Saturday, 15 Mar 2025
AstroG.in

ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം എന്ന് തുടക്കണം, എന്ത് ജപിക്കണം ?

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)

ജ്യോതിഷരത്നം വേണു മഹാദേവ്
കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, 2025 മാർച്ച്
5 രാവിലെ 10: 15 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുമ്പ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നാളിലാണ് ഉത്സവം നടക്കുന്നത്. അതിന് തലേദിവസം അതായത് മകം നാളില്‍ കണ്ണകി മധുരാപുരി ചുട്ടെരിച്ചിട്ട് ആറ്റുകാലില്‍ എത്തിയെന്നും അപ്പോള്‍ ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിച്ചെന്നും ഐതിഹ്യം.

കണ്ണകീചരിതം പാടും

പൊങ്കാലയ്ക്ക് ഒൻപതു നാള്‍ മുമ്പാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു മുന്നില്‍ പച്ച ഓലകൊണ്ട് പന്തല്‍ കെട്ടും. ഈ പന്തലിലിരുന്ന് തോറ്റംപാട്ടുകാര്‍ കണ്ണകീചരിതം പാടും. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പാട്ട്. തോറ്റംപാട്ടിലൂടെ ഒരുക്കങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ ശ്രീകോവിലില്‍ ദിവ്യപ്രകാശമായി കൊടുങ്ങല്ലൂര്‍ ഭഗവതി പ്രവേശിക്കും. കുരവയും, ദേവീസ്തുതിയും നാമജപവും വെടിക്കെട്ടുമായി അന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോള്‍ ആറ്റുകാല്‍ ഭഗവതിയുടെ വാളിലേയ്ക്ക് ക്ഷേത്രം മേല്‍ശാന്തി വി മുരളീധരൻ നമ്പൂതിരി കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിക്കും. ദേവിയുടെ ഉടവാളില്‍ പഞ്ചലോഹം കൊണ്ടുള്ള ഒരു മോതിരം ബന്ധിക്കും. മറ്റൊന്ന് മേല്‍ശാന്തി ധരിക്കും. ഒപ്പം
ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ഒരു നേര്യത് കിരീടംപോലെ ഞൊറിഞ്ഞ് വിഗ്രഹത്തില്‍ ധരിപ്പിക്കും. ഇതാണ് കാപ്പുകെട്ട്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെ പൊങ്കാലയ്ക്ക് മുമ്പ് 9 ദിവസങ്ങളിലായി തോറ്റംകാര്‍ പാടും. പാണ്ഡ്യവധം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീപകരും. 2025 മാർച്ച് 13 വ്യാഴാഴ്ച രാവിലെ 10: 15 നാണ് പൊങ്കാലയ്ക്ക് അഗ്നി പകരുക. 1:15 നാണ് നിവേദ്യം.

കാപ്പുകെട്ടു മുതല്‍ വ്രതം
പൊങ്കാലയിടുന്നവർ കാപ്പുകെട്ടു മുതല്‍ വ്രതം തുടങ്ങുന്നത് നല്ലതാണ്. 9 ദിവസം വ്രതമെടുത്ത് പെങ്കാലയിട്ടാല്‍ സര്‍വൈശ്വര്യവും ലഭിക്കും. 9 ദിവസം വ്രതമെടുക്കാന്‍ കഴിയാത്തവര്‍ കുറഞ്ഞത് മൂന്നുദിവസം അല്ലെങ്കില്‍ തലേ ദിവസമെങ്കിലും വ്രതമെടുക്കണം.

ഒരിക്കലെടുത്ത് മത്സ്യമാംസ ഭക്ഷണം, ലഹരി വസ്തുക്കള്‍, ശാരീരികബന്ധം എന്നിവ ഒഴിവാക്കി
ദേവീ സ്തുതികള്‍ ജപിച്ച് വേണം വ്രതം. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ കുളിച്ച് പ്രാര്‍ത്ഥിക്കണം. പറ്റുമെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തണം. രണ്ടുനേരവും കുളിയും പ്രാര്‍ത്ഥനയും വേണം. കുംഭത്തിലെ പൗര്‍ണ്ണമിയും പൂരവും ഒത്തുവരുന്ന ദിവസമായ മാർച്ച് 13 ന് പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കാം. ഉച്ചയ്ക്ക് 1:15 ന് ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരിമാർ പൊങ്കാല നേദിച്ചു തരും. പിറ്റേന്ന് വ്രതം അവസാനിപ്പിക്കാം.

പൊങ്കാലയിടുന്നവർ ഇനിയുള്ള 9 ദിവസവും ലളിതാ സഹസ്രനാമം, ആറ്റുകാൽ അമ്മയുടെ അഷ്ടോത്തരം, ദുർഗ്ഗാ സപ്തശ്ലോകി , ഭദ്രകാളിപ്പത്ത് തുടങ്ങിയവ ജപിച്ചും ദേവീ മാഹാത്മ്യം, ദേവി ഭാഗവതം തുടങ്ങിയവ വായിച്ചും സാക്ഷാൽ ജഗദംബികയിൽ മനസ്സുറപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആറ്റുകാൽ അമ്മയുടെ അഷ്ടോത്തരം കേൾക്കാം :

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

Story Summary : Significance of Kappukettu; How to observe Attukal Ponkala Vritham

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!