Friday, 22 Nov 2024
AstroG.in

ശ്രീരാമ മന്ത്ര ജപം ദൗർഭാഗ്യങ്ങൾ അകറ്റി എല്ലാ ഭൗതിക നേട്ടങ്ങളും സമ്മാനിക്കും

മംഗള ഗൗരി
എല്ലാ രീതിയിലും സൗഖ്യവും സുരക്ഷിതത്വവും സമ്മാനിക്കുന്ന ശ്രീരാമ മന്ത്രങ്ങൾ ജപിക്കാൻ ഏറ്റവും
നല്ല സമയമാണ് കർക്കടക മാസം. ഇക്കാലത്ത് തുടങ്ങുന്ന ശ്രീരാമ – ഹനുമദ് ഉപാസനകൾക്ക് വേഗം
ഫലസിദ്ധി ലഭിക്കുന്നത് ഭക്തലക്ഷങ്ങളുടെ അനുഭവം തന്നെയാണ്.

മൂലമന്ത്രം
ഓം രാം രാമായ നമഃ എന്നതാണ് ശ്രീരാമന്റെ മൂലമന്ത്രം. നിത്യേന ഈ മന്ത്രം 108 വീതം രണ്ട് നേരം ജപിക്കുന്നത് പാപദുരിതങ്ങളില്ലാതാക്കും. മത്സ്യമാംസാദി ത്യജിച്ച് വ്രതചര്യയോടെ 64 ദിവസം രണ്ട് നേരം ഈ മന്ത്രം 108 വീതം ജപിക്കുക. ഭാഗ്യം തെളിയാന്‍ ഗുണകരമാണ്. ധനലബ്ധിക്കും കിട്ടുന്ന ധനം നിലനില്ക്കുന്നതിനും ഉത്തമം. 21 ദിവസം രണ്ട് നേരം 108 വീതം മൂലമന്ത്രം ജപിക്കുന്നത് ദൃഷ്ടിദോഷത്തിന് നല്ലതാണ്. അതുവഴി ദൗര്‍ഭാഗ്യം നീങ്ങി ശാന്തിയും ഐശ്വര്യവും ലഭ്യമാകും. സ്ത്രീകൾ അശുദ്ധിയുള്ള സമയത്ത് ജപിക്കരുത്. അത് കഴിഞ്ഞ് ജപം തുടർന്ന് 64 ദിവസം ‘പൂർത്തിയാക്കിയാൽ മതി.

എല്ലാ തിന്മകളും മനോമാലിന്യങ്ങളും അകറ്റി മനസിനെ സുരക്ഷിതമാക്കാനും മനുഷ്യരെ സുചരിതരാക്കാനും ശ്രീരാമനാമജപം സഹായിക്കും. രണ്ടു പദങ്ങളാണ് ശ്രീരാമനാമത്തിലുള്ളത് – ശ്രീയും രായും. സ്ത്രീ പുരുഷ ഊർജ്ജത്തിന്റെ സമ്മേളനമാണിത്. ഒരു അർത്ഥത്തിൽ ശക്തിയും ശിവവുമാണിത് . അതിനാൽ മറ്റേതൊരു മന്ത്രത്തെക്കാളും അത്യുദാത്തമായ ഫലദാന ശേഷി ശ്രീരാമമന്ത്രത്തിനുണ്ട്. ആത്മീയാനുഭൂതിയിലേക്കുള്ള
രാജകീയമായ വഴിയുമാണ് ശ്രീരാമ മന്ത്രം. ഭയവും ജീവിതത്തിലെ മറ്റ് എല്ലാ തരത്തിലെ സങ്കീർണ്ണതകളും അതിജീവിക്കാൻ ഈ മന്ത്രജപം സഹായിക്കും. പോരാത്തതിന് എല്ലാ ഭൗതിക നേട്ടങ്ങളും സമ്മാനിക്കും.
വളരെ മികച്ച ഐക്യമത്യസൂക്തവു മന്ത്രവുമാണിത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുെമെല്ലാം
ഒന്നിപ്പിക്കാനുള്ള ശക്തി രാമ മന്ത്രത്തിനുണ്ട്.

തേരഹ് അക്ഷർ
വെറുതെ ശ്രീരാമ ജയം എന്ന് ജപിച്ചാൽ പോലും ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ ലഭിക്കും. ശ്രീരാമ ഭക്തർ ദേശഭേദമില്ലാതെ ഏറ്റവും കൂടുതൽ ജപിക്കുന്ന മന്ത്രമാണ് തേരഹ് അക്ഷർ എന്നറിയപ്പെടുന്ന ശ്രീറാം ജയറാം ജയ ജയറാം. വടക്കേ ഇന്ത്യയിലാണ് ഈ മന്ത്രത്തെ തേരഹ് അക്ഷർ എന്ന് അറിയപ്പെടുന്നത്. തേരഹ് എന്നാൽ പതിമൂന്ന് അക്ഷർ എന്നാൽ അക്ഷരം. 13 അക്ഷരങ്ങൾ എന്ന് ചുരുക്കം. ഈ മന്ത്രം ദിവസവും ജപിക്കുന്നവർക്ക് നവോന്മേഷം ഉണ്ടാവുന്നു. സമർത്ഥരാമദാസൻ എന്ന മഹാൻ ഹനുമാന്റെ പുനവതാരമാണെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഈ മന്ത്രം ജപിച്ച് ധാരാളം അത്ഭുതങ്ങൾ നടത്തിയിട്ടുണ്ട്. സമർത്ഥരാമദാസന്റെ നിർദ്ദേശാനുസരണമാണ് ഛത്രപതി ശിവജി ഒരു സാമ്രാജ്യം സൃഷ്ടിച്ച് ജനങ്ങളെ നേർവഴിക്ക് നയിച്ച് സന്തുഷ്ടജീവിതമേകിയത്.

അഷ്ടോത്തരം
ശ്രീരാമ അഷ്ടോത്തരം അല്ലെങ്കിൽ രാമ അഷ്ടോത്തര ശതനാമാവലി എന്നത് ശ്രീരാമന്റെ മഹത്വവും വീര്യവും ജീവിതത്തിന്റെ വിവിധവശങ്ങളും വിശദീകരിക്കുന്ന 108 ദിവ്യനാമങ്ങൾ കോർത്ത മന്ത്രാവലിയാണ്. ശ്രീരാമ പൂജയ്ക്ക് നിരവധി മന്ത്രങ്ങളും സ്തുതികളുമുണ്ടെങ്കിലും ശ്രീരാമന്റെ 108 നാമങ്ങൾ പാരായണം ചെയ്യുന്നതാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് ആചാര്യന്മാർ പറയുന്നു. ഇത് ഭഗവാന്റെ പൂർണ്ണമായ ജീവിതത്തിലൂടെയുള്ള ഒരു യാത്ര
ആണ്. സീതയോടും ലക്ഷ്മണനോടുമുള്ള അടുപ്പം, യോദ്ധാക്കളുടെ കഴികൾ, ആദർശ ജീവിതം മറ്റ് നിരവധി ദൈവിക പ്രവൃത്തികൾ ഇവയെല്ലാം രാമ അഷ്ടോത്തര ശതനാമാവലിയിൽ തെളിയുന്നു. ഇത് ജപിക്കുന്നതിനും
ശ്രവിക്കുന്നതിനും ഒരു നിബന്ധനകളുമില്ല. എങ്കിലും ഭഗവാൻ ശ്രീരാമചന്ദ്രനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്ന ശാന്തവും വൃത്തിയുള്ള സ്ഥലത്തിരുന്ന് ജപിക്കാൻ ശ്രമിക്കുക. മഹാവിഷ്ണുവിന്റെ അവതാരമായാണ്
ശ്രീരാമനെ കണക്കാക്കുന്നത്. ധാർമ്മിക ജീവിതത്തിന്റെ പ്രാധാന്യം രാമാവതാരം കാണിച്ചുതന്നു. അത് രാമനെ ജനപ്രിയ അവതാരങ്ങളിൽ ഒന്നാക്കി മാറ്റി. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീരാമ അഷ്ടോത്തര ശതനാമാവലി കേൾക്കാം:


Story Summary: Powerful Sri Rama Mantras for Removing Sins and attaining Prosperity

Copyright 2024 Neramonline.com. All rights reserved

error: Content is protected !!