ശ്രീരാമനെയും ഹനുമാനെയും ഭജിക്കാൻ ഞായറാഴ്ച മുതൽ 7 ദിവ്യ ദിനങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ചൈത്രത്തിലെ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ ഏഴ് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ഈ പുണ്യ ദിനങ്ങൾ ഇക്കുറി മീനത്തിലാണ് സമാഗതമാകുന്നത്.
രാമദേവന്റെ അവതാരദിവസമായ ശ്രീ രാമനവമി
ചൈത്ര നവമിയായ 2025 ഏപ്രിൽ 6 നും ഹനുമദ് ജയന്തിയായ ചൈത്രപൂർണ്ണിമ ഏപ്രിൽ 12 നും ആചരിക്കുന്നു. തുടർച്ചയായി ഈ ദിനങ്ങളിലെ വ്രതവും പ്രാര്‍ത്ഥനയും ശ്രീരാമചന്ദ്രനെയും ഹനുമദ് സ്വാമിയെയും ഒരു പോലെ തൃപ്തിപ്പെടുത്തും. രാമനവമിയായ ഏപ്രിൽ 6 മുതൽ ഹനുമദ് ജയന്തിയായ ഏപ്രിൽ 12 വരെയുള്ള 7 ദിവസം മുഴുവനും സാധാരണ നിഷ്ഠകൾ പാലിച്ച് വ്രതമെടുക്കുക ഉത്തമമാണ്.
ബ്രഹ്മചര്യം നിര്‍ബന്ധം. വ്രതദിനങ്ങളിൽ രണ്ട് നേരവും കുളിക്കണം. ശ്രീരാമ മന്ത്രങ്ങളും ഹനുമദ് മന്ത്രങ്ങളും ജപിക്കണം. ഓം രാം രാമായ നമഃ , ഓം നമോ നാരായണായ , ഓം ഹം ഹനുമതേ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കണം. വിഷ്ണുസഹസ്രനാമം, നാരായണീയം, ഭഗദവദ് ഗീത, ശ്രീമദ് ഭാഗവതം, രാമായണം, ശ്രീരാമ അഷ്ടോത്തരം, ഹനുമാൻ ചാലിസ, ഹനുമദ് അഷ്ടോത്തരം എന്നിവ യഥാശക്തി ജപിക്കുകയും ആകാം. മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിൽ ഉള്ള വസ്ത്രം ജപവേളയില്‍ ധരിക്കുന്നത് ഗുണകരം.
ഈ 7 ദിവസവും വ്രതം എടുക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 6, ഏപ്രിൽ 12 എന്നീ ദിവസങ്ങളിൽ മാത്രം വ്രതം നോൽക്കാം. രാമനവമി വ്രതം ഏപ്രിൽ 5 ന് തുടങ്ങി 7 ന് പൂർത്തിയാക്കാം. ഹനുമദ് ജയന്തി വ്രതം തലേന്ന് ഏപ്രിൽ 11 സൂര്യാസ്തമയത്തിൽ തുടങ്ങി ഏപ്രിൽ 13 രാവിലെ പൂർത്തിയാക്കണം. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതം പാലിക്കണം. ഹനുമാന്‍ സ്വാമി രാമഭക്തനായതിനാല്‍ ശ്രീരാമ ജയവും പ്രാര്‍ത്ഥിക്കണം. ഹനുമദ് ജയന്തി ദിവസം രാവിലെ തന്നെ ക്ഷേത്രദര്‍ശനം നടത്തി പ്രദക്ഷിണം വച്ച് ആജ്ഞനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല സമര്‍പ്പിച്ച് അവില്‍ നിവേദ്യം വഴിപാട് നടത്തുക. ഓം ഹം ഹനുമതേ നമഃ എന്ന മന്ത്രം സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ മന്ത്രം 108 വീതം അന്ന് രാവിലെയും വൈകിട്ടും ജപിക്കണം. ഓം നമോ ഭഗവതേ ആജ്ഞനേയായ മഹാബലായ സ്വാഹാ എന്ന മന്ത്രം 48 പ്രാവശ്യം ജപിക്കുക. പിറ്റേന്ന് രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കാം. ശ്രീരാമനവമി,
ഹനുമദ് ജയന്തി വ്രതം അനുഷ്ഠിക്കുന്നവർ ശ്രീരാമ അഷ്ടോത്തരം, ഹനുമദ് അഷ്ടോത്തരം, നമോ ആഞ്ജനേയം ഹനുമദ് കീർത്തനം, ഹനുമദ് സ്തോത്രം നാമ രാമായണം തുടങ്ങിയ ജപിക്കുന്നത് ഉത്തമമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീരാമ അഷ്ടോത്തരം കേൾക്കാം :
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655
Story Summary: Seven divine days for worshipping Sree Rama Chandra Swami and Hanuman Swami Starting from April 6, 2025
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved