Friday, 22 Nov 2024
AstroG.in

അഷ്ടമി രോഹിണിയിലെ ശ്രീകൃഷ്ണ ദർശനത്തിന് പത്തിരട്ടി ഫലം

മീനാക്ഷി
പ്രപഞ്ച സ്നേഹത്തിൻ്റെ നിത്യ ചൈതന്യമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ചത് ചിങ്ങത്തിലെ കൃഷ്ണാഷ്ടമിയും രോഹിണിയും ചേർന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ്. ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ജയന്തിപോലെ ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ജയന്തിയില്ല. 2024 ആഗസ്റ്റ് 26 നാണ് അഷ്ടമിരോഹിണി. സാധാരണ ദിവസത്തെ ദർശനത്തെക്കാൾ അഷ്ടമിരോഹിണി ദിവസത്തെ ശ്രീകൃഷ്ണ ക്ഷേത്രദർശനത്തിന് പത്തിരട്ടി ഫലം കൂടുതൽ ഉണ്ടാകുമെന്നാണ് വിശ്വാസം.
ഇതോടനുബന്ധിച്ച് തുടർച്ചയായി മൂന്നു ദിവസം കൃഷ്ണ ക്ഷേത്രദർശനം നടത്തണം. ശ്രീകൃഷ്ണ ക്ഷേത്രം ആ പ്രദേശത്തില്ലെങ്കിൽ വിഷ്ണുക്ഷേത്രമായാലും മതി. അഷ്ടമിരോഹിണി ദിവസം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്നതിന് നൂറിരട്ടി ഫലം ലഭിക്കുമെന്നും പറയുന്നു.

ആചരണം
അഷ്ടമിരോഹിണി ദിവസം ഉപവസിക്കുന്നത് വളരെ നല്ലതാണ്. അർദ്ധരാത്രി ചന്ദ്രനുദിക്കും വരെ ഭഗവാന്റെ അവതാരം പ്രതീക്ഷിച്ച് പ്രാർത്ഥനയുമായി കഴിയണം. രാത്രി ചന്ദ്രോദയം കഴിഞ്ഞാൽ ഭഗവത്പൂജയ്ക്കു ശേഷം പാരണമീട്ടാം. ഈ ദിവസം പഴയ ഭക്ഷണം കഴിക്കരുത്. ശാല്യന്നം (നെല്ലരിച്ചോറ്) പാടില്ല. മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ലഘു ഭക്ഷണമേ കഴിക്കാവൂ. ബ്രഹ്മചര്യം അത്യാവശ്യം. പകലും രാത്രിയും ശ്രീകൃഷ്ണ നാമങ്ങൾ ഉരുവിടണം; മന്ത്രങ്ങൾ ചൊല്ലണം. ഭാഗവതം പാരായണം കേൾക്കണം. ശ്രീകൃഷ്ണന്റെ അവതാരപൂർണ്ണതയും വൈശിഷ്ട്യവും മനസിലാക്കി ഭഗവാനെ ധ്യാനിക്കണം.

ഫലശ്രുതി
അഷ്ടമിരോഹിണി നാളിലെ ശ്രീ കൃഷ്ണോപാസന ഉദ്ദിഷ്ട കാര്യസിദ്ധിക്കും, പ്രണയസാഫല്യത്തിനും പാപവിമുക്തിക്കും രാഷ്ട്രീയ വിജയത്തിനും ദാമ്പത്യ സൗഭാഗ്യത്തിനും ധനാഭിവൃദ്ധിക്കും ദാമ്പത്യകലഹം മാറാനും കർമ്മപുഷ്ടിക്കും ശത്രുതാനിവാരണത്തിനും സന്താന സൗഭാഗ്യത്തിനും കലാസാഹിത്യ വിജയത്തിനും ധനസമ്പാദനത്തിനും ആപത് രക്ഷയ്ക്കും വ്യവഹാരങ്ങളിൽ വിജയിക്കാനും ഭരണപരമായ നൈപുണ്യം വർദ്ധിക്കാനും ഉതകുമെന്നാണ് വിശ്വാസം. അഷ്ടമിരോഹിണി ദിവസം ഭക്തിയോടെയും ശുദ്ധിയോടെയും ആചരിച്ചാൽ തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടബാദ്ധ്യത തീരൽ തുടങ്ങി ഏത് കാര്യത്തിനും ശ്രീകൃഷ്ണാനുഗ്രഹം ലഭിക്കും. അന്ന് വിഷ്ണുവിനെയോ ശ്രീകൃഷ്ണനെയോ പ്രകീർത്തിക്കുന്ന സ്‌തോത്രങ്ങൾ ജപിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്യേണ്ടതാണ്.

ദശാദോഷ പരിഹാരം
ജീവിതത്തിൽ ബുധദശ നടക്കുന്ന സമയത്ത് അഷ്ടമി രോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കേണ്ടതാണ്. മന്ത്രങ്ങൾ ഗുരുനാഥനിൽ നിന്നും ഉപദേശമായി സ്വീകരിച്ച് ജപിക്കണം. അഷ്ടമിരോഹിണിക്ക് സാധിച്ചില്ലെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ശുഭ്രവസ്ത്രം ധരിച്ച് ജപം തുടങ്ങണം.

അഷ്ടമി രോഹിണി സംബന്ധിച്ച് ഒരോ ഭക്തരും അറിയേണ്ട കാര്യങ്ങളും അന്ന് തീർച്ചയായും ജപിക്കേണ്ട
മന്ത്രങ്ങളും മനസ്സിലാക്കാൻ പ്രസിദ്ധ താന്ത്രിക – മന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണുക:

Story Summary: Date and Significance of Ashtami Rohini

Copyright 2024 Neramonline.com. All rights reserved

error: Content is protected !!