി പറയുന്ന ഈ ക്ഷേത്രത്തിൽ 1200 വർഷം മുൻപ് പുനരുദ്ധാരണം നടത്തിയപ്പോൾ ശ്രീകോവിലിന്റെ കൂടുകൂട്ടിയത് ഉളിയന്നൂർ പെരുന്തച്ചനാണ് എന്നും ഒരു ഐതിഹ്യമുണ്ട്. പെരുന്തച്ചന്റെ അനുഗ്രഹം കൊണ്ട് എന്നും ഇവിടെ കുലത്തിലൊരുവന് പണിയുണ്ടാകും എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ഉളിയും മുഴക്കോലും ഇവിടെ ഉപേക്ഷിച്ചെന്നും പറയുന്നു പെരുന്തച്ചന്റെ പുത്രഹത്യയ്ക്ക് ശേഷമാണ് അതുണ്ടായത്.
പന്നിയൂർ ക്ഷേത്രം വീണ്ടും പ്രസിദ്ധിയും ഐശ്വര്യവും നേടും എന്നും 600 വർഷം മുൻപ് ജീവിച്ചിരുന്ന മഹാപണ്ഡിതനും ശിവഭക്തനുമായ അപ്പത്ത് അടീരി ചെമ്പ് തകിടിൽ എഴുതിയ പ്രവചനം അടുത്തകാലത്ത് കണ്ടെടുത്തിരുന്നു. ‘ വരാഹമൂർത്തി രക്ഷിക്കണേ’ എന്നു മൂന്ന് തവണ വിളിച്ചു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും ഭഗവാൻ കരകയറ്റുമെന്നാണ് ഭക്തർ പറയുന്നത്. എന്നാൽ വിചാരിക്കുന്ന ഉടൻ ആർക്കും ക്ഷേത്രത്തിൽ എത്താൻ കഴിയണമെന്നില്ല. അതിന് തീക്ഷ്ണണമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും വരാഹമൂർത്തി അനുഗ്രഹിക്കുകയും ചെയ്താൽ മാത്രം ഇവിടെ ദര്‍ശനം നടത്താൻ സാധിക്കും എന്നാണ് അനുഭവം.
അഭിഷ്ടസിദ്ധി പൂജയാണ് പന്നിയൂരിലെ ഏറ്റവും പ്രശസ്തമായ പൂജ. ഇത് മുൻകൂട്ടി ബുക്ക് ചെയ്യണം. കുടുംബ ഐശ്വര്യത്തിന് ഐശ്വര്യപൂജ, തടസ്സപ്പെട്ട വിവാഹം നടക്കാനായി ലക്ഷ്മീനാരായണ പൂജയും
എന്നിവയും നടത്താം. നിത്യവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നു. മകര മാസത്തിൽ അശ്വതിയിൽ വരാഹമൂർത്തിയുടെ പ്രതിഷ്ഠാദിനം പൂയ്യത്തിന് സുബ്രഹ്മണ്യസ്വാമിക്ക് തൈപ്പൂയ്യം. മീനം അല്ലെങ്കിൽ മേടത്തിൽ വരാഹജയന്തി. മേടവിഷു, മിഥുനത്തിൽ അനിഴം പ്രതിഷ്ഠാദിനം (ഭഗവതി – സുബ്രഹ്മണ്യൻ). കര്‍ക്കടകം 31ന് മഹാഗണപതി ഹോമം. ചിങ്ങത്തിൽ അഷ്ടമിരോഹിണി. കന്നി/തുലാം മാസങ്ങളിൽ നവരാത്രി, വിജയദശമി, വിദ്യാരംഭം, അഖണ്ഡനാമജപം, വൃശ്ചികത്തിൽ ആദ്യ ശനിയാഴ്ച ശാസ്താവിന് ആരാധി, ധനുവിലെ ആദ്യ ബുധനാഴ്ച കുചേലദിനം. ധനുമാസത്തിലെ മണ്ഡല കാലസമാപനം, ലക്ഷാർച്ചന എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ.
പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂര്‍ വരാഹക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും കുന്നംകുളം എടപ്പാൾ വഴി പന്നിയൂരിലെത്താൻ 50 കിലോമീറ്റർ സഞ്ചരിക്കണം. കോഴിക്കോട് നിന്നും വളാഞ്ചേരി – കുറ്റിപ്പുറം– കുമ്പിടി വഴി 85 കിലോമീറ്റർ. പാലക്കാട് നിന്നും ഒറ്റപ്പാലം– പട്ടാമ്പി– കൂറ്റനാട്– തൃത്താല– കുമ്പിടി വഴി 75 കിലോമീറ്ററാണ് ദൂരം.
ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ കടലിൽ താഴ്ത്തിയപ്പോൾ ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും മഹാവിഷ്ണു വരാഹമായി അവതരിച്ചു രാക്ഷസനെ നിഗ്രഹിച്ചു ഭൂമിയെ ഉയർത്തി കൊണ്ടു വന്നു എന്നാണ് വരാഹ അവതാരത്തിന്റെ ഐതിഹ്യം. അതിനാൽ ഭൂമി സംബന്ധമായ എല്ലാ ദോഷങ്ങളും ശമിക്കാനും ,
ഭൂമി, വീട് എന്നിവ ലഭിക്കാനും വരാഹമൂർത്തിയോട് പ്രാർത്ഥിക്കാം. വരാഹമൂർത്തിയുടെ ധ്യാനവും
അഷ്ടോത്തരവും ഇതിനായി നിത്യവും ജപിക്കുന്നത് നല്ലതാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച ശ്രീവരാഹ അഷ്ടോത്തരം കേൾക്കാം:
Story Summary : Panniyoor Sree Varahamoorthy Temple It is believed that disputes related to land could be settled favourably by conducting Bhoomi Pooja here. For that devotees bring earth from their land to the temple which is then subjected to some rituals.
Copyright 2024 Neramonline.com. All rights reserved