Sunday, 8 Jun 2025
AstroG.in

ഇടവത്തിലെ പൗർണ്ണമി പൂജ ബുധനാഴ്ച; വിവാഹതടസം മാറ്റും ഐശ്വര്യം തരും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ഹരികൃഷ്ണൻ

ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമിവ്രതം വിവാഹതടസങ്ങൾ മാറുന്നതിന് വിശേഷാൽ നല്ലതാണ്. ഇത്തവണ ക്ഷേത്രങ്ങളിൽ ഇടവത്തിലെ പൗർണ്ണമിപൂജയും ഐശ്വര്യപൂജയും ജൂൺ 11 നും പൗർണ്ണമി അർച്ചന ജൂൺ 12 ന് രാവിലെയും നടക്കും.

എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് ഈ വ്രതാചരണം. പൗർണ്ണമി നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.

നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന്
ദേവീഭക്തർ വിശ്വസിക്കുന്നു. മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകല പാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല.

മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും
ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം, ദുർഗ്ഗാ സപ്തശ്ലോകി തുടങ്ങിയ സ്തുതികളും ലളിതസഹസ്രനാമവും ദേവീ മാഹാത്മ്യവും ദേവീ ഭാഗവതവും മറ്റും പാരായണം ചെയ്യുന്നത് ഉത്തമമാണ്. പൗർണ്ണമി വ്രതമെടുക്കുന്നവർ ജൂൺ 11 ന് അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ തലേന്ന് രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക്‌ നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.

പൗർണ്ണമി വ്രതഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.
ചിങ്ങം …….. ………. കുടുംബഐക്യം
കന്നി ………. ………… സമ്പത്ത് വർദ്ധന
തുലാം……… ……….. വ്യാധിനാശം
വൃശ്ചികം ….. …………. സത്കീർത്തി
ധനു … ……………. ആരോഗ്യ വർദ്ധന
കുംഭം …… …………. ദുരിതനാശം
മീനം ….. ………….. ശുഭചിന്ത വർദ്ധന
മേട ….. ………….. ധാന്യ വർദ്ധന
ഇടവം …… …………. വിവാഹതടസം മാറാൻ
മിഥുനം ……… ………. പുത്രഭാഗ്യത്തിന്
കർക്കടകം …. …………… ഐശ്വര്യവർദ്ധന

ദീർഘസുമംഗലി മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:

ദേവീ പ്രാർത്ഥനാമന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ഭദ്രകാളി സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….

ഉമാമഹേശ്വര സ്തോത്രം
ഇടവമാസത്തിലെ പൗർണ്ണമി ഉമാമഹേശ്വര പ്രധാനം ആയതിനാൽ ഈ ദിവസം ശിവ, ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും വ്രതം നോൽക്കുന്നതും അനുഗ്രഹദായകമാണ്. പാർവതീ പരമേശ്വരന്മാരെ ഒരുമിച്ചു ഭജിക്കാവുന്ന സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ഉമാമഹേശ്വര സ്തോത്രം. ഈ പൗർണ്ണമിക്ക് ശിവപാർവ്വതിമാരെ ഇത് ജപിച്ച് അല്ലെങ്കിൽ ശ്രവിച്ച് ഭജിച്ചാൽ സർവസൗഭാഗ്യങ്ങളും ദീർഘായുസ്സും മംഗളവും ഉണ്ടാകും എന്നാണു ഫലശ്രുതി. പൗർണ്ണമി സന്ധ്യയ്ക്കു നെയ് വിളക്ക് തെളിച്ച് അതിന് മുന്നിൽ ഇരുന്ന് ജപിക്കുന്നത് ഇരട്ടി ഫലപ്രദമാണ്. ഇതിനൊപ്പം ഏത് ദേവീ മന്ത്രവും സ്തോത്രവും അഷ്ടോത്തരവും ലളിതാ സഹസ്രനാമവും ജപിക്കാം. സ്വയംവരാർച്ചന, ഉമാ മഹേശ്വര പൂജ ഇവയാണ് ഈ ദിവസം നടത്താവുന്ന വഴിപാടുകളിൽ പ്രധാനം. മണക്കാട് ഗോപൻ ആലപിച്ച ഉമാമഹേശ്വര സ്തോത്രം കേൾക്കാം:

Story Summary: Significance of Edavam Month Powrnami Vritham

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!