Wednesday, 18 Dec 2024
AstroG.in

ഈ നാളുകാർ വിഷ്ണുവിനെ ആരാധിച്ചാൽ ദുഃഖവും തടസ്സവും മാറും, സദ്ഫലങ്ങൾ കൂടും

മംഗള ഗൗരി

കർമ്മതടസങ്ങൾ മാറാനും ജീവിത വിജയത്തിനും വിദ്യാഭ്യാസത്തിൽ ഉന്നതിക്കും ബുദ്ധിസാമർത്ഥ്യത്തിനും ബുധൻ, വ്യാഴം ദിവസങ്ങൾ വിഷ്ണുഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്.

രോഹിണി, പുണർതം, തിരുവോണം എന്നീ മൂന്ന് നക്ഷത്രങ്ങളാണ് വിഷ്ണുവിന് പ്രധാനപ്പെട്ടത്. ഈ നക്ഷത്രത്തിൽ ജനിച്ചവർ പതിവായി വിഷ്ണു ഭഗവാനെ ആരാധിച്ചാൽ കൂടുതൽ സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപതി വ്യാഴമാണ്. ഇവർ പതിവായി വ്യാഴാഴ്ച ദിവസം, വിഷ്ണുവിനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങൾ അകന്നു പോകുന്നതാണ്. ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങളുടെ നാഥൻ ബുധനാണ്. ഇവർ പതിവായി ബുധനാഴ്ചകളിൽ ശ്രീകൃഷ്ണൻ,
ശ്രീരാമൻ, നരസിംഹമൂർത്തി, ശ്രീ വരാഹ മൂർത്തി എന്നീ ദേവതകളെ ആരാധിക്കുകയാണെങ്കിൽ എല്ലാവിധ ദോഷങ്ങളും അകന്നു പോകും.

അനർത്ഥങ്ങൾ അകറ്റാം
നവഗ്രഹങ്ങളിൽ സർവ്വേശ്വരകാരകനായ വ്യാഴത്തിൻ്റെ ദേവനാണ് മഹാവിഷ്ണു. ഭഗവാൻ്റെ അവതാരങ്ങളെ ബുധനെക്കൊണ്ട് ചിന്തിക്കണം. ജാതകത്തിലും പ്രശ്ന ചിന്തയിലും മുഹൂർത്ത വിഷയത്തിലും വ്യാഴത്തിൻ്റെ അനുകൂല സ്ഥിതി നോക്കിയാണ് സദാ ഈശ്വരാധീനം കണക്കാക്കുന്നത്. ജ്ഞാനം, സന്താനങ്ങൾ എന്നിവ
നൽകുന്നതും വ്യാഴമാണ്. സന്താനകാരകനും വ്യാഴമാണ് – വ്യാഴദശാകാലം അനുഭവിക്കുന്നവരും ചാരവശാൽ വ്യാഴം അനിഷ്ട സ്ഥിതിയിലായവരും വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുവിനെ ആരാധിക്കുകയാണെങ്കിൽ ദോഷങ്ങൾ അകന്നു പോകുകയും ഗുണാനുഭവങ്ങൾ സിദ്ധിക്കുകയും ചെയ്യും. ചാരവശാൽ വ്യാഴം 3,6,8,12 എന്നീ ഭാഗങ്ങളിൽ സഞ്ചരിക്കുമ്പോഴാണ് പൊതുവേ മനുഷ്യർക്ക് അനർത്ഥങ്ങൾ സംഭവിക്കാറുള്ളത്. ഇതിൽ നിന്നുള്ള മോചനത്തിന് ആരാധിക്കേണ്ടത് വിഷ്ണു ഭഗവാനെയാണ്‌.

ജപമന്ത്രങ്ങൾ, വ്രതം
വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം ജപം, ഭാഗവത പരായണം, നാരായണീയ പരായണം, അവതാര വിഷ്ണു
മന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവയെല്ലാം ഉത്തമമാണ്. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ അന്നേ ദിവസം മഞ്ഞ വസ്ത്രം ധരിക്കുന്നതും, മഞ്ഞപൂക്കൾ, തുളസി തുടങ്ങിയവയാൽ വിഷ്ണുവിന് അർച്ചന നടത്തുന്നതും നല്ലതാണ്. വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുവിനെ ആരാധിച്ചാൽ സന്താനലാഭം, സന്താനങ്ങളുടെ ഉന്നതി
എന്നിവ ഫലമായി പറയാറുണ്ട്.

വിഷ്ണുവിന് വഴിപാടുകൾ

പാൽപായസം, നെയ് വിളക്ക്, കളഭച്ചാർത്ത്, പുരുഷസൂക്താർച്ചന, ലക്ഷ്മീ നാരായണ പൂജ തുടങ്ങിയവയാണ് വിഷ്ണു ക്ഷേത്രത്തിൽ പതിവായി ചെയ്യാവുന്ന വഴിപാടുകൾ. സുകൃതഹോമം, സായൂജ്യപൂജ, കാൽ കഴുകിച്ചൂട്ട് തുടങ്ങിയ വഴിപാടുകളും വിഷ്ണു ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. പൂർവ്വജന്മ ശാപങ്ങൾക്കും പാപദോഷങ്ങൾക്കും ബ്രഹ്മസ്വം ദേവസ്വം, മുതലായവയുടെ സ്വത്ത് അപഹരിക്കുകയോ നശിപ്പിക്കുകയോ ചെയ്തതു മൂലമുണ്ടാകുന്ന ദോഷം എന്നിവയ്ക്കെല്ലാം പരിഹാരമായി ആരാധിക്കേണ്ടത് വിഷ്ണുവിനെയാണ് . മറ്റ് ദേവന്മാരെയും ആരാധിച്ചാൽ ആരാധിക്കുന്ന വ്യക്തിക്കാണ് ശ്രേയസ്സുണ്ടാകുക, എന്നാൽ വിഷ്ണുവിനെ ആരാധിച്ചാൽ വ്യക്തിയുടെ കുടുംബത്തിനും വംശത്തിനും തന്നെ ശ്രേയസ്സ് ഉണ്ടാകും.

Story Summary: Significance Lord Maha Vishnu Worshipping

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!