Sunday, 2 Feb 2025
AstroG.in

തിങ്കളാഴ്ച ഷഷ്ഠിവ്രതം; ഉദ്ദിഷ്ടകാര്യങ്ങൾ ഉറപ്പായും നേടാം

മംഗള ഗൗരി
സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കുന്ന ഏറ്റവും മികച്ച വ്രതമാണ് ഷഷ്ഠി വ്രതം. സന്താനസൗഖ്യത്തിനും, ദാമ്പത്യ സൗഖ്യത്തിനും, കടബാധ്യതകളിൽ നിന്നും മോചനത്തിനും ഷഷ്ഠിവ്രതം ഗുണം ചെയ്യും. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം എടുക്കുന്നത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക്‌ ഏറ്റവും ഫലപ്രദമായ വ്രതാനുഷ്ഠാനമാണിത്.
ശ്രീ സുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത പെട്ടെന്നുള്ള ഫലസിദ്ധിയാണ്. ഷഷ്ഠി വ്രതം നോറ്റ് ശ്രീമുരുകനെ ഭജിക്കുന്നവരുടെ എല്ലാ ദുഃഖവും അതിവേഗം നീങ്ങും.

ജ്ഞാനപ്രാപ്തി മുഖ്യഫലം

ഒരോ മാസത്തെയും ഷഷ്ഠി ആചരിക്കുന്നതിന് പ്രത്യേകമായ ഫലങ്ങളും ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. 2025 ഫെബ്രുവരി 3 തിങ്കളാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി. ഈ ഷഷ്ഠിയില്‍ സ്‌കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാനപ്രാപ്തിയാണ് ഫലം. സൂര്യന്‍ വിഷ്ണു രൂപം പ്രാപിച്ച ദിവസമാണിത്. ഈ ഷഷ്ഠിതിഥി സമയം: ഫെബ്രുവരി 3 രാവിലെ 6:56 മുതൽ 4 ന് പുലർച്ചെ 4:39 വരെ. ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാദോഷമുള്ളവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് വളരെയധികം നല്ലതാണ്.

വ്രതവിധി
ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ സഹസ്രനാമം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി , ഗുഹ സ്തവം എന്നിവ ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാട് , പ്രസാദമൂട്ട് എന്നിവ നടത്തണം. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു കിട്ടുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. ആരോഗ്യപ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച് വ്രതം അനുഷ്ഠിക്കുക. ഷഷ്ഠിദിനത്തിൽ രാവിലെയും വൈകിട്ടും മേൽപ്പറഞ്ഞ സുബ്രഹ്മണ്യ മന്ത്രങ്ങളും സ്തുതികളും നിശ്ചയമായും ജപിക്കണം. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

ഷഷ്ഠിനാളിൽ മകയിരം, ചിത്തിര, അവിട്ടം നക്ഷത്ര ജാതരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക് സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യവും ജപിക്കാനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്. സപ്തമി ദിവസം രാവിലെ കുളിച്ച് അടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം.

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

ഭഗവാനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. ശ്ലോക അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം ഇവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിച്ച കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.

ജപമന്ത്രങ്ങൾ
ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്‌കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം. ഈ ഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ ഭഗവാൻ്റെ അനുഗ്രഹത്തിന് അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി കഴിയുന്ന രീതിയിൽ വഴിപാടുകൾ നടത്തുകയെങ്കിലും ചെയ്യണം. വ്രതം നോൽക്കുന്നവർ അന്ന് കഴിയുന്നത്ര നേരം ക്ഷേത്രത്തിൽ തന്നെ കഴിയുകയും മുരുക മന്ത്രങ്ങൾ, കീർത്തനങ്ങള്‍ എന്നിവ ജപിക്കുകയും വേണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി കേൾക്കാം :


Story Summary: Significance and Benefits Of Makara Shashi Vritham

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!