Wednesday, 18 Sep 2024
AstroG.in

ഗുരുവായൂരപ്പന് കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച ഓണത്തെ വരവേൽക്കും

ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച രാവിലെ പൊന്നോണത്തെ വരവേൽക്കും.
തിരുവോണത്തലേന്ന് ഭക്തർ കണ്ണന് സ്വർണ്ണം പോൽ തിളങ്ങുന്ന വാഴക്കുലകൾ സമർപ്പിച്ച് സായൂജ്യം നേടുന്ന വിശേഷ വഴിപാടാണ് ഉത്രാടം കാഴ്ചക്കുല വയ്പ്പ്.

ഉത്രാടപ്പുലരിയിൽ ശീവേലിക്കു ശേഷം ചടങ്ങുകൾ തുടങ്ങും. സ്വർണ്ണക്കൊടിമരത്തിന്റെ ചുവട്ടിലായിരിക്കും ചടങ്ങ്. അരിമാവ് കൊണ്ടലങ്കരിച്ച നാക്കിലകൾ വച്ച് അതിനു മുകളിൽ ക്ഷേത്രം മേൽശാന്തി പട്ടുകെട്ടിയ
ആദ്യ കാഴ്ചക്കുല ഭഗവാന് സമർപ്പിക്കും. തുടർന്ന് കീഴ്ശാന്തിമാരും ദേവസ്വം ഭാരവാഹികളും പ്രമുഖരായ
വൃക്തികളും ഭക്തരും കാഴ്ചക്കുലകൾ സമർപ്പിക്കും. സ്വർണ്ണക്കൊടിമരത്തിന് മുന്നിൽ സ്വർണ്ണവർണ്ണത്തിലുള്ള ലക്ഷണമൊത്ത നേന്ത്രക്കുലകളാകും കാഴ്ചക്കുലയായി മേൽശാന്തി സമർപ്പിക്കുക. ഭഗവാന് ഉത്രാടം കാഴ്ചക്കുല വയ്പ്പ് നടത്തിയാൽ അഭീഷ്ടസിദ്ധി, കാർഷികാഭിവൃദ്ധി എന്നിവ നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

സ്ഥലമാഹാത്മ്യം, ബിംബമാഹാത്മ്യം, പ്രതിഷ്ഠാമാഹാത്മ്യം എന്നിവ നിറഞ്ഞ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം.
ഭൂലോകവൈകുണ്ഠമായ ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിൽ ഒന്നാണ് ചിങ്ങത്തിലെ ഉത്രാടം നാളിലെ കാഴ്ചക്കുല വയ്പ്. ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാനായി ക്ഷേത്ര സമീപമുള്ള കച്ചവടക്കാർ മനോഹരമായ കാഴ്ചക്കുലകൾ സംഭരിക്കും. 2000 രൂപ മുതൽ 3000 രൂപ മോഹവിലയുള്ള കാഴ്ചക്കുലകളാണ് കൊണ്ട് വരുക. അതിൽ ഒരു വലിയകുല മേൽശാന്തി ഭഗവാന് സമർപ്പിക്കും. ലഭിക്കുന്ന കാഴ്ചക്കുലകളിൽ തിരുവോണത്തിന് പഴപായസത്തിന് ആവശ്യമുള്ളത് മാറ്റിവയ്ക്കും. ബാക്കിയുള്ളതിൽ ഒരു ഭാഗം ആനകൾക്ക് ഉത്രാട ദിവസവും തിരുവോണ ദിവസവും തീറ്റക്കായി നൽകും. ശേഷിക്കുന്ന കുലകൾ വൈകിട്ട് ലേലം ചെയ്ത് വിൽക്കും.

ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ
കൃഷ്ണാ ഗുരുവായൂരപ്പാ

Story Summary: Guruvayur temple Uthradam Kazhchakula offering 2024

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!