Friday, 20 Sep 2024
AstroG.in

കാര്യസിദ്ധിക്കും ഐശ്വര്യ വർദ്ധനവിനും ഭഗവതിസേവ നടത്താൻ പറ്റിയ സമയം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആദിപരാശക്തിയായ ജഗദംബികയെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടുന്ന ദേവീപൂജയാണ് ഭഗവതിസേവ.
പത്മത്തിൽ പീഠംപൂജ ചെയ്ത് നിലവിളക്കിലേക്ക് ദേവീ ചൈതന്യം ആവാഹിച്ചാണ് ഭഗവതിസേവ നടത്തുക.
ഇഷ്ടകാര്യസിദ്ധി, പാപശാന്തി തുടങ്ങിയ കാര്യങ്ങൾക്ക് ശാന്തഭാവത്തിലോ രൗദ്രഭാവത്തിലോ ഭഗവതിസേവ നടത്താം. സായംസന്ധ്യയ്ക്ക് ശേഷം ഭവനങ്ങളിലോ, ക്ഷേത്രങ്ങളിലോ, ഐശ്വര്യലബ്ധിക്കായി നടത്തുന്ന ഈ
കർമ്മം ഒരു സ്വാത്വിക പൂജയാണ്. ഗൃഹപ്രവേശത്തോട് അനുബന്ധിച്ച് ഭഗവതിസേവ പതിവാണ്. വീടുകളിലും
മിക്ക ക്ഷേത്രങ്ങളിലും കർക്കടകത്തിൽ ഭഗവതിസേവ നടത്താറുണ്ട്. ഈ മാസം മുഴുവനായോ 21 ദിവസം 12 ദിവസം, 7 ദിവസം എന്ന രീതിയിലോ ദേവീപൂജ ചെയ്യാം.

വിഘ്ന നിവാരണത്തിനായി രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവതിസേവയും നടത്തുന്നതാണ് പതിവ്. വൈകിട്ട് ഭഗവതിസേവയിൽ ദുർഗ്ഗയെയാണ് സാധാരണയായി പൂജിക്കുന്നത്. ഉപാസകനായ കർമ്മി കുളിച്ച് സ്വന്തം ജപം കഴിഞ്ഞ് ഭഗവതിസേവ തുടങ്ങണം. പ്രത്യേകമായി തയ്യാറാക്കിയ പത്മത്തിലാണ് ദേവിയെ പൂജിക്കുക. പടിഞ്ഞാറ് അഭിമുഖമായിരുന്ന് ആദ്യം തന്നെ ഗുരുവിനെയും ഗണപതിയേയും പൂജിച്ച് തൃപ്തിയാക്കും. പിന്നീട് പത്മത്തിൽ പീഠം പൂജചെയ്ത് നിലവിളക്കിലേക്ക് ദേവീചൈതന്യം ആവാഹിക്കും. തുടർന്ന് മൂർത്തിപൂജ, നിവേദ്യ സമർപ്പണം, പുഷ്പാഞ്ജലി എന്നിവ ചെയ്യണം. നമ്മുടെ എല്ലാ പുണ്യപാപങ്ങളെയും കർമ്മങ്ങളെയും ദേവിയിൽ അർപ്പിച്ച് ദീപാരാധന ചെയ്ത് പൂജ കഴിക്കും. ദേവീചൈതന്യം കർമ്മി സ്വആത്മാവിൽ ലയിപ്പിക്കുന്നു. ഇതാണ് ഭഗവതിസേവയുടെ സാമാന്യ ചിട്ട.

അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ടാണ് കളം വരയ്ക്കുക. അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കും. അങ്ങനെ ചെയ്തശേഷം, നിലവിളക്കിലേക്ക് സങ്കല്പശക്തിയാൽ ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഈ കളത്തെയാണ് പത്മം എന്നുവിളിക്കുന്നത്. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരിമന്ത്രം, വേദാന്തർഗതമായ ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ അദ്ധ്യായം 11 എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്ത് പൂർത്തിയാക്കും. ഒപ്പം പഞ്ചോപചാരപൂജ ചെയ്ത് നിവേദ്യവും വയ്ക്കണം. ചന്ദനം, തീർത്ഥം, പുഷ്പ്പം, ഗന്ധം അതായത് ചന്ദനത്തിരി
ദീപം എന്നിവയുടെ സമർപ്പണമാണ് പഞ്ചോപചാര പൂജ.

ഭഗവതിസേവ ലളിതമായും വിപുലമായും നടത്താറുണ്ട്. വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ എന്ന് പറയും. അതായത് രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി നടത്തും. ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്തുക. ഇങ്ങനെ ചെയ്യാൻ ശാന്തിദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കുന്നു. മൂന്ന് നേരവും നിവേദ്യം വ്യത്യസ്തമായിരിക്കും. രാവിലെ മഞ്ഞപൊങ്കലും ഉച്ചയ്ക്ക് പാൽപ്പായസവും വൈകിട്ട് കടുംപായസവുമാണ് ത്രികാല പൂജയ്ക്ക് നിവേദ്യങ്ങൾ. ഭഗവതിസേവയ്ക്ക് താമരപ്പൂവ് നിർബന്ധമാണ്. തെറ്റി (തെച്ചി) മുതലായ ചുവന്ന പൂക്കളാണ് കൂടെ വേണ്ടത്. എത്രയും കൂടുതൽ പൂവ് ഉണ്ടോ അത്രയും നല്ലത് എന്ന് വിശ്വസിക്കുന്നു. ശാന്തിദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യസിദ്ധിക്കും ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവുമുണ്ട്. മംഗല്യസിദ്ധിക്ക് സ്വയംവര മന്ത്രവും സർവ്വകാര്യവിജയത്തിന് ജയദുർഗ്ഗാമന്ത്രവും ഭയത്തിൽ നിന്നുള്ള മോചനത്തിന് വനദുർഗ്ഗാമന്ത്രവും വശ്യത്തിനായി ആശ്വാരൂഡമന്ത്രവും ബാധാ ദോഷങ്ങൾ ശമിക്കുന്നതിന് ആഗ്നേയ തൃഷ്ട്ടുപ്പും ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

സാധാരണയായി വൈകിട്ട് ഒരു നേരം കടുംപായസം നേദിച്ച് ലളിതമായാണ് ഭഗവതിസേവ നടത്താറുള്ളത്. ദോഷങ്ങളുടെ കാഠിന്യം അനുസരിച്ച് 3, 7, 12 തുടങ്ങിയ ദിവസങ്ങളിൽ അടുപ്പിച്ച് നടത്തും. മാസന്തോറും സ്വന്തം ജന്മനക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ നല്ലതാണെന്ന് കരുതുന്നു.

പൗർണ്ണമി ദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവീപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമാണ്. മന്ത്രസിദ്ധിയുള്ള ഒരു കർമ്മിയെക്കൊണ്ട് കൊണ്ട് ഈ പൂജ ഗൃഹത്തിൽ ചെയ്യിക്കുന്നതാണ് ഏറെ നല്ലത്. എന്നാൽ ഭഗവതിസേവ
നടത്താനുള്ള സാമ്പത്തിക ശേഷിയില്ലെങ്കിൽ ഒട്ടും തന്നെ വിഷമിക്കേണ്ട കാര്യമില്ല. ലളിതാസഹസ്രനാമം എന്നും ജപിച്ചാൽ മതി. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലളിതാസഹസ്രനാമം :


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary: Procedure of Bhagavathi Seva the Devine Religious practice to please Divine Mother Adiparasakthi that aims to bring peace, Progress, health, wealth, wisdom, well-being wisdom and success in work.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!