Friday, 22 Nov 2024
AstroG.in

ഓണം തലമുറകളിലേക്ക് കൈമാറുന്ന മാനവികതയുടെ നിറദീപം

മംഗള ഗൗരി
സമത്വത്തിന്റെയും സാഹോദര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും സ്മൃതികളുണർത്തി മണ്ണിലും മനസ്സിലും പ്രതീക്ഷയുടെ നിറദീപം തെളിച്ച് ഒരു ഓണം കൂടി വന്നെത്തുന്നു. പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി ധർമ്മം വെടിയാതെ മാലോകരെല്ലാം ഒന്ന് എന്ന മഹാസന്ദേശത്തോടെ നാടുവാണ ഓർമ്മകൾ പുതുക്കുന്ന ഈ വർഷത്തെ തിരുവോണം 2024 സെപ്തംബർ 15 ഞായറാഴ്ചയാണ്.

ഓണസദ്യയും ഓണക്കോടിയും ഓണക്കളികളും മറ്റുമായി ആഹ്ലാദാരവം നിറയുന്ന ഓണാഘോഷത്തിലെ ഏറ്റവും പ്രധാന വിശേഷങ്ങളിൽ ഒന്നാണ് പൂക്കളമൊരുക്കൽ. മുറ്റത്ത് ചാണകം മെഴുകിയ തറയിലായിരുന്നു പണ്ടൊക്കെ പൂക്കളമിടുന്നത്. ആദ്യദിവസമായ അത്തത്തിന് തുമ്പപ്പൂവും മുക്കുറ്റിയുമാണ് പ്രധാനം. അന്ന് ഒരുനിര പൂവ് ഇട്ടാൽമതി രണ്ടാം ദിവസം രണ്ടിനം പൂവ്, മൂന്നാം ദിവസം മൂന്നിനം പൂവ്, ഇങ്ങനെ ദിവസം ചെല്ലുന്തോറും പൂവിന്റെ നിറങ്ങളും കളത്തിലെ വരികളുടെ എണ്ണവും കൂടിവരും. വൃത്താകൃതിയിലാണ് സാധാരണ പൂക്കളമൊരുക്കുന്നത് എന്നാൽ ചിലയിടങ്ങളിൽ പ്രത്യേക ആകൃതിയിൽ ചില ദിവസങ്ങളിൽ പൂക്കളമെഴുതുന്ന രീതിയുമുണ്ട്. ഉത്രാടത്തിനാണ് ഏറ്റവും വലിപ്പത്തിൽ പരമാവധി ഭംഗിയായി പൂക്കളമൊരുക്കുന്നത്. ഇന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ വരച്ചു പൂക്കമിടാറുണ്ട്.

വാമനന്റെ വരദാനത്താൽ പാതാളത്തിൽ നിന്ന് മഹാബലി പ്രജകളെ കാണാൻ എത്തുന്ന ചിങ്ങത്തിലെ തിരുവോണം വാമനമൂർത്തിയുടെ അവതാരദിനം കൂടിയാണ്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ
ഉൾപ്പെട്ടതാണ് വാമനാവതാരം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിസ്വാർത്ഥതയുടെയും ആത്മബലിയുടെയും കൂട്ടായ്മയുടെയും മാനവികതയുടെയും സന്ദേശങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്ന നിറദീപം കൂടിയാണ് ഓണം.

ചിങ്ങത്തിലെ തിരുവോണം വ്രതമെടുത്തും ആചരിക്കാറുണ്ട്. അനപത്യതാദു:ഖം അനുഭവിക്കുന്ന ദമ്പതികൾ സന്താനലബ്ധിക്കും സന്താനങ്ങളുടെ കാര്യങ്ങളിൽ മറ്റ് വിഷമങ്ങൾ അനുഭവിക്കുന്ന മാതാപിതാക്കൾ സന്താനങ്ങളുടെ ശ്രേയസ്സിനും തിരുവോണവ്രതം അനുഷ്ഠിക്കാറുണ്ട്. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് അനുഷ്ഠിക്കുന്ന വ്രതമാണിത്.

തിരുവോണവ്രതമനുഷ്ഠിക്കുന്നവർ പൊതു വ്രതനിഷ്ഠകൾ പാലിക്കണം. വിഭവസമൃദ്ധമായ തിരുവോണ സദ്യയ്ക്ക് പകരം ഉച്ചയ്ക്ക് ഒരുനേരം വെള്ളച്ചോറ് മാത്രം കഴിക്കുക. പരിപ്പ്, ഉള്ളി എന്നിവ ഒഴിവാക്കുക. തിരുവോണദിവസം ബ്രാഹ്‌മ മൂഹുർത്തത്തിൽ ഉണർന്ന് കുളിച്ച് ക്ഷേത്രദർശനം നടത്തി തൊഴുത് പ്രാർത്ഥിക്കണം. തിരിച്ച് വീട്ടിലെത്തി വ്രതചര്യകൾ തുടരണം. ബ്രഹ്‌മചര്യം പ്രധാനമാണ്. മത്സ്യ-മാംസാദി ഉപേക്ഷിക്കണം. പകലുറക്കം പാടില്ല. അവിട്ടം നക്ഷത്രദിവസം പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കാം.

Story Summary: Onam Celebrations and Thiruvonam Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!