Saturday, 19 Apr 2025
AstroG.in

സപ്തമാതൃക്കളെ ഭജിച്ചാൽ ജീവിതവിജയം, അളവറ്റ ഭാഗ്യം

മംഗളഗൗരി

ബ്രാഹ്മി, മാഹേശ്വരി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി എന്നിങ്ങനെയുള്ള പേരുകളില്‍ സപ്തമാതാക്കളായി ലോകത്തെ ധര്‍മ്മസംരക്ഷണം നടത്തി രക്ഷിച്ചത് സാക്ഷാൽ ആദിപരാശക്തിയാണ്.
ഇതിൽ ബ്രാഹ്മി ബ്രഹ്മാണി എന്നും അറിയപ്പെടുന്നു.

സപ്തമാതൃക്കള്‍ എന്ന ഈ സങ്കല്പം സാത്വിക രാജസ താമസ സ്വരൂപത്തിലുള്ള എല്ലാ ശക്തിയുടെയും പ്രതീകമാണ്. സൃഷ്ടിസ്ഥിതിസംഹാരവും, സമൃദ്ധി, സുഖ, ഐശ്വര്യവും, പ്രപഞ്ചലയനവുമെല്ലാം സപ്തമാതൃക്കളില്‍ അടങ്ങുന്നു. ഈ മൂര്‍ത്തികള്‍ അത്ഭുതകരമായ ശക്തിവിശേഷം പ്രദാനം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍, തിരുമാന്ധാംകുന്ന് തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക പൂജകളും ആചാരങ്ങളും ഉണ്ട്. ശൈവ, വൈഷ്ണവ തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും തെക്കേനടയില്‍ ഒരു നീളന്‍ കല്ലില്‍ ഒൻപത് കൊച്ച് ബലിക്കല്ലുകള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ഈ മൂര്‍ത്തികളെ പൂജിക്കുന്നതിനാണ്.

സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി എന്നിവരെയാണ് ഒൻപത് കല്ലുകളിലായി പൂജിക്കപ്പെടുന്നത്. അങ്ങനെ എല്ലാ ക്ഷേത്രങ്ങളിലും ഇവരുടെ സാന്നിദ്ധ്യമുണ്ട് എന്നര്‍ത്ഥം. സപ്തമാതൃക്കളെ എന്നും സ്തുതിച്ചാല്‍ ജീവിതവിജയം, അളവറ്റ ഭാഗ്യം എന്നിവ ഉണ്ടാകുകയും ശക്തമായ ദോഷദുരിതങ്ങളകലുകയും ചെയ്യും.

സുംഭനിസുംഭന്മാരെ നിഗ്രഹിക്കാൻ അവതരിച്ച വിന്ധ്യാചലവാസിനിയായ ജഗദംബികാ ദേവിയുടെ സഹായത്തിനായി ബ്രഹ്മാവ്, ശിവൻ, മഹാവിഷ്ണു തുടങ്ങിയ ദേവന്മാരുടെ ശക്തി സപ്തമാതൃക്കളായി എത്തിയെന്ന് ദേവീമാഹാത്മ്യത്തിൽ വിശദീകരിക്കുന്നു.

സുംഭനിസുംഭന്മാരുടെ ആജ്ഞാനുസരണം ദേവിക്ക് നേരെ പാഞ്ഞടുത്ത മൂന്നു കോടി ദാനവ സേനയെ ദേവി
സപ്തമാതൃക്കളെ ഉപയോഗിച്ചാണ് നേരിട്ടത്.

അരയന്നങ്ങളെ പൂട്ടിയ വിമാനത്തിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് ബ്രഹ്മാവിന്റെ ശക്തിയായി കാളിയുടെ വായിൽ നിന്ന് ബ്രഹ്മാണി ഉത്പന്നയായി.

തുടർന്ന് ശിവ വാഹനമായ വൃഷഭത്തിന്റെ പുറത്ത് ശ്രേഷ്ഠമായ ത്രിശൂല ധാരിണിയായി മഹാസർപ്പമായ
വള അണിഞ്ഞ് ചന്ദ്രലേഖയാൽ തിളങ്ങി ത്രിനേത്രയായ മാഹേശ്വരി കാളിയുടെ കണ്ണിൽ നിന്നും ജനിച്ചു.

കയ്യിൽ വേൽ ധരിച്ച്, ആൺ മയിലിന്റെ പുറത്തേറി , മയിൽപ്പീലിയാൽ ശോഭിതയായി കാളിയുടെ അരയിൽ
നിന്ന് സുബ്രഹ്മണ്യന്റെ ശക്തിയായി കുമാരി ദൈത്യരെ നേരിടാൻ പിന്നാലെ അവതരിച്ചു.

ശംഖ്, ചക്രം, ഗദ, ഖഡ്ഗം , ധനുസ് ബാണങ്ങൾ എന്നിവ ധരിച്ച് ഗരുഡാരൂഢയായി അതി സുന്ദരിയായ, വിഷ്ണു
ചൈതന്യമായ വൈഷ്ണവി, ദേവിയുടെ കൈകളിൽ നിന്നും പിറവികൊണ്ടു.

വലിയ ഇരുമ്പുലക്കയേന്തി, ശേഷനാഗത്തിന്റെ മേൽ തേറ്റകൊണ്ട് ഭൂമി പിളർത്തുന്ന ഭീകര രൂപിയായ ഹരി ശക്തി വാരാഹിയായി ദേവിയുടെ പൃഷ്ടത്തിൽ നിന്നും ജനിച്ചു.

കൈകളിൽ വജ്റവും അങ്കുശവും വഹിച്ച് സർവ്വാഭരണ
വിഭൂഷിതയായി ഇന്ദ്രന്റെ ശക്തിയായ ആയിരം
കണ്ണുകളുള്ള ഇന്ദ്രാണി ഐരാവതത്തിലേറി കാളിയുടെ
സ്തന മണ്ഡലത്തിൽ നിന്നുമെത്തി.

അവസാനം കാളിയുടെ പാദത്തിൽ നിന്നും ചണ്ഡിക
പുറത്തു വന്നു. കാണുന്ന മാത്രയിൽ ഭയന്നു വിറച്ചു
പോകുന്നത്ര ഭയാനകമായിരുന്ന അതിക്രൂരമായ ആ
രൂപത്തിനൊപ്പം ധാരാളം കുറുക്കന്മാർ ശവ ഭക്ഷണം
കൊതിച്ചു വരുന്നുമുണ്ടായിരുന്നു.

ഈ സപ്ത മാതൃക്കൾ ദേവിയുമായി ചേർന്ന് ദൈത്യന്മാരെ ഉന്മൂലനം ചെയ്തു.

അന്യദേശത്തു നിന്നെത്തിയ ബ്രാഹ്മണരാണ് ഇവിടെ ക്ഷേത്രങ്ങളിൽ സപ്തമാതൃക്കളുടെ പ്രതിഷ്ഠ നടത്തി
പൂജിച്ചു തുടങ്ങിയത്. ഗണപതി, വീരഭദ്രൻ എന്നിവരാൽ പരിസേവിതരായ സപ്തമാതൃ പ്രതിഷ്ഠ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ വടക്ക് ദർശനമായി കാണാം. ഈ ദേവിമാരുടെ വശങ്ങളിലാണ് ഗണപതിക്കും വീരഭദ്രനും സ്ഥാനം. മറ്റ് ചില ക്ഷേത്രങ്ങളിൽ നാലമ്പത്തിൽ പ്രദക്ഷിണ വഴിയിൽ തെക്ക് വശത്ത് മദ്ധ്യ ഭാഗത്തായി ദീർഘചതുരാകൃതിയിലുള്ള ശിലയിൽ സപ്തമാതൃക്കളെ കാണാം. ഗണപതിയും വീരഭദ്രനും ഉൾപ്പെടെയുള്ള ഒമ്പത് ചെറു ശിലാരൂപങ്ങളാണ് ഈ ബലിപീഠത്തിലുള്ളത്. കേരളത്തിൽ സപ്തമാതൃക്കളുടെ ക്ഷേത്രങ്ങൾ ഒരു കാലത്ത് ധാരാളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാലക്രമേണ അവ ദുർഗ്ഗാ, ഭദ്രാക്ഷേത്രങ്ങളായി മാറി.

സപ്തഗ്രഹങ്ങളിൽ ശനിയെക്കൊണ്ട് ബ്രഹ്മാണിയേയും,
സൂര്യനെക്കൊണ്ട് മാഹേശ്വരിയേയും ബുധനെക്കൊണ്ട്
വൈഷ്ണവിയേയും ചൊവ്വയെക്കൊണ്ട് കൗമാരിയേയും
ശുക്രനെക്കൊണ്ട് വരാഹിയേയും വ്യാഴത്തെക്കൊണ്ട്
ഇന്ദ്രാണിയേയും ചന്ദ്രനെക്കൊണ്ട് ചാമുണ്ഡായേയുമാണ്
ചിന്തിക്കുന്നത്. സപ്തമാതൃക്കളിൽ ഓരോരുത്തരെയും ആരാധിക്കുന്നതിന് പ്രത്യേകം ഫലസിദ്ധികളുണ്ട് :

മാഹേശ്വരി
ശൂലവും വെൺമഴുവും മുഖ്യമായി ധരിച്ച മഹേശ്വരിയെ ഞായറാഴ്ചകളിൽ ഭജിക്കണം. സൂര്യദോഷങ്ങളെല്ലാം
ശമിക്കും. ദീർഘായുസ്സും ആരോഗ്യവും സിദ്ധിക്കുന്നു.
ചാമുണ്ഡാ
ശൂലം, വാൾ ഇവ മുഖ്യമായി ധരിച്ചിരിക്കുന്നു. തിങ്കളാഴ്ച
ദിവസം ഭജിക്കണം.കാര്യസിദ്ധിയും വിജയവും ഫലം
കൗമാരി
തോട്ടിയും ദണ്ഡും വേൽമാലയും ധരിച്ച രൂപം
ചൊവ്വാഴ്ചകളിൽ ഭജിക്കണം. ചർമ്മരോഗശമനം കിട്ടും.
വൈഷ്ണവി
ചക്രം, ശംഖ്, ചങ്ങല പ്രധാനമായി ധരിച്ചിരിക്കുന്നു. ഭജിക്കാനുത്തമം ബുധനാഴ്ച. ജന്തു ഭീതി ഒഴിവാകും.
ഇന്ദ്രാണി
തോട്ടി, ചക്രം, വജ്‌റം ഇവ ധരിച്ച രൂപം. വ്യാഴാഴ്ച ഭജിക്കാനുത്തമം. ശത്രുജയമാണ് പ്രധാന ഫലസിദ്ധി.
വാരാഹി
ഉലക്ക, വാൾ, മണി എന്നിവ ധരിച്ചിരിക്കുന്നു. പഞ്ചമി, വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ വിശേഷാൽ ഭജിക്കണം. ഗുരു പ്രീതികിട്ടും, ദീർഘസുമംഗലികളാകും. വിദ്യാതടസ്സം മാറും.
ബ്രഹ്മാണി
ദണ്ഡും കമണ്ഡലവും രുദ്രാക്ഷമാലയും ധരിച്ച ബ്രഹ്മാണിയെ ശനിയാഴ്ച ദിവസം വന്ദിക്കണം. അത് സർവ്വൈശ്വര്യവും ഈശ്വരാധീനവും സമ്മാനിക്കും.

Story Summary : Significance and manifestations of Saptha Mathas, the Seven Divine Mothers namely as Brahmi, Maheshwari, Kaumari, Vaishnavi, Varahi, Indrani and Chamundeshwari.

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

error: Content is protected !!