സ്കന്ദഷഷ്ഠി കവചം ദുരിതങ്ങളും ആധികളും അവസാനിപ്പിക്കും
മംഗള ഗൗരി
ഭഗവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് ഉത്തമാണ്. അത്ഭുത ശക്തിയുള്ള ഈ തമിഴ് കീർത്തനം ശ്രീ മുരുകന്റെ മഹാഭക്തനായ ശ്രീ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയതാണ്. സ്ക്ന്ദഭഗവാന്റെ അനുഗ്രഹത്താൽ അതിസുന്ദരവും ഭക്തി നിർഭരവുമായ അതിദിവ്യമായ ഈ സ്തുതിയിലെ നാലു വരിയെങ്കിലും കേൾക്കാത്ത ദ്രാവിഡ മക്കളും ഇത് ജപിക്കാത്ത ഹിന്ദു ഭവനങ്ങളും അപൂർവമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും ദുരിതങ്ങളും പ്രശ്നങ്ങളും മറികടക്കാൻ ശ്രീകാർത്തികേയന്റെ ഭക്തരെ സഹായിക്കുന്ന സവിശേഷ പ്രാർത്ഥനയാണിത്.
കുറൾ വെൺപാ എന്നറിയപ്പെടുന്ന ആമുഖമായ നാല് വവരികളും കാപ്പ് എന്ന് അറിയപ്പെടുന്ന രണ്ടു വരി ധ്യാനവും ഉൾപ്പെടെ സ്കന്ദഷഷ്ഠി കവചത്തിൽ മൊത്തം 244 വരികളുണ്ട്. ഇത് പതിവായി ജപിച്ചാൽ നിത്യജീവിതത്തിലെ ദുരിതങ്ങൾക്കും ആധികൾക്കും അവസാനമുണ്ടാകും. ഷൺമുഖ ഭഗവാൻ ധനവും ഐശ്വര്യവും ആത്മീയോന്നതിയും നൽകി ഭക്തരെ അനുഗ്രഹിക്കും.
ഒരു പ്രത്യേക സാഹചര്യത്തിലാണ് ദേവരാജ സ്വാമികള്‍ സ്കന്ദഷഷ്ഠി കവചം എഴുതാനിടയായത്. ശ്രീമുരുകന്റെ മഹാഭക്തനായ സ്വാമികൾക്ക് ഒരിക്കല്‍ സഹിക്കാന്‍ കഴിയാത്ത വയറുവേദനയുണ്ടായി. മരുന്നുകളൊന്നും തന്നെ ഗുണം ചെയ്തില്ല. ആ വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ ജീവിതം തന്നെ മതിയാക്കാൻ ആലോചിച്ച് തിരുച്ചെന്തൂര്‍ ലക്ഷ്യമാക്കി ഇറങ്ങി നടന്നു. ഈറോഡിനടുത്തുള്ള ചെന്നിമലൈ സുബ്രഹ്മണ്യ സ്വാമി കോവിലില്‍ എത്തിയപ്പോൾ അവിടെ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുകയായിരുന്നു. ഉത്സവം കണ്ടതോടെ സ്വാമികൾക്ക് മനം മാറ്റമുണ്ടായി. ആ കോവിലിലെ ഒരു പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ഠി വ്രതം നോറ്റു . ആ ക്ഷേത്രത്തിലെ മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ സാക്ഷാൽ ശ്രീ മുരുകഭഗവാന്‍ ദര്‍ശനം കൊടുത്തു; ഷഷ്ഠി കവചം പാടാൻ അനുഗ്രഹവും നൽകി.
അങ്ങനെയാണ് “ഷഷ്ഠിയെ നോക്ക ശരവണ ഭവനാര്‍” എന്ന് തുടങ്ങുന്ന സ്കന്ദ ഷഷ്ഠി കവചം ശ്രീ ദേവരാജ സ്വാമികൾ എഴുതിയത്. ഈ കീർത്തനത്തിലെ ‘ചിരഗിരി വേലവൻ’ എന്ന വരികൾ ചെന്നിമലയിലെ ഭഗവാനെ സൂചിപ്പിക്കുന്നു. പിന്നീട് തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലെത്തി കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങളിൽ മുരുക ഭഗവാന്റെ ആറുപടൈ വീടുകളിലെ മറ്റ് 5 ക്ഷേത്രങ്ങളിലും – തിരുപ്പരംകുണ്ട്രം, പഴനി, സ്വാമിമല, തിരുത്തണി, പഴമുതിര്‍ ചോലൈ തുടങ്ങിയ സ്ഥലങ്ങളില്‍ ചെന്ന് കവചം പാടി. തുത്തിപ്പോർക്ക് വാൽ വിനൈ പോം, തുമ്പം പോം, നെഞ്ചിൽ പതിപ്പോർക്ക് ശെൽവം പലിതു കടിച്ചും നിഷ്ഠയും കൈക്കൂടും നിമലർ അരുൾ കണ്ഠര് ഷഷ്ഠി കവചം താനൈ – ഇങ്ങനെയാണ് സ്കന്ദ ഷഷ്ഠി കവചം തുടങ്ങുന്നത്. പ്രാർത്ഥിക്കുന്നവർക്ക് വലിയ കഷ്ടപ്പാടുകളും സങ്കടങ്ങളും ഇല്ലാതാകും, മനസ്സിൽ ഓർക്കുന്നവർക്ക് ഐശ്വര്യം വർദ്ധിക്കും. ഈശ്വരാനുഗ്രഹത്താൽ രചിക്കപ്പെട്ട ഈ ഷഷ്ഠി കവചം കൊണ്ട് എല്ലാ തപസ്സും തീർച്ചയായും ഫലം ചെയ്യും എന്ന് അർത്ഥം വരുന്ന കുറൾവെൺപയോടെ (ആമുഖം) ആണ് ഈ കീർത്തനം തുടങ്ങുന്നത്. തുടർന്ന് ധ്യാനമാണ് :
അമര റിട്ടർതീര അമരം മനസ്സിലായ
കുമാരനടി നെഞ്ചേ കുറി.
അമരാർ ഇദർതീര അമരം പൂരിന്ത
കുമാരനടി നെഞ്ചേ കുറി
എന്റെ മനസ്സേ, ദേവന്മാരുടെ സങ്കടങ്ങൾ തീർക്കാൻ യുദ്ധം ചെയ്ത യുവാവായ ഭഗവാന്റെ പാദാരവിന്ദങ്ങളെ ധ്യാനിക്കുക എന്നാണ് കാപ്പ് എന്നറിയപ്പെടുന്ന രണ്ടു വരി ധ്യാനത്തിന്റെ പൊരുൾ. ഇതിന് ശേഷം സ്കന്ദഷഷ്ഠി കവചം: ഷഷ്ഠിയെ നോക്ക ശരവണ ഭവനാര്‍ സിശ്ടരുക് കുഡവും സെൻകദിർ വേലോൻ പാദം ഇരണ്ടിൽ പൻമണി ചദൻഗൈ ഗീതം പാഡ കിങ്കിണി യാഡ എന്ന ആദ്യ നാലു വരികളോടെ തുടങ്ങുന്നു. പാർവതീ പരമേശ്വരന്മാരുടെ പുത്രനായി ദേവന്മാരുടെ രക്ഷയ്ക്കായി അവതരിച്ച ശ്രീമുരുകൻ ശൂരപത്മൻ എന്ന അസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ച ദിവസമാണ് തുലാമാസത്തിലെ വെളുത്തപക്ഷത്തിലെ ഷഷ്ഠിയായ സ്കന്ദഷഷ്ഠിയായി ആചരിക്കുന്നത്.
ശൂരപത്മനുമായി കാർത്തികേയൻ ആറ് ദിവസം യുദ്ധം ചെയ്തു. ആറാം നാൾ ഭഗവാൻ അസുരനെ പരാജയപ്പെടുത്തി. ഭഗവാന്റെ വേൽ ശൂരപത്മനെ രണ്ടായി പിളർത്തി. ഒരു പകുതി മയിലായി മാറി. അത് മുരുകൻ തന്റെ വാഹനമായി സ്വീകരിച്ചു. മറ്റേത് പൂവൻകോഴിയായി മാറി. അത് കൊടിയടയാളവുമായി. ദൈത്യനിഗ്രഹത്തിൽ ആനന്ദ നൃത്തമാടി ദേവന്മാർ സന്തോഷിച്ചു – അവർ ഭഗവാനെ സ്തുതിച്ചു. ആ ആറ് ദിവസം അവർ ഭഗവാനായി പ്രാർത്ഥിക്കുകയായിരുന്നു. അതിനാലാണ് സ്കന്ദ ഷഷ്ഠി നോൽക്കുന്ന ഭക്തർ കറുത്തവാവ് കഴിഞ്ഞ് പ്രഥമ മുതൽ ആറു ദിവസവും സ്കന്ദ ഷഷ്ഠി കവചം ജപിക്കുന്നത്.
ആറ് ദിവസവും വ്രതം നോറ്റ് 6 തവണ വീതം ഈ കവചം ജപിച്ചാൽ സാക്ഷാൽ ഷൺമുഖ ഭഗവാന്റെ എല്ലാവിധ കൃപാ കടാക്ഷവും ലഭിക്കും. ജീവിത പ്രതിസന്ധികൾ പരിഹരിക്കപ്പെടും. സർവാനുഗ്രഹവും ഐശ്വര്യങ്ങളും ലഭിക്കും. ആറു ദിവസം വ്രതം നോൽക്കുന്നവർക്ക് ആരോഗ്യം, പ്രായം, ഇഷ്ടം എന്നിവ അനുസരിച്ച് ഈ കാലയളവിൽ ദിവസത്തിൽ ഒന്നോ രണ്ടോ നേരങ്ങളിൽ ആഹാരം കഴിക്കാം. സ്കന്ദഷഷ്ഠി കവചം പതിവായി ജപിച്ചാൽ അല്ലെങ്കിൽ ശ്രദ്ധാപൂർവം ശ്രവിച്ചാൽ ഇതൊരു കവചമായി മാറും. എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വേദനകളിൽ നിന്നും എല്ലാത്തരം രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും. ദാമ്പത്യത്തിലെ അഭിപ്രായ ഭിന്നത
പരിഹരിച്ച് പരസ്പര ധാരണയുണ്ടാകും. വന്ധ്യതാപ്രശ്നം മാറി സന്താന ഭാഗ്യം ലഭിക്കും. ആത്മാർത്ഥമായ മുരുക ഭക്തിയും അചഞ്ചലമായ വിശ്വാസവും അത്ഭുതങ്ങൾ സൃഷ്ടിക്കും.
Story Summary: Significance History and Benefits ofPowerful Kanda Sashti Kavacham
Copyright 2024 Neramonline.com. All rights reserved