Thursday, 14 Nov 2024
AstroG.in

Significance and Benefits Of Uma Maheswara Vritham

മംഗള ഗൗരി
ദാമ്പത്യ ദുരിതമോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള്‍ മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമെന്ന് സക്ന്ദപുരാണത്തില്‍ വിവരിച്ചിട്ടുള്ള അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നാണ് ഉമാമഹേശ്വര വ്രതം. ചിലർ കാർത്തികമാസത്തിലെ വെളുത്ത വാവ് ദിവസവും മറ്റ് ചിലർ ഭാദ്രപദത്തിലെ പൗർണ്ണമിക്കും ഈ വ്രതം അനുഷ്ഠിക്കുന്നു. കാർത്തിക മാസത്തിലെ ഉമാമഹേശ്വര വ്രതം ഇത്തവണ 2024 നവംബര്‍ 15 വെള്ളിയാഴ്ചയാണ്. ദാമ്പത്യക്ഷേമം, ധനം, ഐശ്വര്യം, കിർത്തി തുടങ്ങിയ ഭൗതിക വിജയങ്ങള്‍ക്ക് ശിവപാര്‍വതിമാരെ ആരാധിക്കാന്‍ ഈ ദിവസം ഏറെ നല്ലതാണ്.

വ്രതദിവസം രാവിലെ കുളിച്ച് ശിവപാര്‍വ്വതി ക്ഷേത്ര ദര്‍ശനം നടത്തി കൂവള അര്‍ച്ചനയും ധാരയും വഴിപാട് നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നത്ര തവണ ഓം നമഃ ശിവായ, ഓം ഹ്രീം നമഃ ശിവായ എന്നീ മന്ത്രങ്ങള്‍ ജപിക്കണം. ഉമാമഹേശ്വര സ്‌തോത്രം ജപിക്കുന്നതും നല്ലതാണ്. ദാമ്പത്യ ബന്ധത്തില്‍ കഠിനമായ പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കില്‍ ഐക്യമത്യ പുഷ്പാഞ്ജലി, വശ്യഗണപതിസൂക്തപുഷ്പാഞ്ജലി എന്നിവ നടത്തി
പ്രാർത്ഥിക്കുന്നത് ബന്ധം ദൃഢമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ക്കും ഈ വ്രതം നോല്‍ക്കാവുന്നതാണ്.

പണ്ട് ഒരു ചിങ്ങം / തുലാമാസത്തിലെ പൗര്‍ണ്ണമി നാളില്‍ തുടങ്ങി 12 വര്‍ഷം തുടര്‍ച്ചയായി ഈ വ്രതം നോറ്റ് ഭക്തര്‍ ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാമഹേശ്വര രൂപങ്ങള്‍ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമ വച്ച് പൂജിച്ച ശേഷം അത് ശിവ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ ഇതിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ശുക്ലപക്ഷ അഷ്ടമി, ശുക്ലപക്ഷ
ചതുര്‍ദ്ദശി , പൗര്‍ണ്ണമി, അമാവാസി എന്നീ ദിവസങ്ങളിൽ ഇപ്പോള്‍ ഭക്തര്‍ ഉമാമഹേശ്വരവ്രതം എടുക്കാറുണ്ട്. കേരളത്തിൽ ഭാദ്രപദത്തിലും തമിഴ്‌നാട്ടില്‍ കാര്‍ത്തിക മാസത്തിലും പൗര്‍ണ്ണമി നാളിലാണ് ഉമാമഹേശ്വര വ്രതം കൂടുതൽ പേരും ആചരിക്കുന്നത്.

ഹിമവാന് മേനയില്‍ ജനിച്ച പാര്‍വതി ദേവിയുടെ മറ്റൊരു പേരാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ അവതാരമാണ് പാര്‍വതി. ശിവനെ ഭര്‍ത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിന തപസ് ചെയ്യാന്‍ തുടങ്ങിയ മകളോട് അമ്മ മേന തപസ് അരുതേ എന്ന് പറഞ്ഞു. അതിനാല്‍ ഉമ എന്ന് പേര് ലഭിച്ചതായി ഹരിവംശത്തിലും കാളിദാസന്‍ കുമാര സംഭവത്തിലും പറയുന്നു. സംസ്‌കൃതത്തില്‍ ഉ എന്നാല്‍ തപസും മ എന്നാല്‍ അരുതേ എന്നുമാണ് അര്‍ത്ഥം.

ദുര്‍വാസാവിന്റെ ശാപഫലമായി തനിക്ക് നഷ്ടപ്പെട്ട
ലക്ഷ്മിദേവിയെ വിഷ്ണു ഭഗവാന്‍ വീണ്ടെടുത്തത്
ഉമാമഹേശ്വര വ്രതം നോറ്റാണെന്ന് ഐതിഹ്യമുണ്ട്. ഒരിക്കല്‍ വിഷ്ണുഭഗവാന് ദുര്‍വാസാവ് ശിവന്റെ ഒരു മാല നല്‍കി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചത്
കണ്ട് കുപിതനായി ദുര്‍വാസാവ് പറഞ്ഞു: അല്ലയോ വിഷ്‌ണോ, അങ്ങ് ശ്രീ ശങ്കരനെ അപമാനിച്ചു.
അതിനാല്‍ അങ്ങയുടെയടുക്കല്‍ നിന്ന് ലക്ഷ്മി വിട്ടു പോകും. ക്ഷീരസാഗരത്തില്‍ നിന്നു പോലും വിട്ടു മാറേണ്ടി വരും; ശേഷന്‍ സഹായിക്കുകയില്ല.
ഇതുകേട്ട് വിഷ്ണു ദുര്‍വാസാവിനെ നമസ്‌ക്കരിച്ച് ചോദിച്ചു: ഈ ശാപത്തില്‍ നിന്നും മുക്തനാവാന്‍ എന്താണ് ഉപായം? ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക. അപ്പോള്‍ നഷ്ടമായ സകലതും തിരിച്ചു കിട്ടും. അങ്ങനെ ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചതിന്റെ ഫലമായി ലക്ഷ്മി മുതലായ നഷ്ടപ്പെട്ട സകലതും വിഷ്ണുവിന് തിരിച്ചു കിട്ടി.

കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹ തടസം മാറുന്നതിനും മഹാദേവനെയും ഉമയെയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളില്‍ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്‌നത്തിലെയും എല്ലാ ദോഷങ്ങള്‍ക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും
മറ്റ് ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യ സാധ്യത്തിനും ഐകമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

പാര്‍വതി ദേവിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നില്‍ പാര്‍വതിയെ സങ്കല്പിക്കുന്നു. ദേവിക്കാണ് ഭക്തര്‍ പിന്‍വിളക്ക് തെളിക്കുന്നത്. ശ്രീകോവിലില്‍ കിഴക്കും പടിഞ്ഞാറുമായി പാര്‍വതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികളും ചിലതുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതില്‍ പ്രധാനമായ ഒന്നാണ്. എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രം, കോട്ടയം വാഴപ്പള്ളി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂര്‍ ക്ഷേത്രം
എന്നിവ ഇതില്‍ ചിലതാണ്. കാടമ്പുഴ ക്ഷേത്രത്തിൽ
ശിവ പാര്‍വതിമാര്‍ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരില്‍ ഭഗവതി ഭുവനേശ്വരിയാണ്.
കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഉമാ മഹേശ്വര സ്തോത്രം:

ഉമാ മഹേശ്വര സ്‌തോത്രം
1
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
2
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്‌കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
3
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം
വിഭൂതിപാടീര വിലേപനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
4
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖൈ്യ രഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
5
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ചര രഞ്ജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
6
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈക ഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
7
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
8
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
9
നമഃ ശിവാഭ്യാം രചിതാഭയാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
10
നമഃ ശിവാഭ്യാം ജനമോഹനാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്‌ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
11
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
12
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്ത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം

സ്‌തോത്രം ത്രിസന്ധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വസൗഭാഗ്യഫലാനി ഭുംക്തേ
ശതായുരന്തേ ശിവലോകമേതി

Story Summary: Significance and Benefits Of Uma Maheswara Vritham

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!