Friday, 20 Sep 2024
AstroG.in

സങ്കടങ്ങളകറ്റി ആഗ്രഹങ്ങൾ സഫലമാക്കും സങ്കഷ്ട നാശന ചതുർത്ഥി ബുധനാഴ്ച

മംഗള ഗൗരി
ഗണപതി ഭഗവാനെ യഥാവിധി ഭക്തിപൂർവ്വം ഭജിച്ച് തുടങ്ങുന്ന എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ നടക്കുന്നത് അത്ഭുതകരമായ സത്യമാണ്. ലോകനാഥനായ പരമശിവനാണ് പുത്രൻ ഗണപതിയെ പ്രഥമപൂജ്യനായി നിശ്ചയിച്ചത്. ശ്രീ മഹാഗണപതിയുടെ അവതാര ദിനമാണ് ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥിയായ വിനായകചതുർത്ഥി.

എല്ലാ മാസവും രണ്ടു ചതുർത്ഥി തിഥി വരും. ഇതിൽ വെളുത്തപക്ഷ ചതുർത്ഥിയെ വിനായക ചതുർത്ഥി എന്നും കറുത്തപക്ഷ ചതുർത്ഥിയെ സങ്കഷ്ടഹര ചതുർത്ഥി എന്നും പറയും. അതായത് അമാവാസി കഴിഞ്ഞ് നാലാം നാളിൽ വരുന്ന ചതുർത്ഥി വിനായക ചതുർത്ഥിയും പൗർണ്ണമി കഴിഞ്ഞ് നാലാം നാൾ വരുന്ന ചതുർത്ഥി ഗണേശ സങ്കഷ്ടഹര ചതുർത്ഥിയും.

പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകറ്റി ആഗ്രഹങ്ങൾ സഫലമാക്കി തരുന്നതിനാലാണ് കൃഷ്ണപക്ഷ ചതുർത്ഥി സങ്കടഹര ചതുർത്ഥിയായത്. 2024 ജൂലായ് 24 ബുധനാഴ്ചയാണ് കർക്കടകത്തിലെ സങ്കടഷ്ടഹര ചതുർത്ഥി.

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. ചതുർത്ഥി ദിനങ്ങളിൽ ഗണപതി ഭഗവാനെ വിധിയാംവണ്ണം പൂജിച്ചാൽ ഇഷ്ടകാര്യലബ്ധി, വിഘ്നനിവാരണം, പാപമോചനം എന്നിവയാണ് ഫലം.
സങ്കടഷ്ടഹര ചതുർത്ഥി വ്രതപൂർവം ആചരിക്കുന്നവർ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഉപവസിക്കണം. അതിന്
കഴിയാത്തവർ അരിയാഹാരം ഉപേക്ഷിച്ച് ലളിതമായി സസ്യഭക്ഷണം കഴിച്ച് കഴിയണം. സന്ധ്യ കഴിഞ്ഞ് വ്രതം പൂർത്തിയാക്കാം. ഈ ദിവസം ഗണപതി ക്ഷേത്ര ദർശനം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുകയും ഗണേശമന്ത്രങ്ങളും സ്തുതികളും ജപിക്കുകയും വേണം. സങ്കടഷ്ട നാശന ഗണേശ ദ്വാദശനാമസ്‌തോത്രം നിർബ്ബന്ധമായും ജപിക്കണം. ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ഭക്തരുടെ സങ്കടങ്ങൾ അകറ്റാൻ മഹാഗണപതിക്ക് സാധ്യമായത് പരമശിവന്റെ അനുഗ്രഹത്താലാണ്. ആ ഐതിഹ്യം ഇങ്ങനെ: കൈലാസത്തിൽ നിന്നും ശ്രീ പരമശിവൻ ഒരു നാൾ ഒരു യാത്ര തിരിച്ചു. നന്ദിയും ഭൂതഗണങ്ങളും ഭഗവാനെ പിൻതുടർന്നു. ഈ സമയത്ത് തികച്ചും ഒറ്റയ്ക്കായത് ദേവിയെ വല്ലാതെ വിഷമിപ്പിച്ചു.
സ്വന്തം അനുയായികൾ ആരുമില്ലാത്തതിന്റെ ദു:ഖം ബോധ്യപ്പെട്ട ദേവി ഒരു ദ്വാരപാലകനെ സൃഷ്ടിച്ചു.
ഉണ്ണീ നിനക്ക് ഞാൻ ജന്മമേകിയതിനാൽ നീ എനിക്ക് ദ്വാരപാലകൻ മാത്രമല്ല മകനുമാണ്. എല്ലാ കാര്യങ്ങളിലും നീ സഹായിയായി ഉണ്ടാകണം. അതിനുശേഷം ദേവി നീരാട്ടിന് ഒരുങ്ങി. അപ്പോൾ ദേവി ഉണ്ണിയോട് പറഞ്ഞു: ഞാൻ നീരാട്ടിന് പോകുന്നു. ഈ സമയത്ത് ആരു വന്നാലും അകത്തേക്ക് വിടരുത്.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീപരമേശ്വരൻ കൈലാസത്തിൽ തിരിച്ചെത്തി. അന്തപ്പുരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ ഭഗവാനെ ദ്വാരപാലകനായ ഉണ്ണി തടഞ്ഞു. പാർവതിയിൽ തനിക്കുന്ന അധികാരം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ഉള്ളിലേക്ക് കടക്കാൻ ശ്രീ മഹാദേവൻ ശ്രമിച്ചെങ്കിലും അമ്മ പറയാതെ ആരെയും കടത്തി വിടില്ലെന്ന് ഉണ്ണി ശഠിച്ചു. പരമശിവന് കോപം സഹിക്കാനായില്ല. അവർ തമ്മിൽ ഉഗ്രയുദ്ധം ആരംഭിച്ചു. ദേവിയുടെ ശക്തിയിൽ നിന്ന് ഉത്ഭവിച്ച ഗണപതിയെ കീഴ്‌പ്പെടുത്താൻ മഹാദേവൻ നന്നേ വിഷമിച്ചു. പോരാട്ടത്തിന് ഒടുവിൽ ഗണപതിയുടെ ശിരസ് ഛേദിക്കപ്പെട്ടു. ഇതു കണ്ടു വന്ന പാർവതിയുടെ ദു:ഖം സംഹാരാത്മമാമായ കോപമായി മാറി. തന്റെ ശക്തികളെ സൃഷ്ടിച്ച് മൂന്നു ലോകങ്ങളും സംഹരിക്കാൻ ദേവി കല്പിച്ചു. ദേവിയുടെ കോപത്തിന്റെ ആഴം മന‌സിലാക്കിയ ദേവകൾ മഹാവിഷ്ണുവിന്റെ മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ച് പോംവഴി ആരാഞ്ഞു. തന്റെ പുത്രനെ ജീവനോടെ തിരിച്ചു നൽകിയാൽ മാത്രമേ ദേവിയുടെ കോപം ശമിക്കൂ എന്ന് മനസിലാക്കിയ മഹാവിഷ്ണു ഒരു കുട്ടിയാനയുടെ ശിരസ് കൊണ്ടു വന്ന് അറുത്തു മാറ്റിയ കഴുത്തിനോട് ചേർത്തുവച്ച് ശിവ തേജസിൽ നിന്ന് ഉണ്ണിക്ക് ജീവൻ നൽകി.

പ്രിയപുത്രനായി മാറിയ ഗജാനനെ പരമശിവൻ മനസു നിറഞ്ഞ് അനുഗ്രഹിച്ച് തന്റെ ഗണാധിപനാക്കി.
ദേവിയുടെ സങ്കടം തീർത്ത നീ ഇനി വിഘ്‌നങ്ങൾ അകറ്റുന്ന കാര്യത്തിൽ സർവരെക്കാളും ശ്രേഷ്ഠനായിരിക്കും. സങ്കടങ്ങളും ദോഷങ്ങളും അകറ്റാൻ ദേവകളടക്കം സകലരും നിന്നെ വണങ്ങും. നിന്റെ മനസിനെ കീഴടക്കാൻ ആഗ്രഹിക്കുന്നവർ ചതുർത്ഥിയിൽ വ്രതം നോറ്റ് നിന്നെ ഭജിക്കണം. അന്നു മുതൽ ഒരോ ചതുർത്ഥിയിലും ഗണപതിയെ ഉപാസിക്കാൻ എല്ലാവരും ഒരേപോലെ മത്സരിച്ചു. എല്ലാ ചതുർത്ഥി തിഥികളും ശ്രേഷ്ഠമായെന്ന് മാത്രമല്ല ഗണേശന്റെ അവതാര ദിവസമായ ചിങ്ങമാസത്തിൽ അത്തം നക്ഷത്രം വരുന്ന വെളുത്തപക്ഷ ചതുർത്ഥി പരമപ്രധാനവുമായി മാറി. കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയും ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥി പോലെ പ്രധാനമാണ്. സങ്കടഷ്ടഹര ഗണേശ സ്‌തോത്ര മാഹാത്മ്യവും സ്തോത്രവും കേൾക്കാം:


സങ്കടഷ്ട നാശന ഗണേശ സ്‌തോത്രം

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
വിനായകം ഭക്താവാസം സ്മരേന്നിത്യം
ആയു:കാമാര്‍ത്ഥസിദ്ധയേ

(പാര്‍വ്വതീ ദേവിയുടെ പുത്രനും ഭക്തരിൽ വസിക്കുന്ന ദേവനുമായ വിനായകനെ ആയുസ്സ്, ആഗ്രഹം, ധനം എന്നിവയുടെ സിദ്ധിക്കായി ശിരസ്സുകൊണ്ട് പ്രണമിച്ചു നിത്യവും ധ്യാനിക്കണം)

പ്രഥമം വക്രതുണ്ഡം ച ഏകദന്തം
ദ്വിതീയകം തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം
വികടമേവ ച സപ്തമം വിഘ്‌നരാജം
ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം
യ: പഠേന്നര: ന ച വിഘ്‌നഭയം തസ്യ
സര്‍വ്വസിദ്ധികരം പരം

(1. വക്രതുണ്ഡന്‍ 2. ഏകദന്തന്‍ 3. കൃഷ്ണപിംഗാക്ഷന്‍

  1. ഗജവക്ത്രന്‍ 5. ലംബോദരന്‍ 6. വികടന്‍
  2. വിഘ്‌നരാജന്‍ 8. ധൂമ്രവര്‍ണ്ണൻ 9. ഫാലചന്ദ്രന്‍
  3. വിനായകന്‍ 11. ഗണപതി 12. ഗജാനന്‍ എന്നീ 12 നാമങ്ങള്‍ 3 സന്ധ്യകളിലും ജപിക്കുന്നവർക്ക് വിഘ്‌നഭയം ഉണ്ടാകില്ല. എല്ലാ സിദ്ധികളും കൈവരികയും ചെയ്യും)

വിദ്യാര്‍ത്ഥി ലഭതേ വിദ്യാം ധനാര്‍ത്ഥി
ലഭതേ ധനം പുത്രാര്‍ത്ഥി ലഭതേ പുത്രാന്‍
മോക്ഷാര്‍ത്ഥി ലഭതേ ഗതിം

(വിദ്യാര്‍ത്ഥിക്ക് വിദ്യയും ധനാര്‍ത്ഥിക്ക് ധനവും പുത്രാര്‍ത്ഥിക്ക് പുത്രന്മാരും മോക്ഷാര്‍ത്ഥിക്ക് മോക്ഷവും ലഭിക്കും)

ജപേത് ഗണപതി സ്‌തോത്രം
ഷഡ്ഭിര്‍മ്മാസൈ: ഫലം ലഭേ
ത്സംവത്സരേണ സിദ്ധിഞ്ച
ലഭതേ നാത്ര സംശയ:

(ഈ ഗണപതി സ്‌തോത്രം ആറുമാസം ജപിച്ചാല്‍
ഫലം ലഭിക്കും. ഒരു വത്സരംകൊണ്ട് സിദ്ധി ലഭിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സംശയമില്ല.)

അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വാ യ: സമര്‍പ്പയേത്
തസ്യ വിദ്യാ ഭവേത് സദ്യോ
ഗണേശസ്യ പ്രസാദത:

( ഈ സ്‌തോത്രം 8 ബ്രാഹ്മണര്‍ക്ക് എഴുതി സമര്‍പ്പിക്കുന്നവർക്ക് ഗണേശപ്രസാദത്താല്‍ എല്ലാ വിദ്യയും ലഭിക്കും.)

Story Summary: Significance of Ganesha Sankashta hara Chaturthi Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!