അതിവേഗം ദു:ഖദുരിതശാന്തിക്ക് വൈശാഖത്തിലെ മോഹിനി ഏകാദശി

തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാവിധ ദു:ഖദുരിതശാന്തിക്കും ഐശ്വര്യത്തിനും
ഒരേപോലെ ഗുണകരമായ വ്രതമാണ് ഏകാദശി. കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുന്ന ഏകാദശിവ്രതം അളവറ്റ സുകൃതം നൽകും. പിതൃശാപം, പൂർവ്വികദോഷം, ദാരിദ്ര്യദു:ഖം, ശത്രുദോഷം, ശാപദോഷം തുടങ്ങിയ പ്രതികൂല ഊർജ്ജങ്ങൾക്കെല്ലാം നല്ല പരിഹാരമാണ് ഏകാദശിവ്രതം. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപദുരിതങ്ങളെല്ലാം ഏകാദശി നോറ്റാൽ ശമിക്കും.
എല്ലാ ദുഃഖങ്ങൾക്കും പരിഹാരം
ശനിദോഷങ്ങൾ നീങ്ങുന്നതിന് ശനിയാഴ്ചവ്രതം, ദാമ്പത്യഭദ്രതയ്ക്ക് തിങ്കളാഴ്ചവ്രതം, ആരോഗ്യസിദ്ധിക്ക് ഞായറാഴ്ചവ്രതം, ശത്രുദോഷശാന്തിക്കായി ചൊവ്വാഴ്ചവ്രതം, എന്നിവയെല്ലാം നാം നോക്കാറുണ്ട്. കറുത്ത വാവ് ദിവസം വ്രതമെടുക്കുന്നത് പിതൃക്കളുടെ അനുഗ്രഹത്തിന് നല്ലതാണ്. എന്നാൽ ഏകാദശി
വ്രതമാകട്ടെ ഈ പറഞ്ഞ എല്ലാം വിഷമങ്ങളും മാറാൻ ഒരുപോലെ ഗുണകരമാണ്.
അതിവേഗം അഭീഷ്ടസിദ്ധി
ക്ഷിപ്രഫലദായകമാണ് ഏകാദശി വ്രതം. ഇതിലൂടെ എല്ലാവിധ ഭൗതികസുഖങ്ങളും ഒടുവിൽ മോക്ഷവും ലഭിക്കും. പുരാണേതിഹാസങ്ങൾ പറയുന്നത് മോക്ഷദായകനായ മൂർത്തി വിഷ്ണുഭഗവാൻ തന്നെയെന്നാണ്. അതിനാലാണ് വൈഷ്ണവരുടെ പ്രധാന വ്രതം ഏകാദശിയായത്. ക്ഷേത്രദർശനം, വിഷ്ണുപൂജകൾ, വൈഷ്ണവപരമായ രാജഗോപാലഹോമം, സന്താനഗോപാലഹോമം, സുദർശനഹോമം, തിലഹോമം തുടങ്ങിയ വിവിധ കർമ്മങ്ങൾക്കും ഏകാദശി ഉത്തമദിവസമാണ്. വൈഷ്ണവക്ഷേത്ര തീർത്ഥാടനങ്ങൾക്കും ദാനകർമ്മങ്ങൾക്കും ഏകാദശി ഏറെ വിശിഷ്ടം. പഴയ തലമുറയിൽ ഏകാദശി വ്രതം സ്വീകരിക്കാത്തവർ ഈശ്വരവിശ്വാസികൾക്കിടയിൽ കുറവാണ്. ഒരു തവണ ഏകാദശി വ്രതമെടുത്താൽ തന്നെ അളവറ്റ പുണ്യം ലഭിക്കും. അപ്പോൾ കൃത്യമായി എല്ലാ ഏകാദശിയും പാലിച്ചാലോ ഏകാദശേന്ദ്രിയൈ: പാപം യദ്കൃതം ഭവതി പ്രഭോ ഏകാദശോപവാസേന തത്‌സർവ്വം വിലയും വ്രജേത് എന്ന ശ്ലോകത്തിലൂടെ കൈ, കാല്, വായ്, ഗുഹ്യം, ഗുദം, കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്, മനസ്സ് എന്നീ 11 ഇന്ദ്രിയങ്ങൾ കൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഏകാദശി വ്രതത്തിലൂടെ മാറും എന്ന് പറയുന്നു.
വൈശാഖശുക്ല ഏകാദശി പവിത്രം
ഒരു വർഷത്തെ ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈശാഖ ശുക്ലപക്ഷത്തിൽ വരുന്ന മോഹിനി ഏകാദശി. വിഷ്ണു പ്രീതി നേടാനുള്ള പുണ്യമാസമായ വൈശാഖത്തിലെ അഥവാ മാധവ മാസത്തിലെ ഈ ഏകാദശി പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുകയും
അവരുടെ ആശകളെല്ലാം സഫലമാക്കുകയും ചെയ്യും. മഹാവിഷ്ണു ഭഗവാന്‍ പാലാഴി മഥനത്തിൽ മോഹിനി രൂപം സ്വീകരിച്ചത് ഈ ദിനത്തിലായതിനാലാണ് ഇതിന് മോഹിനി ഏകാദശി എന്ന് പേരു വന്നത്. സീതാദേവിയെ പിരിഞ്ഞ വിരഹത്താല്‍ ദു:ഖിതനായ ശ്രീരാമചന്ദ്രദേവന്‍ ദു:ഖനിവൃത്തിക്കായി വസിഷ്ഠമഹര്‍ഷിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് വൈശാഖമാസത്തിൽ ഈ ഏകാദശി നോറ്റ്
പാപശാന്തിയും ദുഃഖശാന്തിയും കൈവരിച്ചെന്നും ഒരു ഐതിഹ്യമുണ്ട്. മോഹിനി ഏകാദശി ഇത്തവണ 2025 മേയ് 8 വ്യാഴാഴ്ചയാണ്.
വ്രതം മൂന്ന് ദിവസം
ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിവ്രതത്തിന് പ്രാധാനമാണ്. ഈ ദിവസങ്ങളില്‍ ഒരുനേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിലുള്ള
ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലങ്ങൾ എന്നിവ കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണ ഉപവാസം എടുക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതമെടുക്കുന്നവരുണ്ട്. ആരോഗ്യപരമായി
അതിന് കഴിയാത്തവർ ഒരു നേരം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. പിറ്റേന്ന് തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. അന്ന് വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. യഥാശക്തി ഓം നമോ നാരായണായ നമ: ജപിക്കണം. വിഷ്ണു അല്ലെങ്കിൽ അവതാര വിഷ്ണു ക്ഷേത്രദര്‍ശനം നടത്തണം. അതിന് കഴിയാത്തവർ പൂജാമുറിയിൽ വിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യ സേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.
ഹരിവാസര വേള പ്രധാനം
ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസര വേളയിൽ ഉണ്ണാതെ ഉറങ്ങാതെ വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യം ഈ സമയത്ത് വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഈ സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധി നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. മേയ് 8 വെളുപ്പിന് 5:59 മണി മുതൽ വൈകിട്ട് 7:08 മണി വരെയാണ് ഹരിവാസരം.
ഈ നക്ഷത്രക്കാർക്ക് സുപ്രധാനം
മഹാവിഷ്ണുവിന് പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി നാൾ ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്നത് ഐശ്വര്യദായകമാണ്. വിഷ്ണുസൂക്ത പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി വ്രതം അനുഷ്ഠിക്കുന്ന വളരെ നല്ലതാണ്.
മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കണം
വ്രതം നോറ്റാലും ഇല്ലെങ്കിലും വിഷ്ണുഭക്തർ ഏകാദശി ദിവസം ഭഗവാന്റെ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ജപിക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മൂലമന്ത്രങ്ങൾ തീർച്ചയായും ജപിക്കണം. വിഷ്ണു സഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം, അച്യുതാഷ്ടകം തുടങ്ങിയവ ജപിക്കുന്നത് വളരെ നല്ലതാണ്. വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നവരെ ധനം, സുഖം, സന്താനം, സ്ഥാനമാനങ്ങൾ, കീർത്തി, വീര്യം, ബലം, നിർഭയത്വം എന്നിവ തേടി വരും. ആപത്തുകൾ, രോഗങ്ങൾ, ശത്രുക്കൾ എന്നിവയിൽ നിന്നും ഭഗവാൻ അവരെ കാത്ത് രക്ഷിക്കും. വിഷ്ണു ഭഗവാൻ്റെ 100 നാമങ്ങൾ ഉൾപ്പെടുന്ന ശതനാമ സ്തോത്രം ദിവസവും ജപിക്കാം. യാതൊരു വ്രതവും ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. തെറ്റുകൾ വരുത്തരുത്. അതിന് ഇത് കേട്ട് ജപിക്കുന്നത് നല്ലതാണ്. വ്യാഴാഴ്ച, ഏകാദശി, തിരുവോണം നക്ഷത്രം തുടങ്ങി ജപിച്ചാൽ ഇരട്ടിഫലം കിട്ടും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:
Story Summary: Significance and Benefits of
Mohini Ekadashi Vritham of Month Vishakam
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved