ചാതുർമാസ്യ പുണ്യകാലം പാപങ്ങൾ തീർത്ത് ഇഷ്ടകാര്യ സിദ്ധി നൽകും
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ശയനൈക ഏകാദശി നാളിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശി ദിവസത്തിൽ അവസാനിക്കുന്ന ചാതുർമ്മാസ്യകാലം വളരെ ശ്രേഷ്ഠമായ ഒരു പുണ്യകാലമാണ്. 2024 ജൂലായ് 17 ബുധനാഴ്ചയാണ് ചാതുർമാസ്യ പുണ്യകാലം ആരംഭിക്കുന്നത്. പാപദുരിത ശാന്തിയും ഇഷ്ടകാര്യ സിദ്ധിയുമാണ് ചാതുർമ്മാസ്യ വ്രതഫലം.
പ്രായശ്ചിത്തം, ലളിതജീവിതം, ദാനം, ഉപവാസം, തീർത്ഥസ്‌നാനം എന്നിവയ്ക്കെല്ലാം പ്രാധാന്യമുള്ള
ഈ 4 മാസം ലൗകിക കർമ്മങ്ങളിൽ നിന്നും അകന്ന് ആത്മീയ ജീവിതം നയിക്കണമെന്ന് ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. ഇഷ്ടഭോജ്യങ്ങൾ ഉപേക്ഷിച്ച് ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതശുദ്ധിയോടെ വേണം ഈ നാല് മാസം പിന്നിടേണ്ടത്.
വടക്കേ ഇന്ത്യയിലെ ചിലയിടത്ത് ചാതുർമ്മാസ്യവ്രത കാലത്ത് വിവാഹം പോലുള്ള മംഗളകർമ്മങ്ങളൊന്നും നടത്താറില്ല. കേരളത്തിലാകട്ടെ സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കുന്ന കർക്കടകം ചാതുർമ്മാസ്യ കാലത്താണ് വരുന്നത്. രാമായണവായന, ഭഗവതിസേവ, ഔഷധസേവ തുടങ്ങിയ പലതരം ആചാരാനുഷ്ഠാനങ്ങളോടെയാണ് ഇവിടെ രാമായണമാസം ആചരിക്കുന്നത്.
ആഷാഢത്തിലെ പതിനൊന്നാം നാളായ ദേവശയനി ഏകാദശി അഥവാ ശയനൈക ഏകാദശിയിൽ ഭഗവാൻ ശ്രീ മഹാവിഷ്ണു ഉൾപ്പടെയുള്ള ദേവതകൾ നിദ്രയെ പ്രാപിക്കുന്നു എന്ന് വിശ്വസിക്കുന്ന. ക്ഷീരസാഗരത്തിൽ അനന്തശയ്യയിലാണ് ഭഗവാൻ യോഗനിദ്രയെ പൂകുന്നത്. കാർത്തിക മാസത്തിലെ പ്രബോധി ഏകാദശിയിൽ ഉറക്കമുണരും വരെയുള്ള കാലയളവിൽ ദേവതകളെ ഒന്നും ആരും ശല്യപ്പെടുത്തുവാൻ പാടില്ല. അതിനാൽ ഇക്കാലത്ത് മംഗളകർമ്മങ്ങൾ ഒഴിവാക്കണമെന്നാണ് പറയുന്നത്. പകരം രാമായണപാരായണം നടത്തിയും സപ്താഹങ്ങൾ ശ്രവിച്ചും ധ്യാനലീനരായും വ്രതമെടുത്തും തീർത്ഥസ്‌നാനം ചെയ്തും ദാനധർമ്മാദികൾ നടത്തിയും ഈശ്വരചര്യയിൽ മുഴുകി ശാരീരികവും ആത്മീയവുമായി ബലവും വർദ്ധിപ്പിക്കണം. പ്രകൃതി പിണങ്ങി നിൽക്കുന്ന മഴക്കാലത്തെ നേരിടുന്നതിനുള്ള ആചാരമായാണ് പൊതുവെ ഈ നിഷ്ഠകളെ കാണുന്നത്. വൈഷ്ണവ സമ്പ്രാദായക്കാരായ ഹിന്ദുക്കൾ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയും വഴുതനങ്ങ പോലെ കുരുവുള്ള ചില ഫലങ്ങളും ഈ കാലത്ത് ഭക്ഷിക്കില്ല.
സന്ന്യാസിമാരുടെ ചാതുർമാസ്യം ഇതിൽ നിന്നും ഭിന്നമാണ്. ആഷാഢത്തിലെ പൗർണ്ണമിയായ ഗുരു പൂർണ്ണിമയിൽ തുടങ്ങി 4 പക്ഷമാണ് സന്ന്യാസിമാർ ചാതുർമ്മാസ്യം ആചരിക്കുന്നത്. ആഷാഢത്തിലെ പൗർണ്ണമിയായ വ്യാസപൂർണ്ണിമയിൽ തീർത്ഥാടനം നിറുത്തി മന്ത്രജപവും സ്വകീയമായ അനുഷ്ഠാനങ്ങളും നടത്തി ഒരിടത്തുതങ്ങി സമൂഹനന്മയ്ക്ക് സത്സംഗവും പ്രഭാഷണങ്ങളും നടത്തും.
അറിവിന്റെ ദേവന്മാരായി കണക്കാക്കുന്നത് ദക്ഷിണാമൂർത്തി, വേദവ്യാസൻ എന്നിവരെയാണ് . പ്രപഞ്ചം മുഴുവൻ ഇവരെയാണ് ഗുരുനാഥൻമാരായി കണക്കാക്കുന്നത്. ഋഷീശ്വരനായ വേദവ്യാസൻ മഹാവിഷ്ണുവിന്റെ അംശമാണെന്ന് സങ്കല്പിക്കുന്നു. മഹർഷിമാരുടെ മുഴുവൻ പരമ്പര കണക്കാക്കി ചെന്നാൽ അത് അവസാനിക്കുക വേദവ്യാസനിലാണ്. വേദവ്യാസന്റെ അവതാരദിനമായ ആഷാഢത്തിലെ പൗർണ്ണമിയായ ഗുരുപൂർണ്ണിമ ഇത്തവണ 2024 ജൂലായ് 21 ഞായറാഴ്ചയാണ്. അന്നു മുതൽ സന്ന്യാസിമാരുടെ ചാതുർമ്മാസ്യ വ്രതം ആരംഭിക്കും. അവർക്ക് ഉപാസന ശക്തി വർദ്ധിപ്പിക്കാനും ജപത്തിനും ഏറ്റവും ഉത്തമമാണ് ചാതുർമ്മാസ്യവ്രതം.
ശ്രീരാമൻ ചാതുർമ്മാസ്യ വ്രതം അനുഷ്ഠിച്ചതായി രാമായണത്തിൽ പറയുന്നുണ്ട്. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ രാജാവായി വാഴിച്ച ശേഷമാണ് നാലുമാസം ശ്രീരാമൻ സീതാദേവിയെ തിരിച്ചു കിട്ടുന്നതിനു വേണ്ടി വ്രതമെടുത്ത് പ്രാർത്ഥനയോടെ കഴിഞ്ഞത്. അതിന്റെ കൂടി പുണ്യം കൊണ്ടാണ് സീതാദേവിയെ തിരിച്ചു കിട്ടിയതെന്നാണ് സങ്കല്പം. ചാതുർമ്മാസ്യവ്രതത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
ഈ സമയത്ത് വിഷ്ണുവിനെയോ ശിവനെയോ ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ദാനധർമ്മങ്ങൾ ചെയ്യുക. പുണ്യതീർത്ഥ സന്ദർശനം തുടങ്ങിയവ ഈ സമയത്ത് വളരെ നല്ലതാണ്. ഗുരുപൂർണ്ണിമ, ജന്മാഷ്ടമി, രക്ഷാബന്ധൻ, ഗണേശചതുർത്ഥി, ദുർഗ്ഗാപൂജ, വിജയദശമി, ദീപാവലി, ചമ്പാഷഷ്ഠി തുടങ്ങിയവയെല്ലാം ആഷാഢം മുതൽ കാർത്തിക വരെയുള്ള നാലു മാസ കാലത്താണ് വരുന്നത്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 944702 0655
Story Summary: Significance of Chathurmasya Vritham starting from Shayana Ekadashi and Gur Poornima on Ashada Powrnami
Copyright 2024 Neramonline.com. All rights reserved