Friday, 22 Nov 2024
AstroG.in

ധനധാന്യ പുത്രപൗത്ര സുഖസമൃദ്ധിക്ക് ചിങ്ങത്തിലെ ഷഷ്ഠി വ്രതം തിങ്കളാഴ്ച

മംഗള ഗൗരി
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. 2024 സെപ്തംബർ 9 നാണ് ചിങ്ങമാസത്തിലെ ഷഷ്ഠി. ഇതിനെ സൂര്യഷഷ്ഠി എന്നും പറയും. അന്ന് വ്രതമെടുത്ത് ആദിത്യപൂജ ചെയ്താല്‍ ധനധാന്യ – പുത്ര – പൗത്ര – സുഖസമൃദ്ധിയുണ്ടാകും.
ചര്‍മ്മ, നേത്രരോഗങ്ങൾ ഉണ്ടാകില്ല എന്നും പറയുന്നു.

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്തുള്ളവരും ചൊവ്വാദോഷം ഉള്ളവരും ഷഷ്ഠിദിവസം സുബ്രഹ്മണ്യ സ്തുതികൾ ജപിക്കുന്നത് വളരെ നല്ലതാണ്. നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് സുബ്രഹ്മണ്യ പ്രാർത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാം. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം കാര്യവിജയം, രോഗദുരിതശാന്തി, സന്താനഭാഗ്യം, സന്താനദുരിത മുക്തി എന്നിവയ്ക്ക് ശ്രീമുരുക പ്രീതി നല്ലതാണ്. പെട്ടെന്നുള്ള ഫലസിദ്ധിയാണ് സുബ്രഹ്മണ്യ പ്രാർത്ഥനയുടെ പ്രത്യേകത.

ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം ഓം വചത് ഭുവേ നമഃ , സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ ഗായത്രി, ഓം ശരവണ ഭവഃ സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കവചം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാട് , അന്നദാനം ഇവ നടത്തണം. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച് വ്രതമെടുക്കുക. ഈ ഷഷ്ഠി വ്രതം സാർത്ഥകമാക്കാൻ സർവ്വസൗഭാഗ്യദായകമായ ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം കേൾക്കാം. ആലാപനം, മണക്കാട് ഗോപൻ:

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559

Story Summary: Significance and Benefits of Kumara Shashti Vritham on Midhunam Month

Copyright 2024 Neramonline.com. All rights reserved

error: Content is protected !!