Wednesday, 12 Mar 2025
AstroG.in

മഹോത്സവങ്ങളുടെ ഘോഷയാത്രയുമായി ഒരാഴ്ച വരുന്നു

ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷം, ആറ്റുകാൽപൊങ്കാല, ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീന സംക്രമം…. അടുത്ത ആഴ്ച മഹോത്സവങ്ങളുടെ ഘോഷയാത്ര

ജ്യോതിഷരത്നം വേണു മഹാദേവ്
ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷം, മണ്ടയ്ക്കാട് കൊടൈ, ആറ്റുകാൽ പൊങ്കാല,  ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീനസംക്രമം തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2025 മാർച്ച് 9 ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്നത്.

ആമലകി ഏകാദശി
കുംഭ മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ഇതിൽ ആദ്യം വരുന്ന വിശേഷം . മാർച്ച് 10 തിങ്കളാഴ്ചയാണ് ഫാൽഗുന മാസത്തിലെ വെളുത്ത പക്ഷ ഏകാദശി. ഇത് ആമലകി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ പുണ്യ ദിനത്തിൽ ഭഗവാൻ നെല്ലിമരത്തിൽ വസിക്കുന്നു എന്ന സങ്കല്പത്തിലാണ് ആമലകി ഏകാദശി ആചരിക്കുന്നത്. ആമലകിക്ക് നെല്ലി എന്നാണ് അർത്ഥം. ഉത്തരേന്ത്യയിലാണ് ഇത് ആമലകി ഏകാദശിയെന്ന് അറിയപ്പെടുന്നത്. മറ്റ് ചില സ്ഥലങ്ങളിൽ സർവസമ്മത് ഏകാദശി, പാപനാശാനി ഏകാദശി എന്നീ പേരുകളിലും ആചരിക്കുന്നു. മാർച്ച് 10 ന് രാത്രി 1:46 മുതൽ  പകൽ 1:54 വരെയാണ് ഹരിവാസരം. ദശമിയിൽ ഒരിക്കൽ എടുത്ത്, ഏകാദശി ദിനത്തിൽ ഉപവസിച്ച്, ഹരിവാസര വേളയിൽ വിഷ്ണു നാമജപത്തിൽ മുഴുകി, ദ്വാദശി രാവിലെ പാരണ വിടാം.

ഗുരുവായൂർ ഉത്സവം
ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂർ ഉത്സവത്തിന് മാർച്ച് 10 ന് കൊടിയേറും. കുംഭമാസത്തിലെ പൂയം നാളിൽ രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ 6 മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ടുയരും. അന്ന് ഉച്ചതിരിഞ്ഞ് ആനയോട്ടം നടക്കും. 10 ദിവസത്തെ ഉത്സവത്തിന്റെ കൊടിയേറ്റ് ചടങ്ങുകൾ സന്ധ്യയ്ക്ക് തുടങ്ങി അർദ്ധരാത്രി വരെ നീളും. ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്..

ചോറ്റാനിക്കര മകം
ശ്രീ രാജരാജേശ്വരി സർവാനുഗ്രഹങ്ങളും ചൊരിയുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മകംതൊഴൽ മഹോത്സവം മാർച്ച് 12 ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടക്കും.
അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ മകം തൊഴൽ തുടങ്ങും. സ്ത്രീകൾ മകം തൊഴുത് ആഗ്രഹസാഫല്യം നേടുന്ന ഈ ഉത്സവം വിശ്വപ്രസിദ്ധമാണ്. 13 വ്യാഴാഴ്ചയാണ് ഇവിടെ പൂരം എഴുന്നള്ളത്ത്. 14 ന് വെള്ളിയാഴ്ച ഉത്രം ആറാട്ടും നടക്കും. എല്ലാ ദിവസവും പ്രത്യേകം ആറാട്ട് നടക്കുന്നത് പരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിന് ഒപ്പം പരിലസിക്കുന്ന ചോറ്റാനിക്കര ക്ഷേത്രത്തിന്റെ
മറ്റൊരു സവിശേഷതയാണ്. മാർച്ച് 15 ന് അത്തം നാളിൽ ഗുരുതിയോടെ ചോറ്റാനിക്കര ഉത്സവം സമാപിക്കും.

പ്രദോഷ വ്രതം
മാർച്ച് 11 ചൊവ്വാഴ്ചയാണ് പ്രദോഷ വ്രതം.
ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന കറുത്തപക്ഷത്തിലെയും ശുക്ല പക്ഷത്തിലെയും
ത്രയോദശി തിഥിയിലെ  സന്ധ്യാവേളയിലാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് അനുഗ്രഹദായകമാണ്.

മണ്ടയ്ക്കാട് കൊടൈ
സ്ത്രീകളുടെ ശബരിമലയെന്ന് പ്രസിദ്ധമായ മണ്ടയ്ക്കാട് ശ്രീഭഗവതി അമ്മൻ കോവിലിൽ കൊടൈ മഹോത്സവം കുംഭത്തിലെ അവസാന ചൊവ്വാഴ്ചയായ മാർച്ച് 11 നാണ്

ആറ്റുകാൽ പൊങ്കാല
ലക്ഷക്കണക്കിന് ഭക്തരുടെ നേരിട്ടുള്ള ആത്മ സമർപ്പണമായ ആറ്റുകാൽ പൊങ്കാല കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് – 2025 മാർച്ച് 13 വ്യാഴാഴ്ച. അന്ന് രാവിലെ 10:15 നാണ് പൊങ്കാലയ്ക്ക് അഗ്നി പകരുന്നത്. ഉച്ചയ്ക്ക് 1:15 ന് നിവേദ്യം നടക്കും. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നതിലൂടെ ആഗ്രഹസാഫല്യം, മന:സുഖം എന്നിവ ലഭിക്കുമെന്നത് ലക്ഷക്കണക്കിന് ഭക്തരുടെ അനുഭവമാണ്. ദോഷപരിഹാരവും മുഖ്യ ഫലമാണ്. പൊങ്കാല ഇടുന്നതിന് ഓരോരുത്തർക്കും ഓരോരോ കാരണമുണ്ട്. വിവാഹം, ആരോഗ്യം, ആയുസ്, ജോലി, രോഗമുക്തി, ഭൂമി, ഗൃഹം ഇവ സംബന്ധിച്ച ആഗ്രഹസാഫല്യം പൊങ്കാലയിടുന്നതിലൂടെ ലഭ്യമാകുമെന്ന് വിശ്വസിക്കുന്നു. പൂർണ്ണമായ
ആത്മ സമർപ്പണത്തോടെ അമ്മയ്ക്ക് നിവേദ്യം അർപ്പിക്കുമ്പോൾ അതിന്റെ ഫലം അനുഭവത്തിൽ വരും.

മീന സംക്രമം
മാർച്ച് 14 കുംഭം 30 വെള്ളിയാഴ്ച വൈകിട്ട് 6:50 ന്
ഉത്രം.നക്ഷത്രം രണ്ടാം പാദം കന്നിക്കൂറിൽ മീന സംക്രമം നടക്കും. സംക്രമം ഉത്രം നക്ഷത്രത്തിൽ നടക്കുന്നത് ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ദോഷകരമാണ്. അവർ ദോഷ പരിഹാരമായി ശിവനെയും മഹാവിഷ്ണുവിനെയും
പ്രീതിപ്പെടുത്തണം. തടസങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, രോഗങ്ങൾ, മനോവിഷമം, അപകടം എന്നിവ ഒഴിവാക്കാൻ സുദർശന മന്ത്ര പുഷ്പാഞ്ജലി, ഹോമം, മൃത്യുഞ്ജയ ഹോമം, ജലധാര എന്നിവ നടത്തുന്നത് നല്ലതാണ്. മാർച്ച് 15 നാണ് മീനപ്പുലരി ആചരിക്കുന്നത്.
മീന സംക്രമം സൂര്യ പൂജയ്ക്കും സൂര്യപ്രീതി കർമ്മങ്ങൾക്കും ബഹു വിശേഷമാണ്.

ഹോളി
ഭക്ത പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ മുതിർന്ന
ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയെ അഗ്നി നിഗ്രഹിച്ചതിന്റെ ആഘോഷമാണ് ഹോളി. പ്രഹ്ലാദന്റെ വിഷ്ണു ഭക്തിയിൽ ക്ഷുഭിതനായ അസുര ചക്രവർത്തി ഹിരണ്യകശിപു സഹോദരി സഹോദരി ഹോളികയുടെ സഹായത്തോടെ മകനെ അഗ്നിയിൽ ദഹിപ്പിക്കാൻ തീരുമാനിച്ചു. അഗ്നി സ്പർശമേൽക്കാത്ത ഹോളിക പ്രഹ്ലാദനെ മടിയിൽ വച്ച് അഗ്നികുണ്ഡത്തിന് മുമുകളിലിരുന്നു. എന്നാൽ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദനെ അഗ്നി ബാധിച്ചില്ല. അതേസമയം ദുഷ്ടയായ ഹോളികയെ അഗ്നിനാളങ്ങൾ വിഴുങ്ങുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ ഹോളികയെ രൂപം വസന്തപഞ്ചമി നാൾ മുതൽ ഒരുക്കി തുടങ്ങും. ഹോളിയുടെ അന്ന് ആരൂപം കത്തിച്ചുകളഞ്ഞ ഭക്തർ നിറങ്ങളിൽ ആറാടി ഹോളി ആഘോഷിക്കും. മാർച്ച് 14 വെള്ളിയാഴ്ചയാണ് ഹോളി .

പൗർണ്ണമി വ്രതം
ചന്ദ്രന്റെ ബലക്കുറവ് കാരണം അനുഭവ യോഗം ഇല്ലാത്തവരും ചഞ്ചലമായ മനസ്, അകാരണ ഭയം, മാനസികമായി എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കൽ, തീരുമാന വൈകല്യം, അനാവശ്യമായി ഒരോന്ന് ചിന്തിച്ച് കൂട്ടുക, അക്ഷമ, പരാജയഭീതി, എന്നിവയാൽ വിഷമിക്കുന്നവർ, അമാവാസിക്ക് ജനിച്ചവർ, മാനസിക വിഷമതകൾ, അലർജി, ആസ്മ ഇവയാൽ ക്ലേശം അനുഭവിക്കുന്നവർ തുടങ്ങിയവർ പൗർണ്ണമി ദിവസം വ്രതം നോറ്റ് ദുർഗ്ഗാ പ്രീതികരമായ കർമ്മങ്ങൾ ചെയ്ത്
ചന്ദ്രബലം വർദ്ധിപ്പിക്കുക തന്നെ വേണം. ചന്ദ്രന്റെ അനുഗ്രഹത്തിനായി പൗർണ്ണമി ദിവസം ദേവിക്ക് ചന്ദ്രപൊങ്കാല അർപ്പിക്കുന്നതും ദേവീ ക്ഷേത്രങ്ങളിൽ പൗർണ്ണമി ദിവസം ദീപാരാധന തൊഴുന്നതും ഇവർക്ക് ഉത്തമമായ ദോഷപരിഹാരമാണ്. മാർച്ച് 13 വ്യാഴാഴ്ച
വൈകിട്ടാണ് ക്ഷേത്രങ്ങളിൽ പൗണ്ണമി പൂജയും ഐശ്വര്യ പൂജയും നടക്കുക. വെള്ളിയാഴ്ച രാവിലെയാണ് പൗർണ്ണമി അർച്ചന. പൗർണ്ണമി വ്രതം എടുക്കേണ്ടത് 13 വ്യാഴാഴ്ചയാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Significance of different festivals and religious rituals coming on next week

Copyright 2025 Neramonline.com. All rights reserved

Tags

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!