Monday, 25 Nov 2024
AstroG.in

തടസങ്ങൾ നീക്കി ആത്മീയബലം പകരും ഗുരുദേവന്റെ വിനായകാഷ്ടകം

മംഗള ഗൗരി

ജീവിതത്തിൽ തടസരഹിതമായ ഒരു പാത സൃഷ്ടിച്ച് ആത്മീയബലം പകരുന്ന ഗണപതി സ്തുതിയാണ്
ശ്രീനാരായണ ഗുരുദേവൻ രചിച്ച വിനായകാഷ്ടകം. ലളിതമായ സംസ്‌കൃത ഭാഷയിൽ രചിച്ച എട്ട് പദ്യങ്ങൾ ഉൾക്കൊള്ളുന്ന വിനായകാഷ്ടകം ഇഷ്ടദേവതാ ഭജനം വഴി ആത്മസാക്ഷാത്ക്കാരം നേടുന്നവിധം വ്യക്തമായി പ്രതിപാദിക്കുന്നു. ഈശ്വരാരാധനാ രൂപത്തിലുള്ള ഏതു കർമ്മത്തിന്റെയും ആരംഭത്തിൽ ഈ സ്‌തോത്രം ആലപിക്കാം.

പ്രഭാതത്തിലും പ്രദോഷത്തിലും ഈശ്വരവന്ദന ശേഷം ഈ സ്‌തോത്രം ജപിക്കുന്നത് ശുഭോദർക്കമായിരിക്കും. ഇത്തവണ ഗുരുദേവ ജയന്തി വിനായകാഷ്ടകം ജപിച്ച് നമുക്ക് സാർത്ഥകമാക്കാം. 2024 ആഗസ്റ്റ് 20 ന് ചിങ്ങമാസത്തിലെ ചതയ ദിനത്തിൽ ഗുരുദേവന്റെ 170-ാം ജയന്തിയാണ് നാടെങ്ങും ഭക്തിപുരസരം ആഘോഷിക്കുന്നത്.

1083 ൽ ഗുരുദേവൻ നാഗർകോവിലിനടുത്ത് കോട്ടാർ സന്ദർശിക്കുകയും അന്ന് ആ നാട്ടിലെ ആരാധനാ മൂർത്തികളായിരുന്ന മല്ലൻ, ചുടല, മാടൻ, കരിങ്കാളി മുതലായ ദുർദേവതകളുടെ വിഗ്രഹങ്ങളും മറ്റും എടുത്തുമാറ്റി പിള്ളയാർ കോവിൽ എന്ന മനോഹരമായ ഗണപതിക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തി. തുടർന്നു രചിച്ചതാകണം വിനായകാഷ്ടകം എന്ന് ഊഹിക്കപ്പെടുന്നതായി ഗുരുദേവ കൃതികൾക്ക് നിത്യഭാസുരമായ, സ്വർഗ്ഗീയകാന്തി പകർന്ന വ്യാഖ്യാനം രചിച്ച പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു. വിനായകാഷ്ടകം എന്നാണ് പേരെങ്കിലും ഈ പദ്യത്തിൽ എവിടെയും വിനായകൻ എന്ന പദം സ്വാമി ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

1954 -ൽ ശിവഗിരി മഠത്തിൽനിന്നും പ്രസിദ്ധീകരിച്ച ശ്രീനാരായണ ആൽബത്തിൽ പിള്ളയാർ കോവിലിന്റെ വിവരം നൽകിയിട്ടുള്ളതായി പ്രൊഫ. ബാലകൃഷ്ണൻ നായർ വിനായകാഷ്ടക വ്യാഖ്യാനത്തിന്റെ ആമുഖത്തിൽ
പറയുന്നു: ജഗത്തിന്റെ പരമസത്യം എങ്ങും നിറഞ്ഞു നിൽക്കുന്ന നിശ്ചലബോധമാണ്. ഗുരുദേവ കൃതികൾ ശ്രുതിയുക്ത്യനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത് സ്പഷ്ടമാക്കുന്നു. പക്ഷെ ഈ ശാസ്ത്രീയ സത്യം മനനം ചെയ്തറിയുക എല്ലാവർക്കും എളുപ്പമല്ല. അതുകൊണ്ട് ആ സത്യത്തിന്റെ പ്രതീകങ്ങൾ എന്ന നിലയിൽ ദേവദേവീ രൂപങ്ങൾ സങ്കല്പിക്കപ്പെട്ടു. മനസിന്റെ ഏകാഗ്രതയാണ് സത്യദർശനത്തിനുള്ള മാർഗ്ഗം. ഒരാൾക്ക് തന്റെ മനസിന് ഇണങ്ങുന്ന ഒരു രൂപം അംഗീകരിച്ച് മനസിനെ ധ്യാനനിഷ്ഠമാക്കി ഏകാഗ്രപ്പെടുത്താം. ഇങ്ങനെയുള്ള ബ്രഹ്മപ്രതീകങ്ങളിൽ പലതുകൊണ്ടും അത്ഭുതം ജനിപ്പിക്കുന്ന പ്രതീകമാണ് വിഘ്‌നേശ്വര ദേവ സങ്കൽപ്പം.

വിനായകൻ വിഘ്‌നേശ്വരനാണ്. ലൗകികത്തിൽ ആരംഭിച്ച് മുന്നോട്ടു നീങ്ങുന്ന മനുഷ്യജീവിതം അവസാനം ആത്മസാക്ഷാത്കാരം എന്ന ആദ്ധ്യാത്മിക ലക്ഷ്യം നേടി ധന്യമാകണം. ഭൗതിക, ആദ്ധ്യാത്മിക ലക്ഷ്യങ്ങൾ നേടുന്നതിന് നിരവധി വിഘ്‌നങ്ങളാണ് വന്നുചേരുക. ശാസ്ത്രീയമായ ബോധസത്യം മനനം ചെയ്തുറപ്പിക്കുന്ന ഒരാൾക്ക് ഈ വിഘ്‌നങ്ങൾ നിസാരമായി തരണം ചെയ്തു മുന്നോട്ടു നീങ്ങാൻ കഴിയും. ഗുരുദേവന്റെ ജീവിതം തന്നെ ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്.

എന്തായാലും സർവ്വജ്ഞനും സർവ്വശക്തനുമായ പരമാത്മാവിന്റെ കാരുണ്യം കൂടാതെ വിഘ്‌നങ്ങളെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ ഈ ലോകത്ത് ഒരു വ്യക്തിക്കുമാകില്ല. സ്വന്തം ആത്മാവായി വർത്തിക്കുന്ന
സർവ്വേശ്വരനെ അർപ്പണബുദ്ധിയോടെ സമീപിക്കാൻ കഴിയാത്തവർ ആ പ്രഭുവിന്റെ പ്രതിനിധിയായ വിനായകനെ ധ്യാനിച്ചുറപ്പിച്ച് വിഘ്‌ന വിജയത്തിനായി ഉപാസിക്കണം. അത്തരം ഉപാസകന്മാരുടെ ധ്യാനത്തെ സഹായിക്കാനാണ് ഗുരു വിനായകാഷ്ടകം രചിച്ചത്.

ലൗകികവും ആദ്ധ്യാത്മികവുമായ ലക്ഷ്യം വ്യക്തമായി മുന്നിൽ കണ്ട് വിഘ്‌നവിജയം കൊതിക്കുന്നവർ ഈ സ്‌തോത്രം ചൊല്ലി ഏകാഗ്രതയോടെ വിനായകനെ നിത്യവും ഉപാസിക്കണം. വിനായകനെ സ്തുതികളായ എട്ടു പദ്യങ്ങൾ ഉൾപ്പെട്ട സ്‌തോത്രം എന്ന അർത്ഥത്തിൽ ആണ് കൃതിക്ക് വിനായകാഷ്ടകം എന്ന പേര് വന്നത്. വിഘ്‌നങ്ങളുടെ നായകൻ എന്നാണ് വിനായക പദത്തിനർത്ഥം. നായകനായതിനാൽ ഭജിക്കുന്നവരെ വിഘ്‌നങ്ങൾ നീക്കി വിജയിപ്പിക്കാനും ഭജിക്കാത്തവരെ തടസങ്ങളുണ്ടാക്കി പരാജയപ്പെടുത്താനും കഴിവുള്ളവൻ എന്ന് അറിയുക. ഈശ്വരപ്രീതി കൊണ്ട് അല്ലാതെ ലൗകികമോ ആദ്ധ്യാത്മികമോ ആയ ജീവിതം സഫലമാകുന്നതല്ല. ഇക്കാര്യം വ്യക്തമായി ഓർമ്മിച്ചു കൊണ്ട് അഷ്ടക പദ്യങ്ങളെ ഒരോന്നായി സമീപിക്കാം.
വിനായകാഷ്ടകം

നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിര:ശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേ അഭീഷ്ടസന്ദം

കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം

ഗളദ്ദാനമാലം ചലദ്‌ഭോഗിമാലം
ഗളാമ്‌ഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം

ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം

കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലത്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീ ശിവാക്ഷം

സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛുലപാശം ഭജേ കൃത്തപാശം

തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകകൈകവൃന്തം
സുമന്ദം പരന്തം ഭജേ അഹം ഭവന്തം

ശിവപ്രേമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദ പൂർണ്ണം
വിവർണ്ണ പ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം

മംഗള ഗൗരി

Story Summary: Lyrics and Divinity Of Vinayakashtakam by Sree Narayana Guru

Copyright 2024 Neramonline.com. All rights reserved

error: Content is protected !!