Saturday, 29 Mar 2025
AstroG.in

ശനിദോഷങ്ങൾ ശമിക്കാൻ പ്രദോഷവ്രതവും  ശിവപ്രീതിയും

ജ്യോതിഷരത്നം വേണു മഹാദേവ്

പ്രദോഷ വ്രത ദിനങ്ങളിൽ ഒരു പിടി കറുക, ഒരു കൈപിടി വഹ്നി ഇല, ഒരു പിടി അരി, ശർക്കര എന്നിവ നന്ദീദേവന് സമർപ്പിച്ച് നെയ്യ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ ശനിദോഷത്തിന്റെ ഉഗ്രത കുറയുമെന്നാണ് അനുഭവം.
ശനി പ്രദോഷ ദിവസം ഇങ്ങനെ ചെയ്താൽ അതിവേഗം ഫലസിദ്ധി ലഭിക്കുമെന്നും കാണുന്നു. 2025 മാർച്ച് 27 വ്യാഴാഴ്ച മീനമാസത്തിലെ കറുത്തപക്ഷ പ്രദോഷമാണ്.

ദേവന്മാരും മഹർഷിമാരും വരെ ശിവനെ വണങ്ങുന്ന പ്രദോഷവേളയിൽ ഭഗവാനെ വണങ്ങുന്ന ഭക്തർക്ക് സർവ്വനന്മകളും നൽകി അനുഗ്രഹിക്കുമെന്ന് ബ്രഹ്മോത്തരകാണ്ഡത്തിൽ പറയുന്നു. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല.

നിത്യവും ഉദയത്തിൽ സൃഷ്ടിയും പ്രദോഷത്തിൽ സംഹാരവും നടക്കുന്നു എന്നാണ് പുരാണങ്ങളും ഉപനിഷത്തുകളും വിളംബരം ചെയ്യുന്നത്. പ്രദോഷം എന്നാൽ അളവിൽ കൂടുതൽ തിന്മകളുണ്ടാവുന്ന.കാലമാണ്. അതിനാൽ തിന്മകളിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുന്ന ശ്രീ പരമേശ്വരനെ ഈ സമയത്ത് വണങ്ങണമെന്ന് പ്രമാണം.

മാസത്തിൽ രണ്ടുപ്രാവശ്യം വരുന്ന ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്.
പൗർണ്ണമി കഴിഞ്ഞ് കൃഷ്ണപക്ഷത്തിലും അമാവാസി കഴിഞ്ഞ് ശുക്ലപക്ഷത്തിലും വരുന്ന ത്രയോദശി തിഥികളിലാണ് പ്രദോഷം വരുന്നത്. അസ്തമയത്തിന് തൊട്ടു മുൻപുള്ള ഒന്നര മണിക്കൂറും അസ്തമയ ശേഷം വരുന്ന ഒന്നര മണിക്കൂറുമാണ് പ്രദോഷ വേള. നിത്യവും പ്രദോഷ വേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന
പ്രദോഷം സവിശേഷവും ശിവപ്രീതികരവുമാണ്.
പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷദിവസം വ്രതമെടുക്കണം.

പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങുന്നതാണ് ഉത്തമം. മത്സ്യമാംസാദി ഭക്ഷണം 3 ദിവസങ്ങളില്‍ ഉപേക്ഷിക്കണം. പ്രദോഷ ദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം
രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കണം.
സൗകര്യപ്രദമായത് സ്വീകരിക്കാം.

പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ കഴിയുന്നത്ര ജപിക്കണം. ശിവപുരാണം, അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിന് ഏറെ ഉത്തമം. ഭഗവാൻ്റെ അതിമനോഹരമായ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷനാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം:


ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Summary: Pradosham Vritham Rituals for shani dosham

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!