Sunday, 13 Oct 2024
AstroG.in

പാപാങ്കുശ ഏകാദശി നോറ്റാൽസുഖം, ധനം, ആയുരാരോഗ്യം

മംഗള ഗൗരി
എല്ലാ പാപങ്ങളും ദുരിതങ്ങളും നശിപ്പിച്ച് ഭക്തർക്ക് ആഗ്രഹസാഫല്യം നൽകുന്ന ഏകാദശിയാണ് പാപാങ്കുശ ഏകാദശി. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഈ ഏകാദശി 2024 ഒക്ടോബറിൽ 14 , കന്നി മാസം 28 തിങ്കളാഴ്ചയാണ്.

പാപസ്വരൂപിയായ ആനയെ ഭഗവാന്‍ തോട്ടി കൊണ്ട് നിയന്ത്രിക്കുന്നു എന്ന സങ്കല്പത്തില്‍ നിന്നാണ് ഈ പേരുണ്ടായത്. അന്ന് വിഷ്ണു പൂജയും സാധുഭോജനവും നടത്തുന്നതും ഉപവാസം അനുഷ്ഠിക്കുന്നതും ഭൗതിക സുഖവും ധനവും ആരോഗ്യവും സമ്മാനിക്കും. 14 ന് തിങ്കളാഴ്ച വെളുപ്പിന് 1:18 മുതൽ പകൽ 11:56 വരെ ആണ് പാപാങ്കുശ ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവാസരം. വ്രതം നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കണം.

വ്രത നിഷ്ഠ
പാപാങ്കുശ ഏകാദശി നോൽക്കുന്നവർ ദശമി ദിവസം അതായത് തലേദിവസം ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. പകലുറക്കം കർശനമായി ഒഴിവാക്കണം. ഏകാദശിക്ക് ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി അതിന് കഴിയാത്തവർക്ക് അന്ന് പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള ലഘു ഭക്ഷണങ്ങളും കഴിക്കാം. തുളസി തീർത്ഥം മാത്രം കുടിച്ച് ഏകാദശി വ്രതം എടുക്കുന്നവർ ധാരാളമുണ്ട്. ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഭഗവത് നാമങ്ങൾ ഉരുവിട്ട് അന്ന് വ്രതം നോറ്റാൽ ഏഴ് ജന്മങ്ങളിലെ പാപം മാറുമെന്ന് വിശ്വസിക്കുന്നു. എല്ലാ പാപങ്ങളും നശിപ്പിച്ച് മോക്ഷം തരുന്ന ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയണം.

ജപിക്കേണ്ട മന്ത്രങ്ങൾ
ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന്
ശുഭ്രവസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യാം. ഇതിനൊപ്പം ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര ചൊല്ലണം. മഹാവിഷ്ണുവിന്റെ അഷ്ടോത്തരം, വിഷ്ണുശതനാമ സ്തോത്രം, നാമത്രയാസ്ത്രം എന്നിവ കേൾക്കുകയോ ജപിക്കുകയോ ചെയ്യണം. വിഷ്ണു അവതാര മൂർത്തികളുടെ മന്ത്രങ്ങളും കീര്‍ത്തനങ്ങളും കഴിയുന്നത്ര കേൾക്കുന്നതും ജപിക്കുന്നതും വൈഷ്ണവ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതും വളരെ നല്ലതാണ്. ഏകാദശി വ്രതം നോൽക്കാൻ കഴിയാത്തവർ മുകളിൽ പറഞ്ഞ മന്ത്രങ്ങൾ ജപിക്കുന്നതും ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിക്കുകയും ചെയ്താൽ തന്നെ ഈശ്വരാനുഗ്രഹം ലഭിക്കും. മന്ത്രജപത്തിനും ക്ഷേത്ര ദർശനത്തിനും ഹരിവാസര സമയം ഉത്തമമാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണുശതനാമ സ്തോത്രം കേൾക്കാം:

വിഷ്ണുവിന് നാല് പ്രദക്ഷിണം
വിഷ്ണു ക്ഷേത്രത്തിൽ ഭഗവാന് നാല് പ്രദക്ഷിണമാണ് വയ്ക്കേണ്ടത്. തുളസിക്ക് മൂന്ന് പ്രദിക്ഷണം വേണം.
തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, കുടുംബസുഖം, ശാന്തി, ആയുരാരോഗ്യം, സമ്പത്ത്, കീര്‍ത്തി, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ അനുഭവിക്കുന്നതിന് ഇടയാക്കും. ഒടുവിൽ മോക്ഷവും ലഭിക്കും.

ഏകാദശി വഴിപാടുകൾ, ഫലങ്ങൾ
പുരുഷ സൂക്താര്‍ച്ചന ……. ഇഷ്ട സന്താന ലബ്ധി
ഭാഗ്യ സൂക്താര്‍ച്ചന………….ഭാഗ്യസിദ്ധി, ധനാഭിവൃദ്ധി
ആയുര്‍ സൂക്താര്‍ച്ചന…… ആയുര്‍വർദ്ധന, രോഗമുക്തി
വെണ്ണനിവേദ്യം……………….. ബുദ്ധിവികാസത്തിന്
പാൽപായസ നിവേദ്യം …….ധനധാന്യ വർധന
പാലഭിഷേകം……………………കോപശമനം, കുടുംബസുഖം
സന്താനഗോപാലാർച്ചന…..സത്സന്താന ലാഭം
സഹസ്രനാമ അര്‍ച്ചന……… ഐശ്വര്യം , മംഗളസിദ്ധി
നെയ് വിളക്ക് ………… നേത്രരോഗശമനം, അഭിഷ്ടസിദ്ധി
സുദർശനഹോമം …………….രോഗശാന്തി

Story Summary: Significance and date of Pashankusha Ekadeshi Vritham 2024

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!