Friday, 22 Nov 2024
AstroG.in

രാമായണം ചിട്ടകൾ പാലിച്ച് വായിക്കൂമക്കളും കുടുംബവും രക്ഷപ്പെടും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

രാമായണമാസം 2024 ജൂലായ് 16 ചൊവ്വാഴ്ച തുടങ്ങും. ശ്രീരാമചന്ദ്രസ്വാമിയുടെ കഥകൾ അലയടിക്കുന്ന ഈ പുണ്യമാസം ഈശ്വരവിശ്വാസികളായ മലയാളികൾ കഴിഞ്ഞ വർഷത്തെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനും വരും വർഷത്തിന്റെ ശ്രേയസിനുള്ള പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും പ്രയോജനപ്പെടുത്തുന്നു.

കർക്കടകത്തിലെ എല്ലാ ദിവസവും മിക്കക്ഷേത്രങ്ങളിലും രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതിസേവയും നടത്താറുണ്ട്. പല സ്ഥലങ്ങളിലും ഏതെങ്കിലും ഒരു ദിവസം ലക്ഷാർച്ചനയും നടക്കുന്നു. എന്നാൽ ദിവസവും ക്ഷേത്രങ്ങൾക്കൊപ്പം മിക്ക വീടുകളിലും രാമായണ പാരായണം പതിവാണ്. രാമായണത്തിലെ ഓരോ ഭാഗം വീതം എന്നും പാരായണം ചെയ്ത് മാസാവസാന നാൾ ശ്രീരാമപട്ടാഭിഷേകം വായിച്ച് പൂർത്തിയാക്കണം. ചിലർ ആറു കാണ്ഡങ്ങൾക്ക് പുറമെ ഉത്തരരാമായണവും ഈ സന്ദർഭത്തിൽ വായിക്കാറുണ്ട്. പവിത്രമായ ഈ ആചാരം പാപശാന്തിക്കും സർവ്വഐശ്വര്യത്തിനും ഗുണകരമാണ്.

വ്രതചര്യ
പവിത്രമായ കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ ത്യജിച്ച് വ്രതം പാലിക്കണം. എല്ലാദിവസം കുളിച്ച് രണ്ടു നേരവും വിഷ്ണുക്ഷേത്ര ദർശനം നടത്തണം. പറ്റിയാൽ ശ്രീരാമസ്വാമി ക്ഷേത്ര ദർശനം നടത്തുന്നത് കൂടുതൽ നല്ലത്. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണുസഹസ്രനാമം ജപിക്കണം. 2 നേരവും നെയ്‌വിളക്ക് കൊളുത്തി വിഷ്ണു പ്രാർത്ഥനകൾ ചെയ്യുന്നത് ഏറ്റവും നല്ലതാണ്. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ ജപിക്കാൻ ഏറ്റവും ശ്രേഷ്ഠമാണ് ഈ മാസം. ഈ ഉപാസനകൾ ശ്രദ്ധയോടെ ചെയ്തശേഷം രാവിലെ തന്നെ രാമായണം വായിക്കുന്നതാണ് നല്ലത്. എന്നാൽ പാരായണത്തിന് പ്രത്യേക സമയക്രമം പറഞ്ഞിട്ടില്ലാത്തത് കൊണ്ട് രാവിലെ മാത്രമല്ല ഉച്ചയ്ക്കും വൈകിട്ടുമെല്ലാം പാരായണം ആകാം. മനസ്സും ശരീരവും ശുദ്ധവും ശാന്തവുമായിരിക്കുന്ന ഏത് സമയവും വായിക്കാം എന്ന്
ചുരുക്കം.

ജപവിധി
ഓം നമോ നാരായണയ എന്നതാണ് അഷ്ടാക്ഷരമന്ത്രം. ഓം നമോ ഭഗവതേ വാസുദേവായ എന്നതാണ് ദ്വാദശാക്ഷരമന്ത്രം. ഓം വിഷ്ണവേ നമഃ എന്ന മന്ത്രവും ഓം രാമ രാമായ നമഃ എന്ന മന്ത്രവും നിത്യജപത്തിന് ഏറെ അനുഗ്രഹ ശക്തിയുള്ളതാണ്. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രം യാതൊരു വിധ ശുദ്ധാചാരനിയമങ്ങളും കൂടാതെ തന്നെ എപ്പോഴും ജപിക്കാവുന്നതാണ്. ഈ മന്ത്രങ്ങളെല്ലാം യോഗ്യനായ ഗുരുവിൽ നിന്നും ഉപദേശമായി സ്വീകരിച്ച് ജപിക്കുന്നത് ഏറ്റവും ഗുണകരമാണ്. രാവിലെ കിഴക്ക് അഭിമുഖമായും വൈകിട്ട് പടിഞ്ഞാറ് അഭിമുഖമായും വേണം ജപിക്കാൻ.
പൂജാമുറിയിൽ ദിക് നിബന്ധന ബാധകമല്ല. രാവിലെയും വൈകിട്ടും കുളിക്കണം. ആരോഗ്യപരമായി അതിന് കഴിയാത്തവർക്ക് കൈകാൽ കഴുകിയിട്ടും ജപിക്കാം.

വഴിപാടുകൾ
കർക്കടകത്തിൽ രാമായണം വായിക്കുന്നതോടൊപ്പം ഒരോരുത്തരും ക്ഷേത്രങ്ങളിൽ സ്വന്തം കഴിവിനൊത്ത
പോലെ വഴിപാടുകൾ ചെയ്യുന്നത് ഐശ്വര്യകരമാണ്. ഈ നേർച്ചകൾ തുടർച്ചയായി 28 ദിവസമോ 21 ദിവസമോ നടത്തുന്നത് ഏറെ ഉത്തമം. സാധിക്കാത്തവർക്ക് 3,5 വ്യാഴാഴ്ചയോ ബുധനാഴ്ചയോ നടത്താം. പാപശാന്തിക്ക് ഏറെ ഗുണകരമാണ് ശ്രീരാമഭജനം. ശ്രീരാമ മൂലമന്ത്രം, അഷ്‌ടോത്തര ശതനാമസേ്താത്രം, സഹസ്രനാമാവലി എന്നിവയെല്ലാം പാപമോചനത്തിന് ഏറെ ഗുണകരമാണ്. രാമായണപാരായണം സംബന്ധിച്ച എല്ലാ കാര്യങ്ങളും
വിശദമായി വിവരിക്കുന്ന വീഡിയോയുടെ ലിങ്ക് :


Story Summary: Significance and Benefits of Ramayana Parayana during Ramayana Masam 2024

Copyright 2024 Neramonline.com. All rights reserved

error: Content is protected !!