Wednesday, 18 Dec 2024
AstroG.in

ഗുരുവായൂർ ഏകാദശി ബുധനാഴ്ച ; ഒരു വർഷം ഏകാദശി നോറ്റ ഫലം

ജ്യോതിഷരത്നം വേണുമഹാദേവ്

വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വിവിധ പേരുകളിൽ അറിയപ്പെടുന്ന പവിത്രമായ ഈ ദിവസം ഗുരുവായൂർ ക്ഷേത്രം ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് നിറയും. ആചാരാനുഷ്ഠാനങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നതിനാൽ അനുദിനം ദിവ്യത്വവും അഭിവൃദ്ധിയും
വർദ്ധിക്കുന്ന ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവും വായുദേവനും കൂടി പ്രതിഷ്ഠ നടത്തിയത്ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു.

ഗുരുവായൂരിലെ അത്ഭുതങ്ങൾ
നിരവധി അത്ഭുതങ്ങൾ ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് പറയുന്നുണ്ട്. നാന്നൂറിലധികം വർഷം മുൻപ്
വാതരോഗത്താൽ തളർന്ന മേല്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി ഭഗവാന് സമർപ്പിച്ചത് ഗുരുവായൂർ ഏകാദശി നാളിലാണ്.

ഭാരതയുദ്ധഭൂമിയിൽ മാനസികമായി തളർന്നിരുന്ന അർജ്ജുനനെ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതോപദേശം നൽകി യുദ്ധസന്നദ്ധനാക്കിയത് ഗുരുവായൂർ ഏകാദശി നാളിലാണെന്ന് കരുതുന്നു.

ഗോവർദ്ധനോദ്ധാരണത്തിലൂടെ ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിച്ച ശ്രീകൃഷ്ണ ഭഗവാനെ കാമധേനു പാലഭിഷേകം നടത്തിയ പുണ്യദിനമായും ഗുരുവായൂർ ഏകാദശിയെ അറിയപ്പെടുന്നു.

യോഗസിദ്ധി വഴി ശങ്കരാചാര്യർ ഒരു ഏകാദശിനാൾ ഗുരുവായൂർ ക്ഷേത്രത്തിനു മുകളിലൂടെ ആകാശ സഞ്ചാരം നടത്തിയെന്നും ക്ഷേത്രം കണ്ടിട്ടും ആദരിച്ചില്ല എന്നും ഒരു കഥയുണ്ട്. ഈ ഗർവ് കാരണം സിദ്ധികൾ നശിച്ച് ആചാര്യർ നിലം പതിച്ചത്രേ. തെറ്റ് മനസിലാക്കിയ സ്വാമികൾ ഭഗവാനെ പ്രാർത്ഥിച്ച് മാപ്പിരന്നു; പിന്നീട് അവിടെ താമസിച്ച് ക്ഷേത്രാചാരങ്ങൾ തിട്ടപ്പെടുത്തി എന്നും ഐതിഹ്യമുണ്ട്.

പ്രസിദ്ധ സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഏകാദശിദിവസം ഗുരുവായൂർ സ്ഥിരമായി കീർത്തനാലാപനം ചെയ്തിരുന്നു. എന്നാൽ ഒരു പ്രാവശ്യം കോഴിക്കോട് സാമൂതിരി കോവിലകത്ത് കച്ചേരി നടത്താൻ പോയതിനാൽ അത് മുടങ്ങി. എന്നാൽ ആ സദസിൽ പാടാൻ തുനിഞ്ഞ ചെമ്പൈയ്ക്ക് നാദം നിലച്ചു എന്നും വീഴ്ച മനസിലാക്കി അദ്ദേഹം ഭഗവാനോട് മാപ്പിരന്ന് ഗുരുവായൂരിൽ വന്ന് കരുണ ചെയ്‌വാനെന്തു താമസം എന്ന കീർത്തനം പാടിയെന്നും കഥയുണ്ട്. ഇങ്ങനെ ഗുരുവായൂർ ഏകാദശിയുടെ വിശേഷങ്ങൾ
ധാരാളമുണ്ട്.

മുക്കോടി ദേവകളും ഭൂവൈകുണ്ഠത്ത് ഭൂലോക വൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണു ഏകാദശി നാൾ ഗുരുവായൂരിലേക്ക് എഴുന്നുള്ളുമെന്നാണ് ഐതിഹ്യം. അന്ന് മുപ്പത്തി മുക്കോടി ദേവതകളും ഗുരുവായൂർ ഏകാദശിയിൽ പങ്കുകൊള്ളുവാൻ സന്നിഹിതരാകും. അതിനാൽ ഗുരുവായൂർ ഏകാദശി തൊഴുന്നവർക്ക് എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹാശിസുകൾ ലഭിക്കും. അതിനാലാണ് ഗുരുവായൂർ ഏകാദശി ഏറ്റവും ശ്രേഷ്ഠവും സർവപാപഹരവും പരിപാവനവുമായ
ഏകാദശിയായി മാറിയതെന്ന് ആചാര്യന്മാർ പറയുന്നു.

ഒരു വർഷത്തെ ഏകാദശി നോറ്റ ഫലം ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ എല്ലാ ഏകാദശികളും അനുഷ്ഠിച്ച ഫലം ലഭിക്കുമത്രേ. ഏഴ് ജന്മത്തെ പാപം തീർന്ന് മോക്ഷവും കിട്ടും. അതിനാൽ സർവൈശ്വര്യദായകമാണ് ഈ വ്രതാനുഷ്ഠാനം.

54 മണിക്കൂറുകൾ ദർശനം
ഗുരുവായൂർ ഏകാദശിയ്ക്ക് ദശമി നാളിൽ തുറക്കുന്ന ക്ഷേത്ര നട ദ്വാദശി നാളിൽ രാവിലെ ഒൻപതു മണിക്ക് മാത്രമേ നട അടയ്ക്കൂ. അതുവരെ പൂജകളുടെ ആവശ്യത്തിനല്ലാതെ നട അടയ്ക്കില്ല. ഭക്തർക്ക് ഏത് സമയത്തും ദർശനം നടത്താം. അർദ്ധരാത്രി 12 മണിക്കും ദർശനം നടത്താം. ഇത്തവണ ഗുരുവായൂർ ഏകാദശിക്ക് 2024 ഡിസംബർ 10 ന് ദശമി നാൾ വെളുപ്പിന് 3 മണിക്ക് തുറക്കുന്ന നട ദ്വാദശിനാൾ ഡിസംബർ 13 രാവിലെ 9 മണിക്ക് അടയ്ക്കും. അതുവരെ 54 മണിക്കൂറുകൾ തുടർച്ചയായി ഭക്തർക്ക് ദർശനം നടത്താം.

ഏകാദശിയും ഹരിവസര വേളയും
ദ്വാദശിനാൾ ഒരു നേരം ഭക്ഷണം കഴിച്ച് ഏകാദശി വ്രതം തുടങ്ങണം. ഏകാദശി നാൾ പട്ടിണി കിടക്കണം. ദ്വാദശി നാൾ രാവിലെ വിഷ്ണു പൂജ നടത്തി പ്രസാദം കഴിച്ച് വ്രതം പൂർത്തിയാക്കണം. ഹരിവസര വേളയാണ് ഏകാദശി അനുഷ്ഠാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം. 2024 ഡിസംബർ 11 ബുധനാഴ്ച രാത്രി 7 മണി 48 മിനിട്ടിന് തുടങ്ങുന്ന ഹരിവസര വേള 12 ന് രാവിലെ 6 മണി 44 മിനിട്ടിന് അവസാനിക്കും. ഈ സമയത്ത് ഉറക്കം പാടില്ല, ക്ഷേത്രത്തിൽ കൂടുതൽ സമയം ചെലവഴിക്കണം, നാമങ്ങൾ, സ്തുതികൾ ജപിക്കണം, സത്സംഗങ്ങളിൽ പങ്കെടുക്കണം. ഇതെല്ലാം ഈ വ്രതത്തിന്റെ ഭാഗമാണ്. മാംസാദികൾ ത്യജിക്കണം, പരനിന്ദ പാടില്ല ഇവയെല്ലാം പാലിക്കണം.

ദ്വാദശിപണം വയ്പ്, പാരണ വിടൽ
ഈ ഏകാദശി നാളിൽ ഗുരുവായൂർ ദർശനം നടത്താൻ കഴിയാത്തവർ തലേന്ന് മുതൽ വ്രതം നോറ്റ് ഉദയത്തിന്
മുൻപ് കുളിച്ച ശേഷം വിഷ്ണു / ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഓം നമോ നാരായണയാ,
ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര പ്രാവശ്യം ജപിക്കണം. കുറഞ്ഞത് 108 തവണ. ദ്വാദശി ദിവസം ഹരിവാസര സമയത്തിനു ശേഷം വ്രതം മുറിക്കാം.

ഗുരുവായൂർ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിക്ക് ഏകദേശം നാലേമുക്കാൽ മുതൽ അഞ്ചര വരെയുള്ള മുക്കാൽ മണിക്കൂർ ബ്രാഹ്മമുഹൂർത്തത്തിൽ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ദ്വാദശിപണം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. ഇതും ശ്രേഷ്ഠമാണ്. ഇങ്ങനെ ദ്വാദശി പണം സമർപ്പിക്കുന്ന ഭക്തരുടെ സാമ്പത്തിക ദുരിതങ്ങളെല്ലാം തീരുമെന്നാണ് വിശ്വാസം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Significance, Myth, Rituals and Mantras of Guruvayoor Ekadeshi

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!