Friday, 1 Nov 2024
AstroG.in

ആറു വർഷത്തിന് ശേഷം മണ്ണാറശ്ശാലയിൽ ശനിയാഴ്ച ആയില്യം എഴുന്നള്ളത്ത്

രവികുമാർ

ആറു വർഷത്തിന് ശേഷം മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം ആയില്യം എഴുന്നള്ളത്തിന് ഒരുങ്ങി. 2024
ഒക്ടോബർ 26 ശനിയാഴ്ചയാണ് മണ്ണാറശ്ശാല തുലാം ആയില്യവും എഴുന്നള്ളത്തും.

മുൻ വലിയമ്മയായിരുന്ന മണ്ണാറശാല ഉമാദേവി അന്തര്‍ജനത്തിന്‍റെ അനാരോഗ്യത്തെ തുടർന്ന് 2018 ന് ശേഷം ഇവിടെ ആയില്യപൂജയും എഴുന്നള്ളത്തും മുടങ്ങിയിരുന്നു. ഉമാദേവി അന്തര്‍ജനം 2023 ആഗസ്റ്റ് 9ന് സമാധിയായതിനെ തുടർന്ന് സാവിത്രി അന്തര്‍ജനം മണ്ണാറശാല വലിയമ്മയായി. കഴിഞ്ഞ കന്നിമാസത്തിലെ ആയില്യം നാളിലാണ് സാവിത്രി അന്തർജനം ആദ്യമായി ആയില്യം എഴുന്നള്ളത്തിനും ആയില്യം പൂജയ്ക്കും കാർമ്മികത്വം വഹിച്ചത്.

ഒക്ടോബർ 24 മുതൽ 26 വരെയാണ് ഈ വർഷത്തെ മണ്ണാറശ്ശാല ആയില്യം നടക്കുന്നത്. ഇതിന്റെ ഭാഗമായി കാവിൽ പൂജകൾ തുടങ്ങി. 24 വ്യാഴാഴ്ച പുണർതം നാളിൽ വൈകിട്ട് 5:00 മണിക്ക് മഹാദീപക്കാഴ്ച നടക്കും.
25 ന് രാവിലെ 9:30 ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തൽ നടക്കും. തുടർന്ന് ഉച്ചപൂജ.
രാവില 11:00 ന് പ്രസാദമൂട്ട് തുടങ്ങും. വൈകിട്ട് അഞ്ചു മണിമുതൽ പൂയം തൊഴൽ ആരംഭിക്കും. അമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടക്കും. ഇതിനിടെ അനന്തനെ ദര്‍ശിക്കുന്നതാണ് പൂയം തൊഴൽ. നിലവറയിൽ വസിക്കുന്ന നാഗരാജാവായ അനന്ത സങ്കല്പത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ഭഗവാന് ചാർത്തുന്നത്. രാത്രി 10 മണി വരെയാണ് പൂയം തൊഴാൻ അവസരം.

മണ്ണാറശ്ശാല ആയില്യം ദിവസം പുലർച്ചെ 4 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകത്തിന് ശേഷം പൂജകൾ ആരംഭിക്കും. ഉച്ചപൂജയ്ക്ക് ശേഷം നിലവറയ്ക്ക് മുന്നിൽ ആയില്യം പൂജയ്ക്കായുള്ള നാഗപത്മകളം വരയ്ക്കും. തുടർന്ന് വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യം എഴുന്നള്ളത്തിന് തുടക്കമാകും. ഈ എഴുന്നള്ളത്ത് ഇല്ലത്ത് എത്തിക്കഴിഞ്ഞാൽ ആയില്യം പൂജ തുടങ്ങും. രാത്രി ഏറെ വൈകും ഇത് സമാപിക്കാൻ. ആയില്യം നാൾ
രാവിലെ 7:30 മുതൽ മണ്ണാറശ്ശാല അമ്മ ഭക്തർക്ക് ദര്‍ശനം നല്കും. നിലവറയ്ക്ക് സമീപമാണ് ദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നാഗക്ഷേത്രങ്ങളിൽ കന്നി മാസത്തിലെ ആയില്യമാണ് പ്രധാനമെങ്കിലും മണ്ണാറശ്ശാലയിൽ തുലാം മാസത്തിലാണ് ആഘോഷം. മഹാദേവന്‍റെ കണ്ഠാഭരണമായ വാസുകിയെയും നാഗാമാതാവായ സർപ്പയക്ഷിയെയും ആരാധിക്കുവാനാണ് ആളുകൾ ഇവിടെ വരുന്നത്.

Story Summary: Mannarasala Ayilyam Ezhunnallathu on October 26 , 2024

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!