Wednesday, 26 Mar 2025
AstroG.in

അളവറ്റ ഐശ്വര്യാഭിവൃദ്ധി നേടാൻ പാപമോചിനി ഏകാദശി ചൊവ്വാഴ്ച

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഹിന്ദുപഞ്ചാംഗ പ്രകാരം 24 ഏകാദശികളിൽ അവസാനം ആചരിക്കുന്ന ഏകാദശിയാണ് മീനമാസത്തിലെ കറുത്തപക്ഷ ഏകാദശിയായ പാപമോചിനി ഏകാദശി. ഓരോ ഏകാദശിക്കും അതിന്റെ പ്രത്യേകതകൾ പ്രകാരം ഓരോ പേരുകളുണ്ട്. ഓരോന്നിൻ്റെയും പ്രാധാന്യമറിഞ്ഞ് വേണം വ്രതാനുഷ്ഠാനം.

പാപമോചിനി ഏകാദശി ഇത്തവണ മാർച്ച് 25
ചൊവ്വാഴ്ചയാണ്. ഇതിന് തിങ്കളാഴ്ച ദ്വാദശി നാളിൽ ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. പേര് പോലെ എല്ലാ പാപങ്ങളും ഈ വ്രതാനുഷ്ഠാനം നടത്തുന്നതിലൂടെ അവസാനിക്കും. കൂടാതെ ദുരിതങ്ങൾ മറികടക്കാനും കുടുംബൈശ്വര്യത്തിനും ഇത് ഉത്തമമാണ്. ഈ ദിവസം വ്രതം നോൽക്കാൻ കഴിയാത്തവർ വിഷ്ണു ക്ഷേത്ര ദർശനം നടത്തി ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുന്നത് ഈശ്വരാനുഗ്രഹത്തിന് ഗുണപ്രദമാണ്.

ഏകാദശി വ്രതാനുഷ്ഠാന ലക്ഷ്യം ഭൗതികസുഖമല്ല; പരമമായ മോക്ഷപ്രാപ്തിയാണ്. എന്നാൽ ഏകാദശി അനുഷ്ഠിക്കുന്നവർക്ക് സാധാരണഗതിയിൽ അളവറ്റ
ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകുന്നത് മിക്കവരുടെയും അനുഭവമാണ്. എങ്കിലും ഈ മോഹത്തോടെയാകരുത് വ്രതാനുഷ്ഠാനം. മോക്ഷദായകനായ വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തി മോക്ഷം നേടുക തന്നെയാകണം ലക്ഷ്യം. ജന്മജന്മാന്തര പാപങ്ങൾ പോലും അകറ്റി ഒരുവനെ മോക്ഷപദത്തിൽ എത്തിക്കാൻ ഈ വ്രതത്തിന് കഴിയും. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിൽ നീണ്ടു കിടക്കുന്നതാണ് ഏകാദശി വ്രതം.


വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേദിവസമായ ദശമിക്ക് ഒരിക്കൽ എടുക്കണം. ഏകാദശി ദിനം പൂർണമായി ഉപവസിക്കുക. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരം ഒഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചനയും തുളസിമാല, നെയ്‌വിളക്ക് എന്നിവയും നടത്തി പ്രാർത്ഥിക്കണം.
അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. കഴിയാവുന്നത്ര തവണ ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. കാമ – ക്രോധ ലോഭ വികാരങ്ങൾ ബാധിക്കാതെ മനസ്സിനെ സൂക്ഷിക്കണം. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും അരയാലിന് 7 പ്രദക്ഷിണം ചെയ്യുന്നതും ഉത്തമം. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശി ദിനം മുഴുവൻ വിഷ്ണുക്ഷേത്രത്തിൽ പൂജാദികർമങ്ങളിൽ പങ്കുകൊള്ളുന്നത്‌ ഉത്തമമാണ്.
അന്ന് ഉറക്കമൊഴിയുന്നതും മൗനം ആചരിക്കുന്നതും നന്ന്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി കഴിയുന്നതിന് 2 നാഴിക (48 മിനിറ്റ്) മുമ്പേ പാരണവീട്ടി വ്രതം അവസാനിപ്പിക്കണം. ദ്വാദശി തിഥിയുള്ളപ്പോഴോ പാരണ പാടുള്ളൂ. മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടാം. ദ്വാദശി നാളിലും ഒരിക്കലൂണ് പാലിക്കണം.

ഹരിവാസരവേള
ഏകാദശി വ്രതത്തിലെ പ്രധാന ഭാഗമാണ് ഹരിവാസര സമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണ് പറയുക. ഈ സമയം അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസിക്കുന്നു.

മാർച്ച് 25 ന് രാത്രി 10:04 മുതൽ 26 ന് രാവിലെ 9:13 വരെയാണ് ഹരിവാസര വേള. ഭൂമിയിൽ ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ഈ സമയത്ത് ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന കലിദോഷനിവാരണ മന്ത്രം 108 തവണ വീതം ജപിക്കുന്നത് നല്ലതാണ്.

ഏകാദശിക്ക് വഴിപാടുകൾ
നെയ്‌വിളക്ക്, ത്രിമധുരം, വെണ്ണനിവേദ്യം, പാൽ, പഴം നിവേദ്യം, പഞ്ചസാരനിവേദ്യം, പാൽപ്പായസനിവേദ്യം, മഞ്ഞപട്ട് ചാർത്തുക, തുളസിമാല ചാർത്തുക, താമരപ്പൂവ് കൊണ്ട് അർച്ചനചെയ്യുക, പാലഭിഷേകം എന്നീ വഴിപാടുകൾ. ഏകാദശി ദിവസം നടത്തുന്നത്
ഐശ്വര്യദായകമാണ്.

ഗ്രന്ഥപാരായണം ഏകാദശിക്ക്
ശ്രീമദ്ഭാഗവതം, ശ്രീരാമനാരായണീയം, ഭഗവത്ഗീത, എന്നീ ഗ്രന്ഥങ്ങൾ പരായണം ചെയ്യുന്നത് ഉത്തമം. സംസ്‌കൃതമോ മലയാളമോ വായിക്കാം. ശേ്‌ളാകങ്ങൾ വായിക്കാൻ അറിയാത്തവർ കഥ വായിക്കുക. ശ്രീകൃഷ്ണഭഗവാന്റെ അത്ഭുതകരമായ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുക. സമയം കിട്ടുമ്പോഴെല്ലാം വായിക്കാം. ഏകാദശി ദിവസം ഇങ്ങനെ ഭഗവത് സ്മരണയോടെ യഥാശക്തി നാമജപിച്ച് കഴിയണം. ഹരേ രാമമന്ത്രമെങ്കിലും ജപിക്കുന്നത് ഏറ്റവും ഉത്തമം. അതിന് കഴിയാത്തവർ മറ്റുള്ളവർ വായിക്കുന്നത് കേട്ടിരുന്നാലും മതി. ക്ഷേത്രങ്ങളിൽ പാരായണം നടക്കുന്നിടത്ത് ഭക്തജനങ്ങൾ കൂടുന്നതിന്റെകാരണം ഇതാണ്.

ദാനധർമ്മങ്ങൾ ഏകാദശിനാളിൽ
ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി അന്ന് അർഹരായവർക്ക്‌ ദാനം നൽകുന്നത് വിശേഷമാണ്. ഈ ദാനത്തിലൂടെ തപസ്സനുഷ്ഠിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ ഫലം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഇനി പറയുന്ന ദ്രവ്യങ്ങൾ യോഗ്യരായ വ്യക്തികൾക്ക് ഓം നമോ നാരായണായ എന്നമന്ത്രജപത്തോടെ ദാനം ചെയ്യുക. ഏതൊരു ദാനവും ഏകാദശിനാളിൽ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും:

വസ്ത്രം……………………….ഭൗതികസുഖസമൃദ്ധി
സ്വർണ്ണം………………………ജന്മാന്തരദുരിത മോചനം
വെള്ളി…………………………രോഗശാന്തി
ആഹാരം……………………. പാപശാന്തി
എണ്ണ…………………………..മുൻജന്മപാപശാന്തി
മധുരപലഹാരം………….. ഇഷ്ടകാര്യവിജയം
പഴവർഗ്ഗം …………………… രോഗശാന്തി
ഉപ്പ് ………………………………ശാരീരിക ക്ലേശമുക്തി
ശർക്കര……………………… ഇഷ്ടകാര്യലബ്ധി
ഭൂമി………………………………ശാപ, പാപദോഷമുക്തി
എള്ള്…………………………..പാപശാന്തി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Glories of Papamochani Ekadeshi Vritham, Fasting date, Parana time

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!