ഇത്തവണത്തെ നവരാത്രി വിശേഷങ്ങൾ; പൂജ വയ്പ് ഒക്ടോബർ 10 വ്യാഴാഴ്ച
ജ്യോതിഷാചാര്യൻ മഹേന്ദ്രകുമാർ
ശക്തിസ്വരൂപിണിയായ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി കാലം. ഈ സമയത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. കന്നിമാസത്തിലെ കറുത്തവാവ്
കഴിഞ്ഞു വരുന്ന പ്രഥമ മുതലാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്.
ഇത്തവണ 11 ദിവസം
2024 ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ചയാണ് ഈ പ്രാവശ്യം ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് ആശ്വിനത്തിലെ ശരത് ഋതു നവരാത്രി സമാരംഭിക്കും. സാധാരണ ഒൻപത് രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളുന്നു.
ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ് ഒരു തിഥി എങ്കിൽ ഇത്തവണ ഭൂരിപക്ഷം തിഥികൾക്കും ദൈർഘ്യം കൂടുതലാണ്. വേഗം കുറഞ്ഞ ചന്ദ്രസഞ്ചാരമാണ് ഇതിന് കാരണം. ഓരോ തിഥികളുടേയും ദൈർഘ്യം ഇവിടെ കൊടുക്കുന്നു. എളുപ്പം മനസ്സിലാക്കാനായി നാഴിക, വിനാഴികകൾക്ക് പകരം മണിക്കൂർ – മിനിട്ടിലാണ് അത് രേഖപ്പെടുത്തുന്നത്.
പ്രഥമ …………….26 മണിക്കൂർ 40 മിനിട്ട്
ദ്വിതീയ …………..26 മണിക്കൂർ 32 മിനിട്ട്
തൃതീയ …………..26 മണിക്കൂർ 18 മിനിട്ട്
ചതുർത്ഥി …….. 25 മണിക്കൂർ 57 മിനിട്ട്
പഞ്ചമി………….. 25 മണിക്കൂർ 30 മിനിട്ട്
ഷഷ്ഠി ……………24 മണിക്കൂർ 55 മിനിട്ട്
സപ്തമി …………24 മണിക്കൂർ 7 മിനിട്ട്
അഷ്ടമി ………..23 മണിക്കൂർ 35 മിനിട്ട്
നവമി ……………. 22 മണിക്കൂർ 52 മിനിട്ട്
ദശമി …………….. 22 മണിക്കൂർ 11 മിനിട്ട്
240 മണിക്കൂർ കൊണ്ട് അഥവാ 10 ദിവസം കൊണ്ട് സഞ്ചരിക്കേണ്ട ദൂരം ചന്ദ്രൻ സഞ്ചരിക്കുന്നത് 248 മണിക്കൂർ 37 മിനിട്ട് സമയമെടുത്താണ്. അധികമായി എടുത്ത 8 മണിക്കൂർ 37 മിനുട്ട് സമയം കാരണമായാണ് ദശമി തിഥി പതിനൊന്നാം ദിവസത്തിലേക്ക് കയറിയത്.
മൂകാംബികയിൽ വിദ്യാരംഭം
ശനിയാഴ്ച
മൂകാംബികയിലെ വിദ്യാരംഭം പത്താം ദിവസമായ ഒക്ടോബർ 12 ശനിയാഴ്ചയാണ്. അന്ന് ഉദയാത്പരം 11 നാഴിക 47 വിനാഴിക വരെ, അതായത് രാവിലെ 10:55 വരെ നവമി തിഥിയാണ്.
പതിനൊന്നാം ദിവസം ഒക്ടോബർ 13 ( കന്നി 27 ) ഞായറാഴ്ച ഉദയാത്പരം 7 നാഴിക 17 വിനാഴിക ദശമി തിഥി ഉള്ളതിനാൽ ( രാവിലെ 9:06 വരെ ) അന്നാണ് കേരളാചാര പ്രകാരം വിജയദശമിയുടെ ഭാഗമായുള്ള വിദ്യാരംഭം ആചരിക്കേണ്ടത്. ഇവിടെ ഉദയാത്പരം 6 നാഴിക + നിയമമാണ് പതിവ് .
പൂജ വയ്പ്
ഒക്ടോബർ 10 ന്
അഷ്ടമി സന്ധ്യക്ക് തൊടുന്ന ദിവസമാണ് പൂജ വയ്ക്കേണ്ടത്. അത് ഒക്ടോബർ 10 വ്യാഴാഴ്ചയാണ് വരിക. 1200 കന്നി 24 . അന്ന് സപ്തമി തിഥി ഉച്ചയ്ക്ക് 12:28 ന് അവസാനിക്കുന്നുണ്ട്.
ഒക്ടോബർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അതു കൊണ്ട് അന്ന് വൈകിട്ട് അഷ്ടമിയുടെ സ്പർശം ഇല്ലാത്തതിനാൽ തലേന്നാണ് പൂജവയ്പ്പ്. ചുരുക്കിപ്പറഞ്ഞാൽ: ഇത്തവണ വ്യാഴാഴ്ച വൈകിട്ട് പൂജ വച്ചാൽ…. വെള്ളിയും ശനിയും കഴിഞ്ഞ് ഞായറാഴ്ച രാവിലെയേ പൂജ എടുക്കാൻ പറ്റൂ….
ജ്യോതിഷാചാര്യൻ മഹേന്ദ്രകുമാർ
+91 9947943979
Story Summary : Navaratri Pooja 2024 October 3 – 13