Thursday, 1 May 2025
AstroG.in

മേടത്തിലെ കുമാര ഷഷ്ഠി രോഗശാന്തി സമ്മാനിക്കും

ഹരി നാരായണൻ

സുബ്രഹ്മണ്യ പ്രീതിക്കുള്ള അതി പ്രശസ്തവും അത്ഭുത ഫലസിദ്ധി ഉള്ളതുമായ വ്രതമാണ് ഷഷ്ഠി വ്രതം. ഈ ദിവസം ചെയ്യുന്ന ഏത് സുബ്രഹ്മണ്യ പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധിയുണ്ട്.

മേടമാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി നാൾ സുബ്രഹ്മണ്യ സ്വാമിയെ ഉപാസിച്ചാൽ സല്‍പുത്രലാഭം രോഗശാന്തി എന്നിവ ലഭിക്കും. 2025 മേയ് 2 വെള്ളിയാഴ്ചയാണ്
മേടമാസത്തിലെ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ഈ ഷഷ്ഠി സംബന്ധിച്ച ഐതിഹ്യം.

കുമാര ഷഷ്ഠി രോഗശാന്തിക്ക്

മേടമാസത്തിലെ ശുക്ലപക്ഷ ഷഷ്ഠിക്ക് അനുഷ്ഠിക്കുന്ന വ്രതം കുമാര ഷഷ്ഠി വ്രതം എന്നറിയപ്പെടുന്നു. ഈ വ്രതം അനുഷ്ഠിച്ചാല്‍ സ്‌കന്ദനെ പോലെ തേജസ്വിയായ, ദീര്‍ഘായുഷ്മാനായ പുത്രനെ സിദ്ധിക്കും. സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് നിരവധി മുനിമാര്‍ മരിച്ചു. ഇത് കണ്ടു സ്‌കന്ദന്‍ അമൃത് കൊണ്ട് അവരെ പുനര്‍ജനിപ്പിച്ചത്രേ. താരകാസുരന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച രക്തത്തെ പര്‍വ്വതമാക്കി മാറ്റുകയും ചെയ്തു. സ്‌കന്ദന്‍ ആ പര്‍വ്വതത്തില്‍ സ്ഥിരവാസമാക്കിയതോടെ സ്‌കന്ദപര്‍വ്വതം എന്ന് പേരും ലഭിച്ചു. ഇതെല്ലാം നടന്നത് ഒരു മേടത്തിലെ ശുക്ലപക്ഷ നാളിലായിരുന്നു. അന്ന് തന്നെ പൂജിക്കുന്ന ഭക്തർക്ക് രോഗശാന്തി സിദ്ധിക്കുമെന്നും ഭഗവാൻ അരുളിച്ചെയ്തു.

വ്രതം തലേന്ന് തുടങ്ങണം

ഷഷ്ഠിക്ക് വ്രതം നോൽക്കുന്നവർ തലേദിവസം മുതൽ വ്രതം തുടങ്ങണം. ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസം ഏറ്റവും ഉത്തമം. സാധിക്കുന്നവർ അങ്ങനെ ചെയ്യുക. പറ്റാത്തവർ യഥാശക്തി അനുഷ്ഠിക്കുക. പഴവർഗ്ഗങ്ങൾ മാത്രമായോ, ലഘുഭക്ഷണം എന്ന രീതിയിലോ വ്രതം ആചരിക്കാം. മത്സ്യമാംസാദി ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം. ജലപാനം വരെ ഒഴിവാക്കി പൂർണ്ണ ഉപവാസമായി വ്രതം എടുക്കുന്നവർ ധാരാളമുണ്ട്. ഈ ദിനം പരമാവധിസമയം ക്ഷേത്രത്തിൽ തന്നെ കഴിയണം. മുരുകമന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവ ജപിക്കണം. സ്‌കന്ദപുരാണം പാരായണം ഉത്തമമാണ്.

അഭീഷ്ട സിദ്ധി മന്ത്രങ്ങൾ

ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്‌കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം. ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം.

ധനാഭിവൃദ്ധിക്ക് നെയ്‌വിളക്ക്


സുബ്രഹ്മണ്യപ്രീതിക്ക് നടത്താവുന്ന വഴിപാടുകൾ
ഇനി പറയുന്നവയാണ്: ധനാഭിവൃദ്ധിക്ക് നെയ്‌വിളക്ക്, ഭാഗ്യവർദ്ധനവിന് ത്രിമധുരം, ദൃഷ്ടിദോഷങ്ങൾ മാറാൻ നാരങ്ങാമാല, രോഗശാന്തിക്ക് പാൽ അഭിഷേകം,
കാര്യവിജയത്തിന് മഞ്ഞപ്പട്ട് ചാർത്തൽ. അംഗീകാരം, ജനനേതൃത്വം ലഭിക്കാൻ കളഭാഭിഷേകം, പാപങ്ങൾ ശമിക്കാൻ ഭസ്മാഭിഷേകം, കാര്യവിജയത്തിന് കാവടി.
ശ്രീ സുബ്രഹ്മണ്യ സഹസ്രനാമം

ഷഷ്ഠി ദിവസം വ്രതം നോറ്റാലും ഇല്ലെങ്കിലും ഭക്തർ സുബ്രഹ്മണ്യ ഭഗവാൻ്റെ സഹസ്രനാമാവലി ജപിക്കുന്നത് ഗുണപ്രദമാണ്. ഇത് ജപിക്കാൻ മന്ത്രോപദേശവും വ്രതവും വേണ്ട. ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി പതിവായി ജപിക്കുന്നവർക്ക് സ്കന്ദ ഭഗവാന്റെ ദിവ്യ സാന്നിദ്ധ്യം അനുഭവിക്കാം. മക്കളുടെയും കുടുംബത്തിൻ്റെയും സുരക്ഷയ്ക്ക് ഇതിലും മികച്ചൊരു സ്തുതി ഇല്ല. ശ്രീമുരുകനെ ഈ സഹസ്രനാമത്താൽ പൂജിച്ചാലും ഇത് കേട്ടാലും സകല പാപങ്ങളും തീരും; എല്ലാ ദു:ഖങ്ങളും ആധികളും രോഗദുരിതങ്ങളും ശമിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. ശ്രീകാർത്തികേയൻ, വേലായുധൻ തുടങ്ങി ഭഗവാൻ്റെ 1008 നാമങ്ങളിൽ കോർത്ത ഈ പുണ്യ കീർത്തനം മുരുകൻ്റെ ഓരോ നാമങ്ങളുടെയും ഭാവവും ദീപ്തിയും ആഴവും ഏകത്വവും ദിവ്യത്വവും വെളിപ്പെടുത്തുന്നു.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി കേൾക്കാം:

Story Summary: Sashti Vritham 2025 May 2:
Check out the Significance and Mantras

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!