Friday, 22 Nov 2024
AstroG.in

ബുധനാഴ്ച ശയനഏകാദശി നോറ്റാൽമന:ശാന്തി, സന്തോഷം, ഐശ്വര്യം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ശയനൈ ഏകാദശി. സമൃദ്ധി, പാപശാന്തി എന്നിവയ്ക്ക് ഉത്തമമാണ് മിഥുനമാസത്തിലെ ഈ ഏകാദശി വ്രതം.

വളരെക്കാലം മഴയില്ലാതെ വരള്‍ച്ച അനുഭവിച്ച് രാജ്യം അരക്ഷിതാവസ്ഥയില്‍ ആയപ്പോള്‍ മാന്ധതാവ്
രാജാവ് പ്രജകളോടു കൂടി ഏകാദശി അനുഷ്ഠിച്ച് പുണ്യം ആര്‍ജ്ജിച്ചെന്നും ഇതിന്റെ ഫലമായി മഴയുണ്ടാവുകയും രാജ്യം ഫലഭൂയിഷ്ടമാവുകയും ചെയ്തുവെന്നാണ് ഐതിഹ്യം പറയുന്നത്. ഇതിലൂടെ സമൃദ്ധി, ഐശ്വര്യം എന്നിവയ്ക്ക് ഈ ഏകാദശി ആചരണം ഗുണകരമാണ് എന്ന് കാണുന്നു. ഈ ഏകാദശിയെ പത്മ ഏകാദശി എന്നും പറയും. വിഷ്ണുഭഗവാന്‍ പള്ളികൊള്ളുന്ന ദിവസം എന്ന അര്‍ത്ഥത്തില്‍ ശയന ഏകാദശി എന്നും പറയാറുണ്ട്. ഈ ഏകാദശി മുതല്‍ നാല് മാസം ഭഗവാന്‍ യോഗനിദ്രയിലായിരിക്കും എന്നാണ് വിശ്വസം. ഈ പുണ്യദിനത്തെ ദേവശയനി ഏകാദശി, മഹാഏകാദശി, ഹരിശയനി ഏകാദശി എന്നെല്ലാം പറയപ്പെടുന്നു.

2024 ജൂലായ് 17 നാണ് ഇത്തവണ ശയന ഏകാദശി. അന്ന് പാലാഴിയിൽ യോഗനിദ്രയടയുന്ന മഹാവിഷ്ണു
ചതുർ മാസ്യം കഴിഞ്ഞ് പ്രബോധിനി ഏകാദശിയിൽ ഉണർന്നെണീക്കും. ശയന ഏകാദശി നോൽക്കുന്നവർ ജൂലായ് 16, 17, 18 തീയതികളിൽ വ്രതമെടുക്കണം.

വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണ്. ഭക്തിയും നിഷ്ഠയും പാലിച്ച് ഏകാദശി വ്രതം നോറ്റ് മഹാവിഷ്ണുവിനെ പൂജിച്ചാൽ എല്ലാ പാപങ്ങളും ഇല്ലാതാകും. പാപം ശമിച്ചാൽ ജീവിതത്തിൽ ഐശ്വര്യം കടന്നുവരും. ഏകാദശി വ്രതത്തിന് ധാരാളം ഫലങ്ങള്‍ പറയുന്നുണ്ട്. ഈ ദിവസം വ്രതമെടുത്ത് ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത ഫലം ലഭിക്കും, ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ്‌ വിളക്ക് തെളിച്ചാൽ വൈകുണ്ഠപ്രാപ്തിയുണ്ടാകും. 24 ഏകാദശിയുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ശയന ഏകാദശിക്ക് വ്രതമെടുക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തി ഉറപ്പാണ്. ഗംഗ മുതലായ പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത ഫലം ഈ ദിവസത്തെ വ്രതഫലമാണ്.

ഏകാദശിക്ക് വിഷ്ണുവിന് താമരമാല ചാര്‍ത്തിയാൽ മോക്ഷം ലഭിക്കും. ദമ്പതികൾ ഒന്നിച്ച് വ്രതമെടുത്താല്‍ സത്‌സ്വഭാവികളായ മക്കളുണ്ടാകും. ഏകാദശി നാൾ ഉറക്കമൊഴിഞ്ഞ് നാമജപ നടത്തിയാൽ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കും. ഏകാദശി ദിവസം ദാനം ചെയ്യുന്നതുപോലെ മറ്റൊരു പുണ്യകര്‍മ്മം ഇല്ല. വൃശ്ചികം (മാര്‍ഗ്ഗശീര്‍ഷം) മാസത്തിലെ കറുത്ത ഏകാദശിയാണ് വ്രതം തുടങ്ങാന്‍ ഏറ്റവും ഉത്തമം. സ്വന്തം ആരോഗ്യം കണക്കിലെടുത്ത് വ്രത കാഠിന്യം കൂട്ടാനും കുറയ്ക്കാനും കഴിയും. സാധാരണ പൂര്‍ണ്ണ ഉപവാസമാണ് പറയുന്നത്. എന്നാൽ ക്ഷേത്രത്തില്‍ നിന്നുള്ള ഉണക്കലരി ചോറ് വാങ്ങി ഒരിക്കൽ ഉണ്ട് ദിവസം കഴിച്ചു കൂട്ടുന്നതിൽ തെറ്റില്ല. ഉപവാസവും ഉറക്കമൊഴിയലും കടുത്ത നിഷ്ഠ ആയതിനാല്‍ ആരോഗ്യം അനുവദിക്കുന്നവര്‍ മാത്രം അതു ചെയ്താല്‍ മതി.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847475559

Story Summary: Significance Of Sayana Ekadeshi or Maha Ekadeshi

Copyright 2024 Neramonline.com. All rights reserved

error: Content is protected !!