Tuesday, 3 Dec 2024
AstroG.in

ഉമാമഹേശ്വര വ്രതം വിവാഹ തടസംനീക്കും; ദാമ്പത്യ ക്ലേശങ്ങൾ മാറ്റും

ജ്യോതിഷരത്‌നം വേണു മഹാദേവ്
ദാമ്പത്യ ദുരിത മോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള്‍ മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് ഉമാമഹേശ്വര വ്രതം. ഭാദ്രപദ മാസത്തിലെ പൂര്‍ണ്ണിമ ദിവസം അനുഷ്ഠിക്കുന്ന ഇതിനെ അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നായിട്ടാണ് സക്ന്ദപുരാണത്തിൽ പറയുന്നത്. കേരളത്തില്‍ 2024 സെപ്തംബര്‍ 17 ചൊവ്വാഴ്ചയാണ് ഇത് ആചരിക്കുന്നത്. തമിഴ്‌നാട്ടില്‍ കാര്‍ത്തികമാസത്തിലെ പൗര്‍ണ്ണമിയിൽ
2024 നവംബര്‍ 15 ഉമാമഹേശ്വര വ്രതം ആചരിക്കുന്നത്. മംഗല്യഭാഗ്യം പ്രത്യേകിച്ച് എത്ര ശ്രമിച്ചിട്ടും തടസ്സങ്ങൾ
മാറാത്ത വിവാഹം നടക്കുന്നതിനും ദാമ്പത്യ വിജയം, ഐശ്വര്യം തുടങ്ങി എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും ഈ
വ്രതമെടുക്കുന്നത് നല്ലതാണ്.

ഉമാമഹേശ്വര വ്രതദിവസമായ ചൊവ്വാഴ്ച കാലത്ത് കുളിച്ച് ശിവപാര്‍വ്വതി ക്ഷേത്ര ദര്‍ശനം നടത്തി കൂവള അര്‍ച്ചനയും ധാരയും വഴിപാട് നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നത്ര തവണ ഓം നമഃ ശിവായ, ഓം ഹ്രീം നമഃ ശിവായ മന്ത്രങ്ങള്‍ പ്രസിദ്ധമായ ഉമാമഹേശ്വര സ്‌തോത്രം എന്നിവ ജപിക്കണം. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് ബന്ധം ദൃഢമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ ഈ വ്രതം നോറ്റാൽ അഭീഷ്ട സിദ്ധി ഉറപ്പാണ്.

12 വര്‍ഷം തുടര്‍ച്ചയായി
ഉമാമഹേശ്വര വ്രതം

ഒരു ചിങ്ങത്തിലെ പൗര്‍ണ്ണമി നാളില്‍ തുടങ്ങി 12 വര്‍ഷം തുടര്‍ച്ചയായി ഉമാമഹേശ്വര വ്രതം നോറ്റ് പണ്ട് ഭക്തര്‍ ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാമഹേശ്വര രൂപങ്ങള്‍ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമ വച്ച് പൂജിച്ച ശേഷം അത് ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ ഇതിന് മാറ്റം വന്നിട്ടുണ്ട്. ശുക്ലപക്ഷ അഷ്ടമി, ശുക്ലപക്ഷ ചതുര്‍ദ്ദശി, പൗര്‍ണ്ണമി, അമാവാസി ദിനങ്ങളിലെല്ലാം ഇപ്പോള്‍ ഭക്തര്‍ ഉമാമഹേശ്വര വ്രതം എടുക്കാറുണ്ട്.

ഹിമവാന് മേനയില്‍ ജനിച്ച പാര്‍വതി ദേവിയുടെ പര്യായമാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ പുനരവതാരമാണ് പാര്‍വതി. ശിവനെ ഭര്‍ത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിന തപസ് ചെയ്യാന്‍ തുടങ്ങിയ മകളോട് അമ്മ മേന തപസ് അരുതേ എന്ന് പറഞ്ഞതിനാല്‍ ഉമ എന്ന് പേര് ലഭിച്ചതായി ഹരിവംശത്തിലും കാളിദാസന്‍ കുമാര സംഭവത്തിലും പറയുന്നു. സംസ്‌കൃതത്തില്‍ ഉ എന്നാല്‍ തപസും മ എന്നാല്‍ അരുതേ എന്നുമാണ് അര്‍ത്ഥം.

വിഷ്ണുഭഗവാൻ മഹാലക്ഷ്മിയെ
വീണ്ടെടുത്തത് ഈ വ്രതം നോറ്റ്

ദുര്‍വാസാവിന്റെ ശാപഫലമായി തനിക്ക് നഷ്ടപ്പെട്ട ലക്ഷ്മിദേവിയെ വിഷ്ണു ഭഗവാന്‍ വീണ്ടെടുത്തത്
ഉമാമഹേശ്വര വ്രതം നോറ്റാണെന്ന് ഐതിഹ്യമുണ്ട്. ഒരിക്കല്‍ വിഷ്ണുഭഗവാന് ദുര്‍വാസാവ് ശിവന്റെ ഒരു മാല നല്‍കി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചത് കണ്ട് കുപിതനായി ദുര്‍വാസാവ് പറഞ്ഞു: അല്ലയോ വിഷ്‌ണോ, അങ്ങ് ശ്രീ ശങ്കരനെ അപമാനിച്ചു. അതിനാല്‍ അങ്ങയുടെയടുക്കല്‍ നിന്ന് ലക്ഷ്മി വിട്ടു പോകും. ക്ഷീരസാഗരത്തില്‍ നിന്നു പോലും വിട്ടു മാറേണ്ടി വരും; ശേഷന്‍ സഹായിക്കുകയില്ല. ഇതുകേട്ട് വിഷ്ണു ദുര്‍വാസാവിനെ നമസ്‌ക്കരിച്ച് ചോദിച്ചു: ഈ ശാപത്തില്‍ നിന്നും മുക്തനാവാന്‍ എന്താണ് ഉപായം? ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക. അപ്പോള്‍ നഷ്ടമായ സകലതും തിരിച്ചു കിട്ടും. അങ്ങനെ ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചതിന്റെ ഫലമായി ലക്ഷ്മി മുതലായ നഷ്ടപ്പെട്ട സകലതും വിഷ്ണുവിന് തിരിച്ചു കിട്ടി.

ഉമാമഹേശ്വര സ്‌തോത്രം

കാര്യസാധ്യത്തിനും ഐക്യത്തിനും
ഉമാമഹേശ്വര പൂജ ഉത്തമം

കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹ തടസം മാറുന്നതിനും മഹാദേവനെയും ഉമയെയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളില്‍ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്‌നത്തിലെയും എല്ലാ ദോഷങ്ങള്‍ക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മറ്റ് ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യ സാധ്യത്തിനും ഐകമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

പിന്‍വിളക്ക് ദേവിക്ക്

പാര്‍വതി ദേവിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നില്‍ പാര്‍വതിയെ സങ്കല്പിക്കുന്നു. ദേവിക്കാണ് ഭക്തര്‍ പിന്‍വിളക്ക് തെളിക്കുന്നത്. ശ്രീകോവിലില്‍ കിഴക്കും പടിഞ്ഞാറുമായി പാര്‍വതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികളും ചിലതുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതില്‍ പ്രധാനമായ ഒന്നാണ്. എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രം, കോട്ടയം വാഴപ്പള്ളി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂര്‍ ക്ഷേത്രം എന്നിവ ഇതില്‍ ചിലതാണ്. കാടമ്പുഴ ക്ഷേത്രത്തിൽ
ശിവ പാര്‍വതിമാര്‍ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരില്‍ ഭഗവതി ഭുവനേശ്വരിയാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 9847475559

Story Summary: Significance and Benefits Of Uma Maheswara Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!