Friday, 1 Nov 2024
AstroG.in

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ദീപാവലിക്ക് മഹാലക്ഷ്മി ഉപാസന

ജ്യോതിഷരത്‌നം വേണു മഹാദേവ്

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനയ്ക്കും
കൂടിയുള്ള ദിവസമാണ്. ദീപാവലി ദിവസം വ്രതം, ജപം, ക്ഷേത്രദർശനം എന്നിവയോടെ അനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണയ്ക്കായി ദീപാവലി ആഘോഷിക്കുന്നു എന്ന സങ്കല്പത്തിനാണ് കേരളത്തിൽ പ്രധാന്യം. പക്ഷേ ഉത്തരേന്ത്യയിൽ ദീപാവലിക്ക് മുഖ്യം ലക്ഷ്മിപൂജയാണ്. പാൽക്കടൽ കടഞ്ഞപ്പോൾ അതിൽ നിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണ് എന്ന സങ്കല്പത്തിന് പ്രധാന്യം നൽകിയാണ് അവിടെ ദീപാവലി ആഘോഷിക്കുന്നത്. അതുകൊണ്ട് അന്ന് ലക്ഷ്മീപൂജ പ്രധാനമാണ്.
14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടു ശ്രീരാമ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.
ലക്ഷ്മീ വ്രതം മഹാലക്ഷ്മിയെ ആരാധിക്കുന്ന ലക്ഷ്മീ വ്രതം. ദീപാവലിക്കും ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച തോറും അനുഷ്ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. ശേഷം മഹാലക്ഷ്മിയുടെ ചിത്രം മുല്ല,
പിച്ചി പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കല്‍പ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവ നിവേദ്യമായി നൽകണം.. സ്വര്‍ണ്ണ നാണയങ്ങൾ അല്ലെങ്കിൽ, വെള്ളിനാണയങ്ങൾ സമര്‍പ്പിച്ചും മഹാലക്ഷ്മി അഷ്ടകം മൂന്ന് തവണ ജപിച്ച് മൂന്നു പ്രാവിശ്യം വണങ്ങണം. 21 വെള്ളിയാഴ്ച ഈ വ്രതം അനുഷ്ഠിച്ച് മഹാലക്ഷ്മിയെ വണങ്ങിയാല്‍ എല്ലാ ഐശ്വര്യങ്ങളും സിദ്ധിക്കും.

പാലാഴിമഥനത്തില്‍നിന്ന് ഉത്ഭവിച്ച മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയായ ലക്ഷ്മിദേവി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാകുന്നു. കാമദേവന്റെ മാതാവായും ക്ഷീരസാഗരസമുത്ഭവ അറിയപ്പെടുന്നു.
മഹാലക്ഷ്മിയെ എട്ടു ഭാവത്തിൽ സങ്കല്പിച്ച് ആരാധിച്ചു വരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം.

നവരാത്രിവേളയില്‍ ദുര്‍ഗ്ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്നു. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്. സൃഷ്ടിയുടെ ആരംഭ കാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവി ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ ദേവിയുടെ ഉല്പത്തി കഥ വിവരിക്കുന്നത്. പല കാലത്തായി വിവിധ അവതാരങ്ങള്‍ ലക്ഷ്മിദേവി കൈക്കൊണ്ടിട്ടുണ്ട്. ലക്ഷ്മിദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്.

വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന രൂപങ്ങളാണ് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചു വരുന്നു. ബ്രാഹ്മണ ഭവനങ്ങളിലും മറ്റും അരിമാവു കൊണ്ട് കളം വരച്ച് അതിൽ ആവണിപ്പലക ഇട്ട് നാക്കിലയില്‍ നെല്‍ക്കതിര്‍ കുളിപ്പിച്ചുവെച്ച് താലിമാലയും ഗന്ധപുഷ്പങ്ങളും ചാര്‍ത്തി ഗൃഹനാഥന്‍ ലക്ഷ്മീപൂജ നിര്‍വ്വഹിക്കുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരുകയും ചെയ്യുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിനവും ലക്ഷ്മീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഉത്തമമാണ്.

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക അല്ലെങ്കിൽ
ശ്രവിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാലക്ഷ്മ്യഷ്ടകം കേൾക്കാം:

മഹാലക്ഷ്മ്യഷ്ടകം

നമസ്തേസ്തു മഹാമായേ,
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ!

നമസ്തേ ഗരുഡാരൂഡേ!
കോലാസുര ഭയങ്കരി
സര്‍വ്വപാപ ഹരേ ദേവി,
മഹാലക്ഷ്മി നമോസ്തുതേ!

സര്‍വ്വജ്ഞേ സര്‍വ്വവരദേ,
സര്‍വ്വദുഷ്ടഭയങ്കരീ
സര്‍വ്വദു:ഖഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധി ബുദ്ധി പ്രദേ ദേവീ
ബുദ്ധി മുക്തി പ്രധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ
മഹാലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി
ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ,
മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ,
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ,
മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മീ നമോസ്തുതേ

ഫലശ്രുതി
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം
യ: പഠേല്‍ ഭക്തിമാന്നരാ:
സര്‍വ്വ സിദ്ധിമവാപ്നോതി
രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559

Story Summary : Diwali and Mahalakshmi Worshipping.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!