Saturday, 23 Nov 2024
AstroG.in

അന്നപൂർണ്ണേശ്വരി ദേവിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ബാധിക്കില്ല

തരവത്ത് ശങ്കരനുണ്ണി
ശ്രീ അന്നപൂർണ്ണേശ്വരി ദേവിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ബാധിക്കില്ല. അന്നത്തിന് ഒരിക്കലും ഒരു
ബുദ്ധിമുട്ടും ഉണ്ടാകില്ല. പാർവ്വതീദേവിയുടെ ഒരു ഭാവമാണ് അന്നത്തിന്റെ ദേവിയായ അന്നപൂർണ്ണേശ്വരി. ഈ ദേവിയുടെ ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ ഭക്ഷണം വിളമ്പാനുള്ള കരണ്ടിയുമുണ്ട്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാല് കൈകളോടുകൂടിയ മറ്റൊരു സങ്കല്പവും ചില ശില്പങ്ങളിൽ കാണുന്നുണ്ട്.

ഏവർക്കും ആഹാരം നൽകുന്ന ആദിപരാശക്തിയാണ് അന്നപൂർണയെന്ന് പുരാണങ്ങൾ പറയുന്നു. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശിയിലെ (വാരണാസി) അന്നപൂർണ്ണാക്ഷേത്രം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ മുഖ്യ അന്നപൂർണ്ണേശ്വരി ക്ഷേത്രം കണ്ണൂർ ചെറുകുന്നിലാണ്.

ശ്രീ പാർവതി അന്നപൂർണ്ണാഭാവം സ്വീകരിച്ചതിന് പിന്നിലുള്ള കഥ ഐതിഹ്യം ഇതാണ്: ശിവൻ ഒരിക്കൽ
ഭിക്ഷാടനയോഗത്തെക്കുറിച്ച് ചിന്താമഗ്നനായിരുന്ന അവസരത്തിൽ നാരദർ ഭഗവാനെ സമീപിച്ച് പറഞ്ഞു: വർക്കത്തില്ലാത്ത ഭാര്യയാണ് അങ്ങയുടെ എല്ലാ ദുര്യോഗത്തിനും കാരണം. ഏഷണിക്കാരനായ നാരദർ
പിന്നീട് നിരുൻമേഷയായിരുന്ന പാർവതിയെ സമീപിച്ചു പറഞ്ഞു: ദേവിയുടെ ഈ ദുഃഖത്തിനു കാരണം ഭർത്താവിന്റെ കഴിവില്ലായ്മയാണ്.

ഈ ഏഷണി മനസ്സിൽ പതിഞ്ഞ ദേവി പിറ്റേന്ന് ശിവൻ ഭിക്ഷാടനത്തിനു പോയ സമയത്ത് കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യം കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ നാരദർ വഴിയിൽ ദേവിയെ തടഞ്ഞ് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കു തന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവൻ ഭിക്ഷാടനത്തിന് പോകുന്ന ഗൃഹങ്ങളിൽ അതിന് മുന്നേ ചെന്ന് ഭിക്ഷ വാങ്ങി പോകാനും ഉപദേശിച്ചു.

പാർവതി ദേവി അതനുസരിച്ച് പ്രവർത്തിച്ചു. ശിവൻ പതിവുപോലെ ചെന്നപ്പോൾ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നു വലഞ്ഞ് മടങ്ങി. ആ സന്ദർഭത്തിൽ ദേവി നേരത്തേ സംഭരിച്ചു വച്ച അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സംപ്രീതിനായ ഭഗവാൻ ദേവിയെ പ്രേമാധിക്യത്തോടെ പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം സംയോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായി മാറിയത്. ശിവന് അന്നമൂട്ടുന്ന ശ്രീപാർവതിയെയാണ് അന്നപൂർണേശ്വരിയായി സങ്കല്പിക്കുന്നത്.

കാശിയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളിലും അന്നപൂർണേശ്വരീ പ്രതിഷ്ഠകളുണ്ട്. പരശുരാമൻ കാശിയിൽ പോയി അന്നപൂർണാദേവിയെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യങ്ങളിൽ കാണുന്നു. ചൈത്രമാസത്തിലെ ഏകദേശം മീനം മാസം, വെളുത്ത നവമിദിവസം അന്നപൂർണാ ദേവി പൂജ സവിശേഷമായി ചിലയിടങ്ങളിൽ കൊണ്ടാടാറുണ്ട്. ദേവിയുടെ ഉപാസനാ ക്രമം തന്ത്രസാരത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അന്നപൂർണേശ്വരിയെക്കുറിച്ച് അനേകം സ്തോത്രങ്ങൾ ഉണ്ടെങ്കിലും ആദിശങ്കരാചാര്യർ എഴുതിയ നിത്യാനന്ദകരീ, വരാഭയകരീ, സൗന്ദര്യരത്നാകരീ എന്ന രചനയാണ് ദേവ്യുപാസകർക്കിടയിൽ ഏറ്റവും പ്രസിദ്ധം. ഈ സ്തോത്രം വേദവ്യാസരചിതമാണെന്നും ഒരുപക്ഷമുണ്ട് (ശബ്ദകല്പദ്രുമം). കേരളത്തിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രങ്ങൾ ധാരാളമുണ്ട്. ഇതിന് പുറമെ പല തറവാടുകളുടേയും കുടുംബദേവതയായും അന്നപൂർണ്ണേശ്വരി വാഴുന്നു. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണ്ണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്. ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണ്ണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.

അന്നപൂർണ്ണേശ്വരി സ്തോത്രം കേൾക്കാം



അന്നപൂർണ്ണേശ്വരി ധ്യാനം
തപ്തസ്വർണ്ണ നിഭാശശാങ്കമുകുടാ
രത്ന പ്രഭാ ഭാസുര
നാനാവസ്ത്ര വിരാജിതാ ത്രിണയനാ
ഭ്രൂമീരാമാഭ്യാം യുതാ
ദർവ്വീഹാടക ഭാജനം ച ദധതീ
രമ്യോച്ച പീനസ്തനീം
നൃത്യന്തം ശിവമാകലയ്യമുദിതാ
ധ്യേയാന്നപൂർണ്ണേശ്വരി

അന്നപൂർണ്ണേശ്വരി സ്തോത്രം
നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിര്‍ദ്ധൂതാഖിലഘോരപാപനകരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭൂഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമാനവിലസദ് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷയകരി ധര്‍മ്മാര്‍ത്ഥനിഷ്ഠാകരി
ചന്ദ്രാര്‍ക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരി
സർവൈശ്വര്യകരി തപ:ഫലകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസാചലകന്ദരാലയകരി ഗൗരി ഉമാശങ്കരി
കൗമാരി നിഗമാര്‍ത്ഥഗോചരകരി ഓംകാര ബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രഖേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമന: പ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ആദിക്ഷാന്തസമസ്ത വര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിപുരേശ്വരി ത്രിണയനി വിശ്വേശ്വരി ശർവരി
കാമാകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ഉർവീ സര്‍വജനേശ്വരി ജയകരി മാതാ കൃപാസാഗരി
നാരി നീലസമാനകുന്തളധരി നിത്യാന്നദാനേശ്വരി
സര്‍വാനന്ദകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരുചിരാ ദാക്ഷായണി സുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരി സൗഭാഗ്യ മാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശേ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപാശസാങ്കുശധരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രാണകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാശിവകരീ വിശ്വേശ്വരീ ശ്രീധരി
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി കൃപാവലംബനകരീ മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം

അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം അർത്ഥം

1
നിത്യമായ ആനന്ദത്തെ നല്‍കുന്നവളും വരം, അഭയം എന്നീ മുദ്രകള്‍ കൈയില്‍ ധരിച്ചിരിക്കുന്നവളും സൗന്ദര്യത്തിന്റെ സമുദ്രവും ഘോരങ്ങളായ പാതകങ്ങളെ നശിപ്പിച്ച് പരിശുദ്ധിയേകുന്നവളും അന്നം പ്രദാനം ചെയ്യുന്നവളും ഹിമവാന്റെ വംശത്തെ പാവനമാക്കിയവളും കാശി നഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അല്ലയോ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

2
വിവിധങ്ങളായ രത്‌നങ്ങള്‍കൊണ്ടുള്ള വിശിഷ്ട ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും കുചകുംഭ മദ്ധ്യേ തൂങ്ങിക്കിടന്നു വിലസുന്ന മുത്തുമാലകളോട് കൂടിയവളും കുങ്കുമം, അകില്‍ എന്നിവയാല്‍ സുഗന്ധമാര്‍ന്നവളും ചുറ്റും ശോഭയെ പ്രസരിപ്പിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

3
യോഗാനന്ദമേകുന്നവളും ശത്രുക്കളെ നശിപ്പിക്കുന്നവളും ധര്‍മ്മാര്‍ത്ഥങ്ങളെ നിലനിര്‍ത്തുന്നവളും ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവയ്ക്കു തുല്യമായ കാന്തി പ്രവാഹത്തോടു കൂടിയവളും മൂന്ന് ലോകങ്ങളെയും രക്ഷിക്കുന്നവളും
എല്ലാ ഐശ്വര്യവുമേകുന്നവളും തപസ്സുകൾക്ക് ഫലം തരുന്നവളും കാശി നഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താൽ ഏവർക്കും ആശ്രയമായുള്ളവളും അമ്മയുമായ അല്ലയോ അന്നപൂർണ്ണേശ്വരി എനിക്ക് ഭിക്ഷ നൽകിയാലും .

4
കൈലാസപര്‍വ്വതഗുഹയില്‍ വസിക്കുന്നവളും ഗൗരി, ഉമ, ശങ്കരി, കൗമാരി എന്നീ നാമങ്ങളില്‍ വ്യവഹരിക്കപ്പെടുന്നവളും വേദങ്ങളുടെ അര്‍ത്ഥത്തെ പ്രത്യക്ഷമാക്കുന്നവളും പ്രണവമാകുന്ന ബീജാക്ഷരത്തോടു കൂടിയവളും മോക്ഷത്തിനു പ്രതിബന്ധമായ അജ്ഞാനത്തെ നശിപ്പിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

5
ദൃശ്യങ്ങളും അദൃശ്യങ്ങളുമായ ആത്മവിഭൂതിയാകുന്ന പ്രപഞ്ചത്തെ പരിശുദ്ധമാക്കുന്നവളും ബ്രഹ്മാണ്ഡ കടഹങ്ങളെ മുഴുവന്‍ ഉള്ളില്‍ വഹിക്കുന്നവളും സൃഷ്ടിസ്ഥിതി സംഹാരാത്മകങ്ങളായ ലീലാനാടകത്തിന് സൂത്രധാരയായി വര്‍ത്തിക്കുന്നവളും ആത്മജ്ഞാനമാകുന്ന ദീപത്തെ ഉദിപ്പിക്കുന്നവളും ശ്രീവിശ്വനാഥന് മന:സന്തോഷത്തെ നല്‍കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

6
ആ മുതൽ ക്ഷ വരെയുള്ള അക്ഷരങ്ങളുടെ സ്വരൂപത്തോട് കൂടിയവളും ജീവാത്മാവിന് ജാഗ്രത് ,
സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളെ ചെയ്യുന്നവളും കുങ്കുമ വർണ്ണയും ത്രിപുരങ്ങൾക്ക്
സ്ഥൂലസൂക്ഷ്മ കാരണ ശരീരങ്ങൾക്ക് അധീശ്വരിയായവളും മൂന്നവസ്ഥകളിലും ജ്ഞാന
പ്രവാഹമായി വര്‍ത്തിക്കുന്നവളും സകലലോകത്തിനും ഈശ്വരിയും ശര്‍വ്വരിയും (കര്‍മ്മങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നവളും) അഭീഷ്ടദായിനിയും ഉത്കര്‍ഷമേകുന്നവളും കാശിനഗരത്തിന്റെ
അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, എനിക്കു ഭിക്ഷ നല്‍കിയാലും.

7
ഏറ്റവും വലിയവളും സര്‍വർക്കും ഈശ്വരിയും ജയമേകുന്നവളും മാതാവിനെപ്പോലെ കരുണാസാഗരവും ഉത്തമസ്ത്രീരത്‌നവും ഇന്ദ്രനീല നിറമുള്ള തലമുടിയുള്ളവളും നിത്യവും അന്നം ദാനംചെയ്യുന്നവളും മോക്ഷമാകുന്ന ആനന്ദം നല്‍കുന്നവളും സദാ മംഗളമേകുന്നവളുമായ അന്നപൂര്‍ണ്ണേശ്വരീഭിക്ഷ നല്‍കിയാലും.
8
വിവിധ വര്‍ണ്ണങ്ങളിലുള്ള എല്ലാ രത്‌നങ്ങളാലും ശോഭിക്കുന്നവളും ദക്ഷ പുത്രിയും സുന്ദരിയും സ്ത്രീരത്‌നവും മധുരമായ സ്തനങ്ങളാൽ പ്രിയങ്കരിയായവളും (മധുരമായ പാല്‍ ഏന്തിയിരിക്കുന്നവളും) സര്‍വ്വ സൗഭാഗ്യത്തോടുകൂടിയ മഹേശ്വരിയും അഭീഷ്ടദായിനിയും സദാ മംഗളമേകുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയുമായ അന്നപൂര്‍ണ്ണേശ്വരീ ഭിക്ഷ നല്‍കിയാലും.

9
അനേക കോടി ചന്ദ്രൻ , സൂര്യൻ, അഗ്നി, ഇവർക്ക് സദൃശയും ചന്ദ്രനെപ്പോലെ ശുഭ്ര വർണ്ണയും തൊണ്ടിപ്പഴം
പോലുള്ള അധരത്തോട് കൂടിയവളും ചന്ദ്രൻ , സൂര്യൻ, അഗ്നി എന്നിവയ്ക്ക് തുല്യമായ കുണ്ഡലങ്ങൾ ധരിച്ചിരിക്കുന്നവളും ചന്ദ്ര സൂര്യന്മാരെപ്പോലെ നിറമുളള ഈശ്വരിയും അക്ഷമാല, പുസ്തകം, പാശം, അങ്കുശം ഇവ ധരിച്ചിരിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താൽ അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ, ഭിക്ഷ നല്‍കിയാലും.

10
ക്ഷതത്തില്‍നിന്നു രക്ഷിക്കുന്നവരെ രക്ഷിക്കുന്നവളും മഹത്തായ അഭയത്തെ ചെയ്യുന്നവളും കൃപാസാഗരമായ അമ്മയും സ്വയമേവ മോക്ഷദായിനിയും എപ്പോഴും മംഗളത്തെ ചെയ്യുന്നവളും വിശ്വേശ്വരിയും ഐശ്വര്യധാരിണിയും (ഭദ്രകാളിയായി) ദക്ഷനെ കരയിച്ചവളും രോഗങ്ങളെ നശിപ്പിക്കുന്നവളും കാശിനഗരത്തിന്റെ അധീശ്വരിയും കാരുണ്യത്താല്‍ ഏവര്‍ക്കും ആശ്രയമായുള്ളവളും അമ്മയുമായ അന്നപൂര്‍ണ്ണേശ്വരീ ഭിക്ഷ നല്‍കിയാലും.

11
എപ്പോഴും പരിപൂര്‍ണ്ണയും ശിവന്റെ പ്രാണപ്രിയയുമായ അന്നപൂര്‍ണ്ണേശ്വരീ, ജ്ഞാനവും വൈരാഗ്യവും സിദ്ധിക്കുന്നതിനായി, പാര്‍വ്വതീ ഭിക്ഷ നല്‍കിയാലും.

12
എനിക്ക് മാതാവ് പാര്‍വ്വതീദേവിയും പിതാവ് മഹേശ്വരനും ബന്ധുക്കള്‍ ശിവഭക്തന്മാരും സ്വദേശം മൂന്നു ലോകങ്ങളുമാകുന്നു.

Story Summary: Significance and Benefits of worshipping Annapoorna Devi and Recitating Annapoorneswari Stotram

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!