പൗർണ്ണമി പൂജ വെള്ളിയാഴ്ച; രോഗം മാറും കുടുംബ സുഖവും സമൃദ്ധിയും നേടാം
ജ്യോതിഷരത്നം വേണു മഹാദേവ്
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുലാം മാസത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ വ്യാധികൾ നശിക്കും. കുടുംബ സുഖവും സമൃദ്ധിയും ഐശ്വര്യവും നേടാം. 2024 നവംബർ 15 വെള്ളിയാഴ്ചയാണ് ഇത്തവണ കാർത്തിക മാസത്തിലെ പൗർണ്ണമി. ഓരോ മാസവും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. പൗർണ്ണമിനാൾ വ്രതം നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.
പൗർണ്ണമിവ്രതംം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക് നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.
പൗർണ്ണമി വ്രത ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.
ചിങ്ങം……………കുടുംബ ഐക്യം
കന്നി………. …….സമ്പത്ത് വർദ്ധന
തുലാം……………വ്യാധിനാശം
വൃശ്ചികം……….സത്കീർത്തി
ധനു……………….ആരോഗ്യവർദ്ധന
മകരം…………….. ദാരിദ്ര്യ ദു:ഖം ശമനം
കുംഭം…………….ദുരിതനാശം
മീനം…………….. ശുഭചിന്ത വർദ്ധനവ്
മേടം…………….. ധാന്യവർദ്ധന
ഇടവം…………….വിവാഹതടസ്സ മുക്തി
മിഥുനം…………. സന്താന ഭാഗ്യം
കർക്കടകം…… ഐശ്വര്യവർദ്ധന
ഭഗവതി ക്ഷേത്രങ്ങളിൽ ഐശ്വര്യപൂജ, പൗർണ്ണമി പൂജ എന്നിവ നടക്കുന്നത് പൗർണ്ണമി തിഥിയിൽ ചന്ദ്രോദയം വരുന്ന ദിവസം സന്ധ്യയ്ക്കാണ്. ഇത്തവണ ഇത് നവംബർ 15 വെള്ളിയാഴ്ച വൈകിട്ടാണ്. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ ഏത് മന്ത്രവും സ്തുതിയും വിശേഷിച്ച് ലളിതസഹസ്രനാമം ചെല്ലുന്നത് അഭീഷ്ടദായകമാണ്. പൗർണ്ണമി നാളിൽ ദേവീ ഭക്തരുടെ കാമധേനുവായ ലളിതസഹസ്രനാമം ജപിച്ചാൽ വേഗം ആഗ്രഹ സാഫല്യം കൈവരിക്കാം. ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം എന്നിവ ഉണ്ടാകില്ലെന്നത് അനേകകോടി ഭക്തരുടെ അനുഭവമാണ്. ബാധ, ഗ്രഹപ്പിഴകൾ, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം എന്നിവ സിദ്ധിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും എന്നിവ ഉൾപ്പെടുത്തി ആലപിച്ച ലളിതസഹസ്രനാമം കേൾക്കാം:
Story Summary: Significance and Myths about Sravana Powrnami
ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017
Copyright 2024 Neramonline.com. All rights reserved