Thursday, 21 Nov 2024
AstroG.in

വിദ്യാരംഭം ഈ ഞായറാഴ്ച രാവിലെ പറ്റിയില്ലെങ്കിൽ മുഹൂർത്തം നോക്കണം

ജ്യോതിഷി പ്രഭാസീന സി പി
കുഞ്ഞുങ്ങളെ മൂന്ന് വയസ്സിന് മുൻപ് വിജയദശമി ദിവസം എഴുത്തിനിരുത്തുന്നതാണ് ഏറ്റവും നല്ലത്.
മറ്റ് ദിവസങ്ങളിൽ വിദ്യാരംഭം നടത്താൻ മുഹൂർത്തം നോക്കണം എന്നാണ് പ്രമാണം. എന്നാൽ ഇത്തവണ
വിജയദശമി ദിവസമായ 2024 ഒക്ടോബർ 13, 1200 കന്നിമാസം 27 ഞായറാഴ്ച രാവിലെ 9:09 വരെ മാത്രമാണ് വിജയദശമി തിഥിയുള്ളത്. അതിനാൽ അന്ന് കാലത്ത് 9:09 ന് മുൻപ് വിദ്യാരംഭം നടത്തണം. അശ്വിനം മാസത്തിലെ ശുക്ലപക്ഷ ദശമിയിൽ വിജയ നക്ഷത്രം ഉദിക്കും എന്നാണ് സങ്കല്പം. അതുകൊണ്ടാണ് ഈ ദശമി മാത്രം വിജയദശമിയായത്. വിജയ നക്ഷത്രം ഉദിച്ചു നിൽക്കുന്ന സമയത്ത് സമാരംഭിക്കുന്നതെല്ലാം ശുഭകരവും വിജയകരവുമാകുമെന്ന് പറയുന്നു.

വിജയദശമിക്ക് വിദ്യാരംഭം
പറ്റിയില്ലെങ്കിൽ

മൂന്ന് വയസ്സിലോ അതിന് മുൻപായോ വിദ്യാരംഭം നടത്തണം. വിജയദശമി ദിവസം വിദ്യാരംഭം നടത്താൻ
പറ്റുന്നില്ലെങ്കിൽ മുഹൂർത്തം നോക്കി ദിവസവും സമയവും നിശ്ചയിക്കണം. അവരവരുടെ
നക്ഷത്രപ്രകാരം കത്തൃദോഷങ്ങൾ ഒഴിവാക്കിയാണ് മുഹൂർത്തം നിർണ്ണയിക്കുക. അങ്ങനെ എടുക്കുകയാണ് നല്ലത്. ഇങ്ങനെ വിദ്യാരംഭത്തിന് ബുധനാഴ്ച ദിവസമാണ് ഏറ്റവും നല്ലത്. വ്യാഴം, വെള്ളി ദിനങ്ങളും ഉത്തമമാണ്.
വെളുത്തപക്ഷം ആണെങ്കിൽ ശ്രേഷ്ഠം അത്തം നക്ഷത്രം വിദ്യാരംഭത്തിന് ഉത്തമോത്തമമായി പറയുന്നുണ്ട്. പൂയം
ശ്രേഷ്ഠം. അശ്വതി അത്യുത്തമം. 16 ഊൺനാളുകളും തിരുവാതിരയും നവമിയും വിദ്യാരംഭത്തിന് കൊള്ളാം. (അമാവാസി വേണ്ട ) സ്ഥിരരാശികളും ബുധമൗഢ്യവും പാടില്ല. ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം രാശികളും അഷ്ടമത്തിൽ ചൊവ്വയും അഞ്ചാമിടത്തും രണ്ടാമിടത്തും പാപന്മാരും, തിങ്കൾ, ചൊവ്വ, ശനി എന്നീ ദിവങ്ങളും പിറന്നാളും വർജ്ജ്യമാണ്.തിങ്കൾ മദ്ധ്യമമായി എടുക്കാറുണ്ട്.

ആദ്യം സ്വർണ്ണം കൊണ്ട്
നാക്കിൽ എഴുതിക്കണം

കുഞ്ഞിൻ്റെ നാക്കിൽ ആദ്യം സ്വർണ്ണം കൊണ്ട് ഓം ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതണം. പിന്നീട് ഉരുളിയിൽ നിരത്തിയിട്ടുള്ള ഉണക്കലരിയിൽ ഹരിശ്രീ മുതലുള്ള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിരവിരൽ കൊണ്ട് എഴുതിക്കണം. എഴുതിക്കുന്ന ആൾ വിദ്യാ ഗോപാല മന്ത്രവും ഹയഗ്രീവ ഗോപാല മന്ത്രവും ജപിക്കണം. വിദ്യാരംഭം നടത്തുന്ന ദിവസം മുതൽ സരസ്വതി ദേവിയുടെ ചിത്രം വീട്ടിൽ വച്ച് നിലവിളക്ക് കൊളുത്തി കുട്ടിയെക്കൊണ്ട് സരസ്വതി സ്തോത്രം ദിവസവും ചൊല്ലിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഗുരുതുല്യരായ വ്യക്തിയുടെ മടിയിൽ കുട്ടിയെ ഇരുത്തി ക്ഷേത്രത്തിൽ ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് വേണം വിദ്യാരംഭം എന്നാണ് അഭിജ്ഞമതം.

സരസ്വതി സ്തോത്രം
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതുമേ സദാ

വിദ്യാ ഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമേ
രമാരമണ വിശ്വേശ
വിദ്യാമാശു പ്രയശ്ചമേ

ഹയഗ്രീവ ഗോപാല മന്ത്രം
ഉൽഗിരിൽ പ്രണവോൽ ഗീഥ
സർവ്വവാഗ്വീരേശ്വര
സർവ്വവേദമയാചിന്ത്യ
സർവ്വംബോധയ ബോധയ

ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com



Summary: Saraswati Pooja, Vidyarambham Date, Time and Rituals by Prabha Seena

Copyright 2024 Neramonline.com. All rights reserved

error: Content is protected !!