Monday, 27 Jan 2025
AstroG.in

മകരച്ചൊവ്വയിലെ ഭദ്രകാളി ഭജനത്തിന് അതിവേഗം ഫലം

ജ്യോതിഷരത്നം വേണു മഹാദേവ്
നാളെ ജനുവരി 14 ന് മകര സംക്രമവും മകരച്ചൊവ്വയും ശബരിമല മകരവിളക്കും ഒന്നിച്ചു വരുന്നു. ചൊവ്വാഴ്ച
രാവിലെ 8:55 നാണ് മകര രവി സംക്രമം. ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയമായതിനാൽ അപ്പോൾ തന്നെ
സംക്രമ പൂജ നടക്കും. ഈ സമയത്ത് ഗൃഹത്തിൽ പൂജാ മുറിയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് നല്ലതാണ്.

മകര സംക്രമവും മകരച്ചൊവ്വയും ഒന്നിച്ചു വരുന്നത് അപൂർവമാണ്. അതുകൊണ്ട് ഈ ദിവസത്തിന് പ്രത്യേക
പ്രാധാന്യം പറയുന്നു. ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം രാശി. അതായത് ചൊവ്വ ഏറ്റവും ബലവാനാകുന്ന രാശി. അതുകൊണ്ടാണ് മകരത്തിലെ ആദ്യ ചൊവ്വാഴ്ച കേരളീയർ വിശേഷപൂർവം ആചരിക്കുന്നത്.

ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളിയുമാണ്. യുഗ്മരാശി ഭദ്രകാളിയേയും ഓജരാശി സുബ്രഹ്മണ്യനേയും ചൊവ്വയാൽ ചിന്തിക്കപ്പെടുന്നു. യുഗ്മരാശിയായ മകരം രാശിയുടെ മാസം ഭദ്രകാളീ പ്രീതി നേടാൻ പ്രാധാന്യമുള്ള സമയമാണ്. ഈ സമയത്ത് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജ നടത്തും. ക്ഷേത്രം തന്ത്രി വന്ന് നവകം മുതലായവ ചടങ്ങുകൾ നടത്തി ഭഗവതി ചൈതന്യം ശക്തിപ്പെടുത്തും.

പ്രാചീനകാലം മുതൽ കേരളത്തിൽ ആരാധിക്കുന്ന അമ്മദേവതാ സങ്കല്പമാണ് ഭദ്രകാളി. കുലദേവതയായും കാവുകളിൽ പരദേവതയായും രോഗ, ദാരിദ്രനാശത്തിനും ദേശ സംരക്ഷണത്തിനും കാവിലമ്മയായി ഉപാസിക്കുന്നു. ഭദ്രകാളിയും സരസ്വതിയും ഒന്നു തന്നെയാണെന്ന് തന്ത്രം പറയുന്നു. ദശമഹാവിദ്യകളിലുൾപ്പെട്ട മന്ത്രമൂർത്തിയാണ് കാളിദേവി. കവിതിലകനായ കാളിദാസന്റെ കഥയും കൊടുങ്ങലൂരമ്മയുടെ ദാസനായ കൊടുങ്ങല്ലൂർ തമ്പുരാന്റെ പാണ്ഡിത്യവും കാളീദേവി സരസ്വതി തന്നെ എന്നതിന് തെളിവാണ്.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ നിത്യവും പ്രത്യേകിച്ച് ചൊവ്വ ദശാ കാലത്തും ഭദ്രകാളിയെ ഭജിക്കണം. മകരചൊവ്വയ്ക്ക് ഭദ്രകാളി ക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിന് പരിഹാരമാണ്.
ചൊവ്വ ലഗ്നം, നാല്, അഞ്ച്, ഒൻപത് ഇവകളിലുള്ളവർ സൗമ്യമൂർത്തിയായ ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം ആണ്. രണ്ട്, ഏഴ്, പത്ത്, പതിനൊന്ന് ഇവയിൽ ചൊവ്വ നില്ക്കുന്നവർ സുമുഖി കാളിധ്യാനത്തിലുള്ള ഭഗവതിയെ ഭജിക്കുന്നതു നന്നായിരിക്കും. 3, 6, 8, ഇവയിലുള്ളവർ കൊടുങ്കാളി കരിങ്കാളി കാളീം മേഘ സമപ്രഭാം ഇത്യാദികളെയും തമോഗുണാധിക്യമുള്ള പ്രതിഷ്ഠാ മൂർത്തികളേയും ഭജിക്കുന്നതുത്തമം. എന്നാൽ ഏതു തരക്കാർക്കും പൊതുവായി കാളീം മേഘ സമപ്രഭാം എന്ന ധ്യാന സങ്കല്പ പ്രതിഷ്ഠയെ ആരാധിക്കാം. തികഞ്ഞ ഭക്തി വിശ്വാസത്തോടെ എത് രൂപത്തിലുള്ള ഭദ്രകാളിയെ ആരാധിച്ചാലും നല്ലതാണ്. ഭക്തിക്കും വിശ്വാസത്തിനും ആണ് പ്രധാന്യം.

അഭിവൃദ്ധി ആഗ്രഹിക്കുന്ന കാളി ഭക്തർ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയുകയോ അഹിതം പറയുകയോ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഭദ്രകാളി കോപമായിരിക്കും ഫലം. പക്ഷബലമില്ലാത്ത ചന്ദ്രൻ ജാതകത്തിലുള്ളവരും കാളിയെ ഭജിക്കണം. നക്ഷത്ര ദിനം, ചൊവ്വാഴ്ച, തിങ്കൾ അമാവാസി ഇതൊക്കെ ഭദ്രകാളി ഭജനത്തിന് വിശേഷമാണ്. പ്രത്യേകിച്ച് മകരത്തിലെ ആദ്യചൊവ്വ. ഈ ദിവസങ്ങളിലെ ഭദ്രകാളി ഭജനത്തിന് അതിവേഗം ഫലം ലഭിക്കും.

കാർത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം മൂലം, പൂയം, അനിഴം, ഉത്രട്ടാതി ഇവർക്ക് ചൊവ്വ അശുഭകാരനാണ്. ഇവർ നിത്യേന ഭദ്രകാളി ഭജനം വേണം. ഭരണി, പൂരാടം, പൂരം, ആയില്യം, തൃക്കേട്ട, രേവതി പുണർതം , വിശാഖം. പുരുരുട്ടാതി ഇവർ ചന്ദ്രന് പക്ഷബലമില്ലാത്ത സമയത്താണ് ജനിച്ചതെങ്കിൽ പതിവായി ഭജിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559


Story Summary: Significance and Benefits of Bhadrakali worshipping on Makara Chowa.

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!