Friday, 22 Nov 2024
AstroG.in

സർവ്വദോഷ പരിഹാരത്തിന് നവരാത്രി ആരംഭം ഒക്‌ടോബർ 3 ന്

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ജീവിതവിജയത്തിന് ഏറ്റവും ഗുണകരമായ ഉപാസനാ കാലമാണ് കന്നി മാസത്തിലെ നവരാത്രി. ആദിപരാശക്തിയായ ദേവിയെ വിവിധ ഭാവങ്ങളിൽ. ഭജിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഈ കാലയളവിലെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലിക്കുന്നു. അത്ഭുതശക്തിയുള്ള മന്ത്രങ്ങൾ ജപിച്ചു തുടങ്ങുന്നതിനും നവരാത്രി ഏറ്റവും ഗുണപ്രദമാണ്. ഈ സമയത്ത് ചെയ്യുന്ന ഏതൊരു പ്രാർത്ഥനയും ഏറ്റവും വേഗത്തിൽ ഫലിക്കും.

വ്രതത്തിന്റെ ചിട്ടകൾ
നവരാത്രിയുടെ മുഴുവൻ ദിനങ്ങളിലും മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. അരിയാഹാരം ഒരുനേരം മാത്രമാക്കണം. മറ്റ് നേരങ്ങളിൽ പഴവർഗ്ഗം കഴിക്കുക. എല്ലാ ദിവസവും ദേവീക്ഷേത്രദർശനം നടത്തുക. ലളിതാസഹസ്രനാമമോ ദേവിയുടെ എന്തെങ്കിലും പ്രാർത്ഥനകളോ സാധിക്കുമ്പോഴെല്ലാം ചൊല്ലുക. ഇതൊക്കെയാണ് പ്രധാന വ്രത ചിട്ടകൾ.

നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ 2024 ഒക്ടോബർ 3 ബുധനാഴ്ച അശ്വനി മാസ പ്രഥമ മുതൽ 13 ന് വിജയ ദശമി വരെ ദേവി ഉപാസനയുടെ ഭാഗമായി വ്രതം നോൽക്കണം. കഴിയുന്നത്ര ദേവീ മന്ത്രങ്ങളും സ്തുതികളും കീർത്തനങ്ങളും ജപിക്കണം. വ്രതം നോൽക്കുന്നവർ നിശ്ചയമായും ദേവീ ഭക്തരുടെ കാമധേനു എന്ന് പ്രസിദ്ധമായ ലളിതാസഹസ്രനാമം ജപിക്കണം. പാപദുരിതങ്ങൾ ആഗ്രഹസാഫല്യം നൽകുന്നതിന് ഇത് ഉത്തമമാണ്. സൗന്ദര്യലഹരി , ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നിവയാണ് നവരാത്രി ദിനങ്ങൾ ധന്യമാക്കാൻ പാരായണം ചെയ്യേണ്ട ദിവ്യ ഗ്രന്ഥങ്ങൾ:

ലളിതാ സഹസ്രനാമം
നവരാത്രി ദിനങ്ങളിൽ നിത്യേന ത്രിസന്ധ്യകളിലും അതായത് പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സയാഹ്നത്തിലും ലളിതാ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും പുണ്യപ്രദമാണ്. അത്ഭുതശക്തിയുള്ള ദേവിയുടെ 1000 നാമങ്ങളാണ് ലളിതാസഹസ്രനാമം എന്ന് അറിയപ്പെടുന്നത്. നെയ്‌വിളക്ക് കൊളുത്തിവച്ച് അതിന് മുമ്പിലിരുന്ന് ജപിക്കണം. സാവകാശം ജപിക്കുകയാണെങ്കിൽ ഏകദേശം ഒരു മണിക്കൂർ വേണ്ടിവരും ഈ സഹസ്രനാമം ചെല്ലുവാൻ. ഇപ്രകാരം മൂന്ന് നേരവും ചെയ്യുന്നത് ഉത്തമം. ഉച്ചസമയത്ത് സാധിക്കാത്തവർക്ക് രാവിലെയും വൈകിട്ടും മാത്രമായും ജപിക്കാം. അറിഞ്ഞോ അറിയാതെയോ നമുക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾക്ക് പ്രായശ്ചിത്തം കൂടിയാണ് ലളിതാ സഹസ്രനാമജപം. ഇഷ്ടകാര്യ വിജയത്തിനും ലളിതാസഹസ്രനാമം ജപിക്കാം. പാപദുരിതശാന്തിയും മന:ശാന്തിയുമാണ് പ്രധാനഫലങ്ങൾ.

സൗന്ദര്യലഹരി
പരാശക്തിയായ ദേവിയുടെ വർണ്ണനയും സ്തുതിയും അത്ഭുതശക്തി പ്രവാഹമുള്ള മന്ത്രങ്ങളും അടങ്ങുന്ന മഹത്കൃതിയാണ് ശങ്കരാചാര്യകൃതമായ സൗന്ദര്യലഹരി. മന:ശാന്തിക്ക് ഫലപ്രദമായ 100 ശ്ലോകങ്ങളടങ്ങിയ ഈ സ്തോത്രം വെളുത്ത വസ്ത്രം ധരിച്ച് കിഴക്ക് അഭിമുഖമായി ഇരുന്ന് രാവിലെയും ചുവന്നവസ്ത്രം ധരിച്ച് പടിഞ്ഞാറ് അഭിമുഖമായിരുന്ന് വൈകിട്ടും ജപിക്കാം. പലവിധ ടെൻഷൻ മൂലം ക്ലേശിക്കുന്നവർക്ക് മനോധൈര്യത്തിനും മനശാന്തിക്കും ഗുണകരമാണ്. സൗന്ദര്യലഹരി പാരായണം അക്ഷരത്തെറ്റ് കൂടാതെ ഭക്തിയോടെ ശ്രദ്ധയോടെ പാരായണം ചെയ്യണം. ഒരോ ശ്ലോകത്തിനും പ്രത്യേകം ഫലങ്ങളും പറയുന്നുണ്ട്.

ദേവിഭാഗവതം
ദേവിയുടെ ചരിതം മനോഹരമായും ഭക്തിസാന്ദ്രമായും രചിച്ചിരിക്കുന്ന പുണ്യഗ്രന്ഥമാണ് ദേവിഭാഗവതം. ഈ ദേവീകഥകൾ കേൾക്കുന്നതും സ്മരിക്കുന്നതും മന:ശാന്തിക്കും പാപനിവാരണത്തിനും ഗുണകരമാണ്. എല്ലാ ദിവസവും സൂര്യോദയം കഴിഞ്ഞ് അസ്തമയം വരെ ദേവിഭാഗവതം പാരായണം ചെയ്യാം. 9 ദിനങ്ങൾ കൊണ്ട് പൂർത്തിയായാൽ നല്ലത്. പൂർത്തിയായില്ലായെങ്കിലും ദോഷമില്ല. നവരാത്രികാലത്ത് അല്ലാതെ സാധാരണ കാലങ്ങളിലും പാരായണവും ചെയ്യാം. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പൗർണ്ണമിദിനവും പാരായണം തുടങ്ങാൻ ഏറ്റവും നല്ലതാണ്.

ദേവീമാഹാത്മ്യം
വളരെ ശക്തിയുള്ള ഒട്ടനവധി മന്ത്രങ്ങൾ അടങ്ങുന്ന പ്രശസ്തമായ ഉപാസനപദ്ധതിയാണ് ദേവീമാഹാത്മ്യം. ഐതിഹ്യങ്ങളിൽ നോക്കിയാൽ ഭൂതപ്രേതപിശാചരിൽ നിന്നും രക്ഷനേടുന്നതിന് നമ്മുടെ പൂർവ്വികരായ മാന്ത്രികർ ദേവീമാഹാത്മ്യം ഉപാസിച്ചിരുന്നു. ഓരോ അക്ഷരവും ശക്തിയേറിയ ഓരോ മന്ത്രങ്ങളായി കണക്കാക്കുന്നു. ഒട്ടനവധി മാന്ത്രിക പ്രയോഗങ്ങളിലും ദേവീമാഹാത്മ്യം ഉപയോഗിക്കുന്നുണ്ട്. ദേവീമാഹാത്മ്യം ഗ്രന്ഥം ഗൃഹത്തിൽ സൂക്ഷിക്കുന്നതുപോലും വലിയ ഒരു രക്ഷയായി കണക്കാക്കുന്നു. പട്ടിൽ പൊതിഞ്ഞ് ദേവീമാഹാത്മ്യം പൂജാമുറിയിലോ പവിത്രമായ ഏതെങ്കിലും സ്ഥലത്തോ സൂക്ഷിക്കാം. ഒരുഗുരുവിൽ നിന്നും ഉപദേശമായി ദേവീമാഹാത്മ്യം സ്വീകരിക്കുന്നത് പഴയ കാലം മുതൽക്കേ മാന്ത്രികർക്കിടയിൽ പ്രധാനമാണ്. മറ്റുള്ളവരുടെ ദോഷം നീക്കാൻ പൂജാകർമ്മങ്ങൾ ചെയ്യുന്ന മന്ത്രപ്രയോഗികളുടെയെല്ലാം
രക്ഷാകവചമായും ദേവീമാഹാത്മ്യം ഉപയോഗിച്ചു വരുന്നു. 9 ദിനങ്ങളിലും കുറച്ചു വീതം പാരായണം
ചെയ്ത് പൂർത്തിയാക്കാം. അശുദ്ധിയുള്ള സ്ഥലത്തിരുന്ന് പാരായണം പാടില്ല. നെയ്‌വിളക്ക് കൊളുത്തി വച്ച് പാരായണം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം.

ഇത്തവണത്തെ നവരാത്രി ആചരണം സംബന്ധിച്ച് അറിയേണ്ടതായ എല്ലാ കാര്യങ്ങളും വിശദമായി
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണാം:


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary: Navaratri Pooja Rules, Rituals & Benefits by Puthumna Maheshwaran Namboothiri

Copyright 2024 Neramonline.com. All rights reserved

error: Content is protected !!