Sunday, 2 Feb 2025
AstroG.in

ഞായറാഴ്ച ശ്രീ പഞ്ചമി; സരസ്വതിയെ ഭജിച്ചാൽ ഐശ്വര്യം, വിദ്യാലാഭം

ജ്യോതിഷരത്നം വേണു മഹാദേവ്

മാഘ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയാണ് വസന്തപഞ്ചമി അഥവാ ശ്രീ പഞ്ചമി എന്നറിയപ്പെടുന്നത്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ആഘോഷമാണിത്. അവർ പുസ്തകം പൂജിക്കുന്നതും വിദ്യാരംഭം കുറിക്കുന്നതും ശ്രീ പഞ്ചമി ദിവസമാണ്. കേരളത്തിലും ചില ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷപൂജകൾ നടത്താറുണ്ട്. ഇവിടെ കാര്യമായ ആഘോഷം ഇല്ലെങ്കിലും സ്വരസ്വതി പ്രീതി നേടാനുള്ള ഉപാസനകൾക്ക് ഈ ദിനം ഉത്തമാണ്.

ഒഡീഷയിലും ബംഗാളിലുമെല്ലാം വീടുകളിലും പൊതുസ്ഥലങ്ങളിലും വിദ്യാദേവതയുടെ വിഗ്രഹവും ചിത്രവും വച്ച് വിപുലമായാണ് ശ്രീ പഞ്ചമിക്ക് ദേവിയെ പൂജിക്കുന്നത്. ബ്രഹ്മാവിന്റെ വദനത്തിൽ നിന്നും സരസ്വതി ദേവി അവതരിച്ചത് മാഘത്തിലെ ശുക്ലപക്ഷം അഞ്ചാം നാളിലായിരുന്നു എന്നാണ് വിശ്വാസം. 2025 ഫെബ്രുവരി 2 ഞായറാഴ്ചയാണ് ഇത്തവണ ശ്രീ പഞ്ചമി. ശ്രീ ശബ്ദത്തിന് ലക്ഷ്മിയെന്നും സരസ്വതിയെന്നും അർത്ഥമുണ്ട്. ഇവിടെ ശ്രീ എന്ന പദത്തിന് സരസ്വതി എന്ന അർത്ഥമാണ്. കാളിദാസന് മുന്നില്‍ ദേവി വരം നല്‍കിയത് ശ്രീ പഞ്ചമിനാളിലാണെന്നും കരുതുന്നു.

വെള്ള വസ്ത്രം ധരിച്ച് സത്വഗുണത്മികയായ സരസ്വതിയെ ശ്രീ പഞ്ചമിനാൾ രാവിലെ പൂജിക്കണം.
വസന്തകാലം ആരംഭിക്കുന്ന മാഘത്തിലെ ശ്രീപഞ്ചമി എല്ലാം മഞ്ഞ നിറം കൊണ്ട് അലങ്കരിച്ചാണ് ഉത്തര ഭാരതം കൊണ്ടാടുന്നത്. ഭക്തർ മഞ്ഞപ്പട്ടുടയാട അണിഞ്ഞ് സ്വയം കനകപ്രഭ ആർജ്ജിച്ച് മഞ്ഞ പൂക്കളും മഞ്ഞ വസ്ത്രങ്ങളും മഞ്ഞ നിറമുള്ള മധുരപലഹാര നിവേദ്യങ്ങളും വിദ്യാദേവതയ്ക്ക് സമർപ്പിക്കുന്നു. ഭഗവാൻ ശ്രീനാരായണന്റെ നിശ്ചയ പ്രകാരം വെള്ളത്താമരയിൽ ഇരിക്കുന്ന ദേവിയെ വെളുത്ത പൂക്കൾ കൊണ്ട് ആരാധിക്കുന്നതും ശ്രേഷ്ഠമാണ്.

ഐശ്വര്യത്തിന്റെയും ശുഭപ്രതീക്ഷകളുടെയും ഉത്സവമായ വസന്തപഞ്ചമി നാളിൽ പുസ്തകവും പേനയുമെല്ലാം സരസ്വതി ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും മോക്ഷവും കരഗതമാകും. ശ്രീകൃഷ്ണ ഭഗവാനാണ് ആദ്യമായി വാണീപൂജ ചെയ്തതെന്ന് ദേവീ ഭാഗവതം പറയുന്നു. വിജയദശമി ദിനത്തിലും മാഘമാസ പഞ്ചമിയിലും ഭക്തർ സരസ്വതി പൂജ ചെയ്യണമെന്ന് ശ്രീകൃഷ്ണ ഭഗവാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്രതശുദ്ധിയോടെ ജലം, പുഷ്പം, ധൂപം, നിവേദ്യം ഇവ സമർപ്പിച്ച് ഷോഡശ പൂജ ചെയ്യണം എന്നാണ് വിധി. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ വരെ വാണീപൂജ ചെയ്തതിട്ടുണ്ട്. ഈ ദിവസം ദേവീ ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രഭാതത്തിൽ സരസ്വതി സ്‌തോത്രങ്ങളും മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും വിശേഷ ഫലദായകമാണ്.

വസന്തപഞ്ചമിയുടെ നാല്‍പതാം ദിനമാണ് ഫാല്‍ഗുന മാസത്തിലെ പൗർണ്ണമിയിൽ വരുന്ന ഹോളി. ഭക്ത
പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ മുതിർന്ന ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ രൂപം
ശ്രീ പഞ്ചമിനാൾ മുതലാണ് ഉത്തരഭാരതത്തിൽ ഒരുക്കി തുടങ്ങുന്നത്. ഹോളിയുടെ അന്ന് ഈ രൂപം കത്തിച്ച് കളയും. കാമദേവനേയും, രതീദേവിയേയും ചിലർ പൂജിക്കുന്ന ദിനം കൂടിയാണ് ശ്രീ പഞ്ചമി. അതിനാൽ കമിതാക്കൾക്കും ഈ ദിവസം അതിവിശേഷമാണ്. ഇനി പറയുന്ന സരസ്വതി മന്ത്രങ്ങൾ വാണീ പൂജാ ദിനങ്ങളിൽ കഴിയുന്നത്ര തവണ ജപിച്ചാൽ ദേവീകൃപ പൂർണ്ണമായും ലഭിക്കും:

സര്വസതീവന്ദനം
മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള
വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി

സരസ്വതി മൂലമന്ത്രം
ഓം സം സരസ്വത്യൈ നമഃ

ഗായത്രി
ഓം ഭൂർഭുവസുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്

സരസ്വതി ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്

സരസ്വതി സ്തുതി
സരസ്വതി നമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ

സരസ്വതി അഷ്ടോത്തരം


ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Summary : Significance and benifits of Saraswati Pooja on Sree Panchmi Day

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!