മാനസിക സംഘർങ്ങളും ദുരിതങ്ങളും അകറ്റാൻ ജയ ഏകാദശി ശനിയാഴ്ച
മംഗളഗൗരി
ജീവിത ദുരിതങ്ങൾക്ക് ഒരു പ്രധാന കാരണമായ മാനസികമായ ബുദ്ധിമുട്ടുകളിൽ നിന്നും മനസിനെ ബാധിക്കുന്ന മറ്റ് എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടാനുതകുന്ന ഒന്നാണ് ജയ ഏകാദശി വ്രതാചരണം. മകരം – കുംഭം മാസങ്ങളിൽ വരുന്ന മാഘത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശിയായി ആചരിക്കുന്നത്. 2025 ഫ്രെബ്രുവരി 8 നാണ് ജയ ഏകാദശി. ഒരു വർഷം 24 മുതൽ 26 വരെ ഏകാദശികളുണ്ട്. ഇതിൽ ഒരോ ഏകാദശിക്കും ഒരോ പ്രത്യേകതകൾ പറയുന്നു. ജയ ഏകാദശിയുടെ സവിശേഷത അന്ന് വ്രതമെടുത്താൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത, പിശാചുകൾ ജയ ഏകാദശി നോറ്റ് പുണ്യം നേടുന്നവരെ ബാധിക്കില്ല എന്നാണ് വിശ്വാസം. ഭൂമി ഏകാദശി, ഭീഷ്മഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്ന ജയ ഏകാദശി വ്രതം ആചരിച്ചാൽ മാനസികമായ സംഘർഷങ്ങളിൽ നിന്നും മനോവിഷമങ്ങളിൽ നിന്നും മോചനം നേടാനാകും.
ബാധ എന്ന് പറഞ്ഞാൽ ചില സമയത്ത് മനസിൽ നിറയുന്ന ദുർവിചാരങ്ങളാണ്. ചിന്തകളിൽ മായ വന്ന് മൂടുമ്പോൾ മനോമാലിന്യങ്ങൾ അധികരിക്കും. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും തെറ്റായ രീതിയിലും
വിനാശകരമായും സമീപിക്കും. അശുഭചിന്തകൾ ശക്തമാകുമ്പോൾ എന്തിലും ദോഷങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കും. ഈ സമീപനം ബന്ധങ്ങളെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. ശരിയായ രീതിയിൽ കാര്യങ്ങൾ കാണാൻ കഴിയാതെ വരുമ്പോൾ ഉത്തമമായ തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ വരും. അല്ലെങ്കിൽ കർമ്മ വിമുഖത ശക്തമാകും. അന്തിമമായി ഇത് വ്യക്തിയുടെ നിലനില്പിനും പുരോഗതിക്കും തടസം ചെയ്യും. മനസും ശരീരവും ശുദ്ധമാക്കി നിഷ്ഠയോടെ ഈശ്വര ചിന്തയിൽ മുഴുകി വ്രതം ആചരിക്കുമ്പോൾ ആകുലതകളിൽ നിന്നും ദുർചിന്തകളിൽ നിന്നും സ്വയമറിയാതെ തന്നെ പുറത്തു വരാൻ സാധിക്കും.
പത്മപുരാണത്തിലും ഭവിഷ്യോത്തര പുരാണത്തിലും ജയ ഏകാദശി മാഹാത്മ്യം വർണ്ണിക്കുന്നുണ്ട്. എത്ര കടുത്ത പാപങ്ങളിൽ നിന്നു പോലും മോചനം നേടാൻ ഈ വ്രതം ഉത്തമമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് അരുളിച്ചെയ്തതായി പുരാണത്തിൽ പറയുന്നുണ്ട്. മാഘമാസം ശിവാരാധനയ്ക്കും പ്രധാനമായതിനാൽ ജയഏകാദശി ശിവഭക്തർക്കും വിഷ്ണുഭക്തർക്കും ഒരുപോലെ പ്രധാനമാണ്. അന്ന് ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണു പൂജ, വിഷ്ണു ക്ഷേത്രദർശനം എന്നിവ നടത്തി പ്രാർത്ഥിക്കണം. ഹരിവാസര വേളയായ ഫെബ്രുവരി 8 പകൽ 2:36 മണി മുതൽ രാത്രി 2:06 വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് വിഷണുഭജനം നടത്തണം. ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാന സമയമാണ് ഹരിവാസര വേള. ഭൂമിയിൽ മുഴുവൻ വിഷ്ണു ചൈതന്യം വ്യാപിക്കുന്ന ഈ സമയത്ത് ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. മഹാവിഷ്ണു അഷ്ടോത്തരം, വിഷ്ണുശതനാമ സ്തോത്രം, വിഷ്ണു സഹസ്രനാമം, ശ്രീകൃഷ്ണ അഷ്ടോത്തരം, ശ്രീരാമ അഷ്ടോത്തരം തുടങ്ങിയ വിഷ്ണു മന്ത്രങ്ങൾ ജപിച്ചാൽ അളവറ്റ ഭഗവത് പ്രീതി ലഭിക്കും. ജയഏകാദശി ദിവസം വ്രതം നോറ്റാലും ഇല്ലെങ്കിലും കഴിയുന്നത്ര വിഷ്ണുമന്ത്രങ്ങൾ, സ്തുതികൾ ജപിക്കുകയോ കേൾക്കുകയോ ചെയ്യണം.
ആരോഗ്യം അനുവദിക്കുന്നവർ പൂര്‍ണ്ണമായും ഏകാദശി നാൾ ഉപവസിക്കണം. അതിന് കഴിയാത്തവർ ഒരു നേരം
സസ്യഭക്ഷണവും മറ്റ് സമയത്ത് പഴങ്ങളും കഴിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ എല്ലാവർക്കും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ഫെബ്രുവരി 9 ന് രാവിലെ പാരണ വിടാം. ഏകാദശി നോൽക്കുന്നവർ
ഏറ്റവും കൂടുതൽ ജപിക്കുന്ന വിഷ്ണു ശതനാമ സ്തോത്രം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ചത് കേൾക്കാം:
Story Summary : Importance and Benefits of Jaya Ekadashi
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved