Friday, 10 Jan 2025
AstroG.in

തിരുവാഭരണം ചാർത്തിയ ഭഗവാനെ 5 നാൾ തൊഴാം; ഘോഷയാത്ര 14 ന് സന്നിധാനത്ത്

മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ചൊവ്വാഴ്ച ശബരിമല സന്നിധാനത്ത് എത്തിച്ചേരും. അന്ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

സംക്രമപൂജ രാവിലെ ;
മകരജ്യോതി വൈകിട്ട്

ചൊവ്വാഴ്ച വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രശാന്ത്, അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. തന്ത്രിയും കണ്ഠര് രാജീവരും കണ്ഠര് ബ്രഹ്മദത്തരും മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമപൂജ. ജനുവരി 15,16,17,18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തർക്ക് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് ഭഗവാന് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്.
മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും.

അഞ്ച് ദിവസം അയ്യപ്പന്
അഞ്ച് ഭാവങ്ങൾ

മകരം ഒന്നിന് (ജനുവരി 14) മണിമണ്ഡപത്തിൽ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. പന്തളം കൊട്ടാരത്തിൽനിന്നും എത്തിക്കുന്ന പഞ്ചവർണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുതുന്നത്. 14 മുതൽ 17 വരെ പതിനെട്ടാംപടിവരെയും 18 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത് നടക്കുന്നത്. 19 നാണ് മണിമണ്ഡപത്തിന് മുൻപിൽ ചൈതന്യശുദ്ധിക്കായി നടത്തുന്ന ഗുരുതി.

ജനുവരി 20 ന് ശബരിമല നട അടക്കും. തിരുവാഭരണഘോഷയാത്രയെ അനുഗമിച്ച് എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് ജനുവരി 20 ന് ദർശനത്തിന് അവകാശം. ദർശനം പൂർത്തിയാക്കി പന്തളം രാജപ്രതിനിധി പടിയിറങ്ങി ശബരിമല ചെലവുകൾക്കുള്ള പണക്കിഴിയും താക്കോൽക്കൂട്ടവും ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറി തിരുവാഭരണത്തിനൊപ്പം പന്തളത്തേക്ക് യാത്ര തിരിക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപ്തിയാകും.

എരുമേലി പേട്ടതുള്ളൽ
ശനിയാഴ്ച നടക്കും

ഭക്തിക്കൊപ്പം മതസൗഹാർദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ 2025 ജനുവരി 11 ശനിയാഴ്ച നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് എരുമേലി പേട്ടതുള്ളലിന് നേതൃത്വം നൽകുന്നത്. ആകാശത്ത് ശ്രീകൃഷ്ണപരുന്തിന്റെ സാന്നിധ്യം കാണുമ്പോൾ പേട്ട ശാസ്താക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ ആരംഭിക്കും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി എരുമേലി വാവര് പള്ളിയിലെത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മറ്റി പ്രതിനിധികൾ പുഷ്പങ്ങൾ വിതറിയും ഷാൾ അണിയിച്ചും സ്വീകരിക്കും. മൂന്നു മണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ജനുവരി 13 ന് പമ്പയിൽ എത്തിച്ചേരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ആചാരപരമായി പമ്പാവിളക്ക്, പമ്പാസദ്യ എന്നിവ നടത്തും.

ഹരിവരാസനം പുരസ്‌കാരം
കൈതപ്രത്തിന് സമ്മാനിക്കും

മകരസംക്രമ ദിനമായ
14 ന് രാവിലെ 10 ന്‌ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ .കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ .എ. അജികുമാർ, ജി .സുന്ദരേശൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

പമ്പാസംഗമം 12 ന്

ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം 4 മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പ്രശസ്തസിനിമാതാരം ജയറാം വിശിഷ്ട അതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ .പ്രമോദ് നാരായണൻ, അഡ്വ. കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!